കൊച്ചിക്കാര്‍ക്ക് ഡിഎംആര്‍സി യുടെ ഓണ സമ്മാനം, ഇടപ്പള്ളി മേല്‍പ്പാലം അടുത്ത ആഴ്ച തുറക്കുന്നു

കൊച്ചിയെന്നു കേള്‍ക്കുമ്പോഴേ യാത്രക്കാര്‍ക്ക് മനസ്സില്‍ വരുന്നത് മണിക്കൂറുകളോളം റോഡില്‍ പെട്ട് കിടക്കേണ്ടി വരുന്ന നീണ്ട ബ്ലോക്കായിരിക്കും. ഇടപ്പളളി, പാലാരിവട്ടം, തുടങ്ങിയ സ്ഥലങ്ങളിലാണെങ്കില്‍ യാത്രക്കാര്‍ എത്ര മണിക്കൂര്‍ ബ്ലോക്കിലാകുമെന്ന കാര്യം പ്രവചനാതീതവുമാണ്. എന്നാല്‍ ഇടപ്പള്ളിയിലെ ബ്ലോക്കിന് പരിഹാരമായി നിര്‍മാണത്തിലിരുന്ന ഇടപ്പള്ളി മേല്‍പ്പാലം പണി പൂര്‍ത്തിയായി ഗതാഗതത്തിനു തുറന്നു കൊടുക്കാന്‍ തയ്യാറായതായി ഡിഎംആര്‍സി അറിയിച്ചു.
മുഖ്യമന്ത്രിയുടെ സൗകര്യം കണക്കിലെടുത്ത് അടുത്ത ആഴ്ച പാലം ഉദ്ഘാടനം ചെയ്യാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന ഇടപ്പള്ളി ജംക്ഷനിലെ തിരക്കിനു മേല്‍പാലം ആശ്വാസമാകും. ഇടപ്പള്ളി സെന്റ് ജോര്‍ജ് ദേവാലയത്തിനു സമീപം ആരംഭിച്ചു ടോളിനു സമീപം അവസാനിക്കുന്ന നാലുവരി മേല്‍പാലത്തിനു 480 മീറ്ററാണു നീളം. 35 മീറ്ററാണു വീതി. 85 കോടി രൂപ ചെലവിലാണു ഡിഎംആര്‍സി മേല്‍പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ടാറിങ് പൂര്‍ത്തിയായ പാലത്തിലെ െപയിന്റിങ് ഉള്‍പ്പെടെയുള്ള അവസാനവട്ട മിനുക്കുപണികള്‍ നടക്കുകയാണ്. അഞ്ചു ദിവസത്തിനുള്ളില്‍ ഇതു പൂര്‍ത്തിയാകും.
അതേസമയം പാലാരിവട്ടം മേല്‍പാലത്തിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടത്താന്‍ ആലോചിക്കുന്നുണ്ടെങ്കിലും പാലത്തിലെ സ്പാനുകള്‍ക്കിടയില്‍ പ്ലാസ്റ്ററിങ് ജോലി തീര്‍ന്നിട്ടില്ല. ഇടപ്പള്ളി മേല്‍പാലത്തിനു 480 മീറ്ററാണു നീളമെങ്കില്‍ പാലാരിവട്ടം മേല്‍പാലത്തിന് 750 മീറ്റര്‍ നീളമാണുള്ളത്. നാലുവരി മേല്‍പാലമാണു പാലാരിവട്ടത്തും വരുന്നത്.
ഇടപ്പള്ളി മേല്‍പാലം വന്നാലും ഒരു പരിധി വരെ മാത്രമേ ജംക്ഷനിലെ തിരക്കു കുറയ്ക്കാന്‍ കഴിയൂവെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. തിരക്കു പൂര്‍ണമായും പരിഹരിക്കണമെങ്കില്‍ ദേശീയ പാത 17നെയും ബൈപാസിനേയും ബന്ധിപ്പിച്ച് അടിപ്പാത കൂടി നിര്‍മിക്കണമെന്നു ഡിഎംആര്‍സി മുഖ്യഉപദേഷ്ടാവ് ഇ.ശ്രീധരന്‍ മുന്‍പു നിര്‍ദേശിച്ചിരുന്നു.
https://www.facebook.com/Malayalivartha