റിട്ട. അധ്യാപികയെ ഭര്‍ത്താവ് മണ്‍വെട്ടി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി

റിട്ട. അധ്യാപികയെ ഭര്‍ത്താവ് മണ്‍വെട്ടി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. വിളപ്പില്‍ശാല കുന്നുംപുറം എയ്ഞ്ചല്‍ നിവാസില്‍ ശോശാമ്മ(63)യാണു ഭര്‍ത്താവ് യേശുദാസി(68)ന്റെ അടിയേറ്റു മരിച്ചത്. സംഭവസ്ഥലത്തു നിന്നു യേശുദാസിനെ വിളപ്പില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെയാണു നാടിനെ നടുക്കിയ സംഭവമുണ്ടായത്. കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് കുറച്ചുകാലമായി ഇരുവരും വേര്‍പിരിഞ്ഞാണു കഴിഞ്ഞിരുന്നത്. യേശുദാസ് കുന്നുംപുറത്തെ വീട്ടിലും ശോശാമ്മ കൊട്ടാരക്കരയിലുള്ള സഹോദരനൊപ്പവുമായിരുന്നു താമസം.
കുന്നുംപുറത്തെ വീടിനെച്ചൊല്ലി തര്‍ക്കം നിലനിന്നിരുന്നതിനാല്‍ ഇരുവര്‍ക്കും തുല്യമായി വീതിച്ചുനല്‍കാന്‍ കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ഇതേത്തുടര്‍ന്ന് കോടതി നിയോഗിച്ച അഭിഭാഷകരും വിളപ്പില്‍ പൊലീസും ഇന്നലെ ദമ്പതികളുടെ സാന്നിധ്യത്തില്‍ വീട് തുല്യമായി അളന്നു തിട്ടപ്പെടുത്തി. ശോശാമ്മ തനിക്കു കിട്ടിയ വീടിന്റെ നേര്‍പകുതി മതില്‍കെട്ടി തിരിക്കുന്നതിനു ജോലിക്കാരെയും നിര്‍ത്തിയിരുന്നു.
കൃത്യനിര്‍വഹണത്തിനുശേഷം, പൊലീസും അഭിഭാഷകരും മടങ്ങിയ ശേഷം ശോശാമ്മയും യേശുദാസും തമ്മില്‍ വാക്കേറ്റമുണ്ടായി. ജോലിക്കാര്‍ ഊണുകഴിക്കാന്‍ പോയ സമയത്ത് യേശുദാസ് പണിസ്ഥത്തു കിടന്ന മണ്‍വെട്ടിയെടുത്തു ശോശാമ്മയെ തല്ക്കടിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. അടിയേറ്റ ശോശാമ്മയുടെ തല രണ്ടായി പിളര്‍ന്നു. നിലവിളി കേട്ടു സമീപത്തെ വ്യാപാരികളും അയല്‍ക്കാരും ഓടിയെത്തിയപ്പോള്‍ നിലത്തുകിടന്നു പിടയുന്ന ശോശാമ്മയെയാണു കണ്ടത്. യേശുദാസ് അപ്പോഴും വീട്ടില്‍ തന്നെയുണ്ടായിരുന്നു.
പത്തുവര്‍ഷം മുന്‍പും ഇതേ രീതിയില്‍ യേശുദാസ് ശോശാമ്മയെ തലയ്ക്കടിച്ചു കൊല്ലാന്‍ ശ്രമിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. സ്ഥലത്തെത്തിയ വിളപ്പില്‍ശാല പൊലീസ് ശോശാമ്മയെ ജീപ്പില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മക്കള്‍: ജോസ്, എയ്ഞ്ചല്‍. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. നെടുമങ്ങാട് ഡിവൈഎസ്പി: ഇ.എസ്.ബിജുമോന്റെ നേതൃത്വത്തില്‍ മലയിന്‍കീഴ് സിഐ: ജയകുമാര്‍, കാട്ടാക്കട സിഐ: അനുരൂപ്, വിളപ്പില്‍ശാല എസ്‌ഐ ബൈജുകുമാര്‍, വിരലടയാള വിദഗ്ധര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
https://www.facebook.com/Malayalivartha