ചിറ്റപ്പനെ രക്ഷിക്കാന്‍ ഒരു ചെറുകുട്ടിക്കും കഴിയുന്നില്ല... ജയരാജനെതിരെ ക്വിക്ക് വെരിഫിക്കേഷന്‍ നടത്താനുള്ള തയ്യാറെടുപ്പില്‍ വിജിലന്‍സ്; മന്ത്രിസഭയിലെ ആദ്യ രാജിയുടെ മണി മുഴങ്ങുന്നു

ബന്ധുനിയമന പ്രശ്‌നത്തില്‍ മന്ത്രി ഇ.പി.ജയരാജന്‍ ഊരാക്കുടുക്കിലേക്ക്. ജയരാജനെതിരെ വിജിലന്‍സ് ക്വിക്ക് വെരിഫിക്കേഷന്‍ നടത്തുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. ഈ സാഹചര്യത്തില്‍ ജയരാജന് രാജി വയ്‌ക്കേണ്ടത് അനിവാര്യതയായി മാറും. ക്വിക്ക് വെരിഫിക്കേഷന് ഉത്തരവിട്ടാല്‍ മാറി നില്‍ക്കേണ്ടി വരുമെന്ന് ജയരാജന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ സൂചന നല്‍കിയിട്ടുണ്ട്.
പാര്‍ട്ടി തലത്തിലും അച്ചടക്ക നടപടിയുണ്ടായേക്കും. സ്വജനപക്ഷപാതം പിണറായി സര്‍ക്കാരില്‍ അനുവദിക്കില്ലെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്. ജയരാജന്റെ രാജിക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഉറച്ച നിലപാടിലാണ്. ക്വിക്ക് വെരിഫിക്കേഷന്‍ പ്രഖ്യാപിച്ചാല്‍ ജയരാജന്‍ മന്ത്രിയായി തുടരുന്നതിലെ ധാര്‍മികതയും ചോദ്യംചെയ്യപ്പെടും. വിജിലന്‍സ് അന്വേഷണം നേരിട്ടഘട്ടത്തില്‍ കെ.ബാബുവിന്റെയും കെ.എം. മാണിയുടേയും രാജി ആവശ്യപ്പെട്ടത് പ്രധാനമായും സിപിഐ(എം). നേതാക്കളായിരുന്നു.
ജയരാജനെതിരെ അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 13(1) ഡി, 15 എന്നിവ പ്രകാരം അന്വേഷണം അനിവാര്യമെന്നു വിജിലന്‍സ് നിയമോപദേഷ്ടാവിന്റെ നിലപാട്. ജയരാജന്റെ ബന്ധുവും പി.കെ.ശ്രീമതി എംപിയുടെ മകനുമായ പി.കെ.സുധീര്‍ നമ്പ്യാര്‍ക്കു മാനദണ്ഡവും യോഗ്യതയും മറികടന്നു നിയമനം നല്‍കിയെന്ന പരാതിയിലാണ് ഈ വകുപ്പുകള്‍ ബാധകമാവുക. വിജിലന്‍സ് നിയമോപദേഷ്ടാവ് സി.സി.അഗസ്റ്റിന്‍ നല്‍കിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാന്‍ വിജിലന്‍സ് ആസ്ഥാനത്തു രാവിലെ യോഗം ചേരും. ഡയറക്ടര്‍ ആവശ്യപ്പെട്ട പ്രകാരമാണു നിയമോപദേശം നല്‍കിയത്. പൊതു പ്രവര്‍ത്തകന്‍ എന്ന പദവി ദുരുപയോഗം ചെയ്തു സ്വയമോ മറ്റുള്ളവര്‍ക്കോ അന്യായമായി സഹായം ചെയ്യുക, സര്‍ക്കാരിന് നഷ്ടമുണ്ടാക്കുക, ഇതിനുള്ള ശ്രമം നടത്തുക എന്നതാണ് അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 13(1) ഡി, 15 എന്നിവയുടെ ഉള്ളടക്കം.
സുധീറിനു കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍െ്രെപസസ് എംഡിയായി നിയമിക്കപ്പെടാന്‍ മതിയായ യോഗ്യതയുണ്ടോ, നിയമനം ചട്ടപ്രകാരമായിരുന്നോ എന്ന കാര്യങ്ങള്‍ പരിശോധിക്കേണ്ടി വരും. യോഗ്യതയില്ലെങ്കില്‍ എങ്ങനെ സര്‍ക്കാര്‍ ഉത്തരവിറങ്ങി, അതു റദ്ദാക്കാനുണ്ടായ സാഹചര്യം എന്നിവയും അന്വേഷിക്കേണ്ടതുണ്ട്. സംസ്ഥാനത്തിനു പുറത്തുള്ള വിജിലന്‍സ് ഡയറക്ടര്‍ ഇന്നു രാവിലെ എത്തും. പരാതിയില്‍ അന്വേഷണം നിര്‍ബന്ധമാണെന്ന ലളിതകുമാരി കേസിലെ സുപ്രീം കോടതി വിധി ഇതിലും ബാധകമാണെന്ന് വിജിലന്‍സ് തിരിച്ചറിയുന്നു. ഈ സാഹചര്യത്തില്‍ ക്വിക്ക് വെരിഫിക്കേഷനിലേക്ക് വിജിലന്‍സ് കടക്കും. മറ്റാരെങ്കിലും കോടതിയില്‍ പോയാല്‍ സമാന ഉത്തരവ് ലഭിക്കാന്‍ ഇടയുണ്ട്. ഈ പശ്ചാത്തലത്തിലാണ് പ്രാഥമിക അന്വേഷണത്തിന് വിജിലന്‍സ് തീരുമാനിക്കുന്നത്. അങ്ങനെ വന്നാല്‍ പോലും ജയരാജന്റെ മൊഴി രേഖപ്പെടുത്തേണ്ടി വരും. ഈ സാഹചര്യത്തിലാണ് ജയരാജനെ മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കാന്‍ സിപിഎമ്മില്‍ ചര്‍ച്ച സജീവമാകുന്നത്.
ജയരാജന്റെ ഭാവി തീരുമാനിക്കുന്ന സിപിഐ(എം). സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വെള്ളിയാഴ്ച ചേരുന്നുണ്ട്. ഇതിന്റെ മുന്നോടിയായുള്ള അനൗദ്യോഗിക ചര്‍ച്ചകളും വ്യാഴാഴ്ചയുണ്ടായേക്കും.ബുധനാഴ്ച മണിക്കൂറുകള്‍ നീണ്ട കൂടിയാലോചനകളാണ് എ.കെ.ജി. സെന്ററില്‍ നടന്നത്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അഭാവത്തില്‍ തീരുമാനങ്ങളൊന്നും ഉണ്ടായില്ല. വിഷയത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കര്‍ശന തിരുത്തല്‍ വേണമെന്നാണ് നേതൃത്വത്തിന്റെ നിലപാട്. കേരള ക്ലേ ആന്‍ഡ് സെറാമിക്‌സിന്റെ ജനറല്‍ മാനേജരായി ചുമതലയേറ്റ ജയരാജന്റെ സഹോദരന്റെ മകന്റെ ഭാര്യ ദീപ്തി രാജിവച്ചത് ഈ സാഹചര്യത്തിലാണ്. അതിനിടെ മന്ത്രിമാരുടെയും നേതാക്കളുടെയും ബന്ധുക്കളെ സര്‍ക്കാര്‍ അഭിഭാഷകരായി നിയമിച്ചതിനെതിരെ കേന്ദ്ര കമ്മിറ്റി അംഗം എം.സി. ജോസഫൈനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കത്ത് നല്‍കിയിട്ടുണ്ട്.
ബന്ധുത്വ വിവാദത്തില്‍ സിപിഐ(എം) കേന്ദ്രകമ്മിറ്റി അംഗമായ പി.കെ.ശ്രീമതി എംപിക്കെതിരെ അന്വേഷണം നടത്തേണ്ടതുണ്ടോയെന്നും വിജിലന്‍സ് നിയമോപദേശം തേടിയിട്ടുണ്ട്. ശ്രീമതി പാര്‍ലമെന്റ് അംഗമായതിനാല്‍ അഴിമതി നിരോധന നിയമത്തിലെ രണ്ടാം വകുപ്പ് പൊതുജനസേവകര്‍ക്കു നല്‍കുന്ന നിര്‍വചനത്തിന്റെ പരിധിയില്‍ വരുന്നു. പൊതു ജനസേവകയുടെ മകനു നല്‍കിയ നിയമനമാണ് ആരോപണവിധേയമായിരിക്കുന്നത്. അതിനാലാണു ശ്രീമതിക്കെതിരെയും അന്വേഷണം നടത്തുന്നതു സംബന്ധിച്ച് അഭിപ്രായം ആരാഞ്ഞിരിക്കുന്നത്.
https://www.facebook.com/Malayalivartha