സോളാര്‍ തട്ടിപ്പിലെ ആദ്യ കേസില്‍ സരിത എസ് നായര്‍ക്കും ബിജു രാധാകൃഷ്ണനും മൂന്ന് കൊല്ലം തടവും 10,000 രൂപ പിഴയും: ശാലു മെനോനെ വെറുതെ വിട്ടു

സോളാറില്‍ സരിതക്ക് ആദ്യ കുടുക്ക്. ശാലുവിന് രക്ഷ. സോളാര്‍ തട്ടിപ്പു കേസില്‍ സരിതാ എസ് നായര്‍ക്കും ബിജു രാധാകൃഷ്ണനും മൂന്ന് കൊല്ലം തടവും പതിനായിരം രൂപ പിഴയും. കേസിലെ ഒന്നും രണ്ടും പ്രതികളായ സരിത എസ് നായരും ബിജു രാധാകൃഷ്ണനും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി നടി ശാലു മേനോനെ വെറുതെ വിട്ടു. വഞ്ചനാ കുറ്റത്തിനാണ് പ്രതികളെ ശിക്ഷിച്ചത്. സോളാറുമായി ബന്ധപ്പെട്ട് ആദ്യം രജിസ്റ്റര്‍ ചെയ്ത കേസാണിത്.
സോളാര്‍ പാനല്‍ സ്ഥാപിച്ചുനല്‍കാമെന്ന് പറഞ്ഞ് പെരുമ്പാവൂര്‍ മുടിക്കല്‍ സ്വദേശി സജാദ് എന്നയാളില്‍ നിന്നും 42 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് കോടതി വിധി. ഈ കേസിലാണ് സരിത ആദ്യം അറസ്റ്റിലായത്. സോളാര്‍ കേസുമായി ബന്ധപ്പെട്ട ആദ്യ കേസാണിത്. ഇതിന് ശേഷമാണ് സോളാര്‍ തട്ടിപ്പിലെ പല പരാതികള്‍ ഉയര്‍ന്നു വന്നത്. ഇതില്‍ ഒരു കേസില്‍ പത്തനംതിട്ട കോടതി സരിതയേയും ബിജു രാധാകൃഷ്ണനേയും കുറ്റക്കാരെന്ന് വിധിച്ചിരുന്നു. തടവ് ശിക്ഷയും വിധിച്ചു. ഈ കേസില്‍ സരിത ജാമ്യത്തിലാണ്. അതിനിടെയാണ് മറ്റൊരു കേസില്‍ വിധി വരുന്നത്.
പെരുമ്പാവൂരിലെ അഞ്ച് പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. ബിജു രാധാകൃഷ്ണനും സരിതയ്ക്കും പുറമേ ശാലു മേനോന്‍ കേസില്‍ മൂന്നാം പ്രതിയായിരുന്നു. ശാലുവിന്റെ അമ്മ കലാ ദേവുയും ടീം സോളാറിലെ ജീവനക്കാരനുമായി മണി മോനുമായിരുന്നു പ്രതികള്‍. ഇതില്‍ അവസാന മൂന്ന് പേരേയും കോടതി വെറുതെ വിട്ടു. ഇവര്‍ക്കെതിരെ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് കോടതി കുറ്റവിമുക്തരാക്കിയത്. സജാദ് നല്‍കിയ പരാതിയിലാണ് പെരുമ്പാവൂര്‍ പൊലീസ് സരിതയെ ആദ്യം അറസ്റ്റ് ചെയ്തത്. ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ എം.ഡിയും സരിതയുടെ കൂട്ടാളിയുമായ ബിജു രാധാകൃഷ്ണന്‍ എന്ന ആര്‍.ബി. നായരുമായാണ് താന്‍ സാമ്പത്തിക നടപടികള്‍ നടത്തിയിരുന്നതെന്ന് തട്ടിപ്പിനിരയായ സജാദ് പറഞ്ഞിരുന്നു.
മന്ത്രി തലത്തിലുള്ള ബന്ധവും മുഖ്യമന്ത്രിയുടെ ശുപാര്‍ശക്കത്തും ഉത്തമവിശ്വാസത്തില്‍ എടുത്തുകാണിച്ചാണ് തട്ടിപ്പ് നടത്തിയെന്നായിരുന്നു സജാദ് പറഞ്ഞിരുന്നത്. എമര്‍ജിങ് കേരള പദ്ധതിയുമായി സഹകരിക്കണമെന്നതായിരുന്നു മുഖ്യമന്ത്രിയുടെ കത്തിലുണ്ടായിരുന്നത്. ഈ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടന്നുവെങ്കിലും ഒടുവില്‍ സരിതയെ അറസ്റ്റ് ചെയ്യേണ്ടി വന്നു.
തിരുവനന്തപുരത്തുള്ള വാടക വീട്ടില്‍ നിന്ന് പെരുമ്പാവൂര്‍ ഡിവൈ.എസ്പി കെ ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ജൂണ്‍ മൂന്നിന് സരിതയെ അറസ്റ്റ് ചെയ്തതോടെയാണ് സോളാര്‍ കേസിന്റെ തുടക്കം. സരിതയുടെ പങ്കാളിയും മുഖ്യ സൂത്രധാരനുമായ ബിജു പിന്നീട് പിടിയിലായി. ബിജു താനുമായി പിണങ്ങിയിരുന്നുവെന്നും പണം മുഴുവന്‍ ഒരു ചലച്ചിത്രനടിക്കാണ് നല്‍കിയിരുന്നതെന്നും മൊഴി നല്‍കിയതോടെ ശാലു മേനോനും കേസില്‍ കുടുങ്ങി.
ശാലുവിന്റെ അമ്മയും കേസില്‍ പ്രതിയായി. ബിജു രാധാകൃഷ്ണനെ രക്ഷിക്കാന്‍ ശ്രമിച്ചെന്ന ആരോപണവും ശാലുവിനെതിരെ ഉയര്‍ന്നു. പെരുമ്പാവൂര്‍ കേസോടെയാണ് സരിതയുടെ ഉന്നതതല ബന്ധവും മറ്റും പുറത്തായത്. ഈ കേസില്‍ സീരിയല്‍ രംഗത്ത് സജീവമായിരുന്ന ശാലു മേനോനേയും പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസിന് പുതിയ തലം വരികയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് സോളാര്‍ കമ്മീഷന് മുമ്പിലും വാദങ്ങളും മൊഴികളുമെത്തി. സരിതയെ സഹായിക്കാന്‍ പൊലീസിലെ ഉന്നതര്‍ ശ്രമിച്ചെന്നതായിരുന്നു അത്. സരിതയെ അറസ്റ്റ് ചെയ്യുമ്പോള്‍ ഒരു സാധാരണ വഞ്ചനക്കേസ് എന്നതിനപ്പുറമുള്ള മാനം ഈ കേസിനുണ്ടായിരുന്നില്ലെന്ന് മുന്‍ പെരുമ്പാവൂര്‍ ഡിവൈ.എസ്പി. കെ. ഹരികൃഷ്ണന്‍ സോളര്‍ കമ്മിഷനില്‍ മൊഴി നല്‍കിയതും വാര്‍ത്തകളിലെത്തി.
https://www.facebook.com/Malayalivartha