മരിച്ചാല്‍ എന്റെ മൊബൈല്‍ ഫോണ്‍ തുറന്നു നോക്കണം, അതില്‍ എല്ലാമുണ്ട്; കോഴിക്കോട് മരിച്ച ലണ്ടന്‍ പൗരത്വമുള്ള പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ്

ലണ്ടന്‍ പൗരത്വമുള്ള മലയാളിയായ ഡോണിയ ബിനു സെബാസ്റ്റ്യന്‍ (18) എന്ന പെണ്‍കുട്ടിയെ ബന്ധുവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മരിച്ചാല്‍ തന്റെ മൊബൈല്‍ഫോണ്‍ തുറന്നുനോക്കണമെന്നും അതില്‍ എല്ലാമുണ്ടെന്നു കുറിപ്പ് എഴുതി വച്ചതിനു ശേഷമാണു ഡോണിയ തൂങ്ങി മരിച്ചത്.കോഴിക്കോട് മെഡിക്കല്‍ കോളജ് ഗ്രൗണ്ടിനു സമീപം കോതമ്പനാനി ഹൗസില്‍ പൂന്തുരുത്തിപറമ്പില്‍ ജോസ് സെബാസ്റ്റ്യന്റെ വീട്ടിലെ ഫാനിലാണ് പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ജോസിന്റെ അനുജനും ബ്‌ളാക്ക് ബേണിലെ ലാന്‍സഷയറില്‍ താമസക്കാരനുമായ ബിനു സെബാസ്റ്റ്യന്റെ മകളാണ് ഡോണിയ. ജോസിന്റെ മകള്‍ അമിതയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മൂന്നുമാസം മുമ്പെത്തിയ ഡോണിയ ഇന്നലെ പുലര്‍ച്ചെ 4.30ന് കരിപ്പൂരില്‍ നിന്നുള്ള വിമാനത്തില്‍ മടങ്ങാനിരിക്കയായിരുന്നു. മുകള്‍നിലയിലെ മുറിയില്‍ താമസിച്ചിരുന്ന ഡോണിയ മടക്കയാത്രയ്ക്കുള്ള സാധനങ്ങള്‍ പായ്ക്ക് ചെയ്ത് താഴത്തെത്തിച്ചിരുന്നു.
വിമാനത്താവളത്തിലേക്ക് പോകാനായി ടാക്‌സിയെത്തിയിട്ടും വരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ ആവര്‍ത്തിച്ചു വിളിച്ചപ്പോള്‍ വരുന്നെന്നു മറുപടി പറഞ്ഞ ഡോണിയയുടെ മുറിയില്‍ നിന്നു പിന്നീട് ശബ്ദം കേള്‍ക്കാതായതോടെ പരിശോധിച്ചപ്പോള്‍ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.
https://www.facebook.com/Malayalivartha





















