അറിഞ്ഞോ വാനില വിശേഷം: വാനില ഉണക്കബീന്‍സിന് 11000 വില; നേട്ടമില്ലാതെ കര്‍ഷകര്‍

പതിറ്റാണ്ടുകള്‍ നീണ്ട ഇടവേളയ്ക്കുശേഷം വാനില ഉണക്ക ബീന്‍സിന് കിലോഗ്രാമിന് 11000 രൂപ കടന്നെങ്കിലും നേട്ടം കൊയ്യാനാവാതെ കര്‍ഷകര്‍. 2015 നവംബര്‍ മുതല്‍ കിലോഗ്രാമിന് 6000 രൂപ എന്ന നിരക്കില്‍ ക്രമേണ ഉയര്‍ന്ന വിലയാണ് ഒരു കിലോഗ്രാം പച്ച വാനില ബീന്‍സിനു കുറഞ്ഞത് രണ്ടായിരം രൂപയായും ഉണക്ക ബീന്‍സിന് 11,000 രൂപയിലേക്ക് ഉയര്‍ന്നത്. പക്ഷെ സംസ്ഥാനത്ത് അട്ടപ്പാടി മേഖലയില്‍ ചുരുക്കം ചില കര്‍ഷകരുടെ പക്കല്‍ മാത്രമാണ് വാനിലയുടെ ഉണക്കബീന്‍സ് ശേഷിക്കുന്നത്.
ഒന്നര പതിറ്റാണ്ടു മുമ്പായിരുന്നു സംസ്ഥാനത്ത് വാനില കൃഷി വ്യാപിച്ചത്. 2000ല്‍ മൂപ്പെത്തിയ വാനില ബീന്‍സിന് കിലോയ്ക്ക് മൂവായിരത്തിലധികം രൂപാ വില എത്തിയത് കൃഷിക്ക് ആവേശമായി, വാനിലയുടെ തണ്ടിന് നൂറുരൂപയിലധികം വില നല്‍കി പലരും കൃഷിയിറക്കി. എന്നാല്‍ കൃഷി വ്യാപിച്ചതോടെ വാനില വില കുത്തനെ ഇടിഞ്ഞു. പലര്‍ക്കും ബീന്‍സ് വില്‍ക്കാന്‍ പോലും കഴിഞ്ഞില്ല. പരിചരണത്തിനൊപ്പം പരാഗണത്തിനായി ദിവസേന മണിക്കൂറുകള്‍ ചെലവഴിക്കണം. ഇതിന്റെ കൂലിപോലും കിട്ടാതെ വന്നതോടെ കര്‍ഷകര്‍ വാനില ഉപേക്ഷിച്ചു. 2001 ലും 2002 ലും പച്ച ബീന്‍സിന്റെ വില 900 മുതല്‍ 1100 രൂപാ വരെയായിരുന്നു. ഇതിനിടെ 2003ല്‍ സംസ്‌ക്കരിച്ച വാനിലയ്ക്ക് 33,000 രൂപയും പച്ച ബീന്‍സിന് 3500 രൂപയും വില ലഭിച്ചു. വില കുതിച്ചുയര്‍ന്നതോടെ സ്വകാര്യ വ്യക്തികളും കുടുംബശ്രീ യൂണിറ്റുകളും സജീവമായി വാനില കൃഷിയിലേക്ക് നീങ്ങി. വൈദ്യുതി വേലി കെട്ടിയും ഗൂര്‍ഖകളെയും നായ്ക്കളെയും കാവല്‍ നിര്‍ത്തിയും സജീവമായ വാനില സംരക്ഷണവും വാര്‍ത്തയായി. 2005 ലാകട്ടെ 250 രൂപയിലേക്ക്് പച്ച ബീന്‍സ് വില താഴ്ന്നു. ഇത് 2008 ആയപ്പോള്‍ 50 രൂപയായി കുത്തനെ ഇടിഞ്ഞു.കുങ്കുമപ്പൂവിനൊപ്പം വിലയുണ്ടായിരുന്ന സുഗന്ധദ്രവ്യമായ വാനില വിലയിടിവിനെ തുടര്‍ന്ന് വാനില വേണ്ടാച്ചരക്കായി. സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയാണ് വാനിലയുടെ വിളവെടുപ്പ് കാലം.
ഇപ്പോള്‍ വില ക്രമേണ ഉയരുന്നത് അടിസ്ഥാനമായി വാനില വള്ളിയുടെ വില മീറ്ററിന് 40 രൂപയോളം ഉയര്‍ന്നു. എന്നാല്‍ ഫംഗസ് ബാധ പുതുകൃഷിക്ക് തിരിച്ചടിയാവുകയാണ്. ഉള്ളതെല്ലാം വെട്ടിവിറ്റ് വാനിലയുടെ പിന്നാലെ നടന്നപ്പോള്‍ ആര്‍ക്കും വേണ്ടായിരുന്നു. ഇപ്പോള്‍ മഷിയിട്ടുനോക്കിയാല്‍ വാനിലക്കാരെ കാണാനുമില്ല. ഇതിന്റെ പകുതിയുടെ പകുതി വിലയെങ്കിലും ആ റബ്ബറിന് കിട്ടിയാല്‍ പാവം കര്‍ഷകര്‍ കഞ്ഞികുടിച്ചേനെ.
https://www.facebook.com/Malayalivartha

























