പ്രബലന്‍മാര്‍ കൊമ്പുകോര്‍ക്കുന്നു;പൊറുതിമുട്ടി സി പി എം കടകംപള്ളി വിവാദത്തിനു പിന്നിലും ഗ്രൂപ്പ് യുദ്ധം

സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനും മുന്‍ എം എല്‍ എ വി ശിവന്‍കുട്ടിയും തമ്മിലു ള്ള ഗ്രൂപ്പ് പോരിലാണ് തിരുവനന്തപുരത്തെ സി പി എം ഗതികെടുന്നത്. കടകംപള്ളി സഹകരണ ബാങ്ക് വിവാദത്തിലും കടകംപള്ളിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കും പിന്നില്‍ ശിവന്‍കുട്ടിയാണെന്ന ആരോപണം കടകംപള്ളിയുടെ ക്യാമ്പ് രഹസ്യമായെങ്കിലും ഉയര്‍ത്തുന്നുണ്ട്.
കടകംപള്ളിക്ക് 10 കോടിയുടെ കള്ള പണ നിക്ഷേപം ബാങ്കിലുണ്ടായിരുന്നു എന്നാണ് ആരോപണം. പൂര്‍ണ്ണമായും സി പി എം ഭരണത്തിലുള്ള ബാങ്കില്‍ നിന്നും ഇത്തരമൊരു വിവരം എങ്ങനെ ചോര്‍ന്നു എന്നാണ് കടകംപള്ളി ക്യാമ്പിന്റെ സംശയം. പ്രസ്തുത സംശയം സി പി എം നേതാക്കളിലേക്കും കടകംപള്ളി ക്യാമ്പ് വ്യാപിപ്പിക്കുന്നു
ശിവന്‍കുട്ടി നേമം സീറ്റില്‍ നിന്നും ജയിച്ചിരുന്നെങ്കില്‍ അദ്ദേഹം മന്ത്രിയാകുമായിരുന്നു. അദ്ദേഹം ജയിക്കരുതെന്ന വാശി തിരുവനന്തപുരത്തെ ചില സി പി എം നേതാക്കള്‍ക്ക് ഉണ്ടായിരുന്നു എന്നാണ് ശിവന്‍കുട്ടിയുടെ ക്യാമ്പ് പറയുന്നത്. കഴക്കൂട്ടം മണ്ഡലത്തില്‍ മത്സരിച്ച ബി ജെ പി നേതാവ് വി.മുരളീധരന്റെ വോട്ടുകള്‍ കടകംപള്ളിക്ക് മറിച്ചതായും പകരം നേമത്ത് മത്സരിച്ച ശിവന്‍കുട്ടിയുടെ വോട്ടുകള്‍ രാജഗോപാലിന് മറിച്ചതായും ആരോപണമുണ്ട്.ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് സി പി എം തന്നെയാണെന്ന സംശയം ശിവന്‍കുട്ടി നേരത്തെ തന്നെ ഉന്നയിച്ചിരുന്നു.
നേമത്ത് സി പി എം വോട്ടുകള്‍ പ്രതീക്ഷിച്ചതു പോലെ പോള്‍ ചെയ്തില്ല. പൊന്നുമംഗലം നഗരസഭാ വാര്‍ഡില്‍ സി പി എം സ്ഥാനാര്‍ത്ഥി ഭൂരിപക്ഷം നേടിയപ്പോള്‍ ശിവന്‍കുട്ടി പിന്നില്‍ പോയി. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയുടെ കാലത്തുപോലും താന്‍ കണ്ണിലെണ്ണ ഒഴിച്ച് കാത്ത മണ്ഡലമാണ് നേമമെന്ന് ശിവന്‍കുട്ടി പറയുന്നു. തനിക്കു നേരേ നേമത്ത് നടന്നതു അട്ടിമറിയാണെന്നും ശിവന്‍കുട്ടി ക്യാമ്പ് ആരോപിക്കുന്നു.
നിയമസഭാ തെരഞ്ഞടുപ്പില്‍ തോറ്റ ശിവന്‍കുട്ടിക്ക് പാര്‍ട്ടി ഒരു സ്ഥാനവും നല്‍കിയില്ല. എം.വിജയകുമാറിന് കെ.റ്റി.ഡി.സി.ചെയര്‍മാന്‍ സ്ഥാനം നല്‍കി.അതേ സമയം ശിവന്‍കുട്ടിയുടെ ഭാര്യക്ക് പി. എസ് സി അംഗത്വം നല്‍കി. പാര്‍വതി മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനായിരുന്ന പി.ഗോവിന്ദപിള്ളയുടെ മകളാണ്.ശിവന്‍കുട്ടിയുടെ ഭാര്യ എന്ന നിലയില്‍ നല്‍കിയ സ്ഥാനമാണെന്ന് ഇതിനെ കരുതുക വയ്യ.
ശിവന്‍കുട്ടി ആകെ അമര്‍ഷത്തിലാണ്. ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്ത് താന്‍ പാര്‍ട്ടിക്കുവേണ്ടി നടത്തിയ സമരങ്ങളോടു പോലും പാര്‍ട്ടി നീതി പുലര്‍ത്തിയില്ലെന്ന അമര്‍ഷം ശിവന്‍കുട്ടിക്കുണ്ട്.
കടകംപള്ളി ബാങ്ക് വിഷയത്തില്‍ കടകംപള്ളിയെ പ്രതിസന്ധിയിലാക്കുന്ന തരത്തിലാണ് സി പി എമ്മിലെ ഒരു ഗ്രൂപ്പിന്റെ നീക്കം. അതിനിടെയാണ് ബാങ്ക് മാനേജരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏതായാലും തിരുവനന്തപുരത്തെ പാര്‍ട്ടി ഒരു പൊട്ടിതത്തറിയുടെ വക്കിലാണ്
https://www.facebook.com/Malayalivartha