തലയ്ക്കല്‍ മദ്യകുപ്പി; മദ്യപന്‍ ഗതാഗത തടസ്സം സൃഷ്ടിച്ചത് മണിക്കൂറുകള്‍

കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡ് കവാടത്തില്‍ മദ്യപന്‍ മയങ്ങിക്കിടന്നതുമൂലം ഗതാഗതം മണിക്കുറുകള്‍ തടസപ്പെട്ടു. വ്യാപാരികളും, യാത്രക്കാരും ചേര്‍ന്ന് മദ്യപനെ ബസ്സ്റ്റാന്‍ഡ് കവാടത്തില്‍ നിന്നും പല തവണ മാറ്റി കിടത്തിയെങ്കിലും പിന്നെയും ഗതാഗതത്തിന് തടസം സൃഷ്ടിച്ചേ പറ്റൂവെന്ന രീതിയില്‍ കിടപ്പിലായതോടെ ജനം സഹികെട്ടു. വിവസ്ത്രനായി തലയ്ക്കല്‍ മദ്യകുപ്പിയും, വെള്ളക്കുപ്പിയും വെച്ച് ലക്കില്ലാതെ അസഭ്യ വര്‍ഷം ചൊരിഞ്ഞതിനാല്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള കാല്‍നടക്കാര്‍ അതുവഴി കടന്നുപോകാനാവാതെ ഭയപ്പെട്ട് മാറി നിന്നു. സഹികെട്ട ചിലര്‍ ചെറിയ രീതിയില്‍ തല്ലു കൊടുത്തിട്ടും പോലീസ് എത്താതെ മാറില്ലെന്ന നിര്‍ബന്ധത്തിലായിരുന്നു കിടപ്പ്.
ഇതു മൂലം എറെ വൈകിയാണ് ബസുകള്‍ ഓടിയത്. പോലീസ് എത്തി നാട്ടുകാരുടെ സഹായത്തോടെ മദ്യപനെ മറ്റൊരു കടയുടെ മുന്‍പിലേക്കു മാറ്റിക്കിടത്തി ഗതാഗതതടസം നീക്കി. നാടെങ്ങും ബാറാക്കുകയാണ് മദ്യപാനികള്‍. ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്നു വാങ്ങുന്ന മദ്യവുമായി ഒഴിഞ്ഞ പുരയിടങ്ങളും വീടുകളും കയ്യേറുകയാണ്.
വെള്ളം, തൊട്ടുകൂട്ടാനുള്ള സാധനങ്ങള്‍, ഗ്ലാസ് എന്നിവയുമായാണ് ഇവര്‍ സ്ഥലങ്ങള്‍ കൈയേറുന്നത്. ലഹരിയുടെ വീര്യം കൂട്ടാന്‍ നിരോധിത പാന്‍മസാലയും ഇവര്‍ കരുതുന്നു. നഗരത്തില്‍ ബൈപ്പാസ് റോഡിന്റ വശങ്ങള്‍ , മാര്‍ക്കറ്റ് റോഡിലെ പോലീസ് സ്‌റ്റേഷനു സമീപമുള്ള ഒരു കേന്ദ്രം, ടിബി റോഡ് എന്നിവിടങ്ങളില്‍ അനധികൃത മദ്യപാനം നടക്കുന്നുണ്ട്, തൃക്കൊടിത്താനം, പായിപ്പാട്, മാടപ്പള്ളി പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളും പരസ്യമദ്യപാനവും ചീട്ടുകളിയും നടത്തുന്നവര്‍ താവളമാക്കി. ഇവര്‍ സ്ത്രീകളെ ശല്യം ചെയ്യുന്നതും പതിവാകുന്നു.
തൃക്കൊടിത്താനം പഞ്ചായത്തില്‍പ്പെട്ട കോലേട്ടുപടി, ചാഞ്ഞോടി, മണിമുറി, ചെപുംപുറം എന്നിവിടങ്ങളിലും പായിപ്പാട് കൊല്ലാപുരം ഭാഗത്തും പുരയിടങ്ങളില്‍ പരസ്യമദ്യപാനം പതിവാണ്. ജനവാസകേന്ദ്രം എന്നത് വകവയ്ക്കാതെയാണ് മദ്യപാനം. ആളൊഴിഞ്ഞ വീടുകളില്‍ മദ്യപാനം നടത്തുന്നവര്‍ വീടുകളിലെ പൈപ്പുകളും മറ്റും മോഷ്ടിക്കുന്നതും പതിവാണ്. കഴിഞ്ഞദിവസം രാത്രി 10.30ന് ശേഷം ടി.ബിറോഡിലെ കടത്തിണ്ണയിലിരുന്ന മദ്യപിച്ചിരുന്നവരെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബിജു വര്‍ഗീസിന്റെ നേത്യത്വത്തില്‍ ഓടിച്ചിട്ട് പിടിച്ചിരുന്നു.
https://www.facebook.com/Malayalivartha