കേരള പൊലീസിന് പുതിയ വെബ്‌പോര്‍ട്ടല്‍: എഫ്.ഐ.ആറിന്റെ പകര്‍പ്പ് എടുക്കാം, പരാതിയുടെ വിശദാംശങ്ങള്‍ അറിയാം

കേരള പൊലീസിന്റെ സംസ്ഥാനതല വെബ്‌സൈറ്റും ജില്ലാതല വെബ്‌സൈറ്റുകളും ഉള്‍പ്പെടുത്തികൊണ്ട് പരിഷ്‌കരിച്ച വെബ്‌പോര്‍ട്ടല്‍ www.keralapolice.gov.in നിലവില്‍. ഓണ്‍ലൈന്‍ വഴി എഫ്.ഐ.ആറിന്റെ പകര്‍പ്പ് എടുക്കുന്നതിനും പരാതികളുടെ വിശദാംശങ്ങള്‍ ഓണ്‍ലൈന്‍ വഴി അറിയുന്നതിനും സി.സി ടി.വി ക്യാമറ നിരീക്ഷണപ്രകാരമുള്ള ട്രാഫിക് കുറ്റകൃത്യങ്ങളുടെ പിഴ അടയ്ക്കുന്നതിനും ഇതില്‍ സംവിധാനമുണ്ട്.
ഇതോടൊപ്പമാണ് എല്ലാ ജില്ലകള്‍ക്കുമുള്ള വെബ്‌പോര്‍ട്ടലുകളും നിലവില്‍ വരുന്നത്. വിവരങ്ങള്‍ ചേര്‍ക്കുന്നതിനും ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നതിനും കൂടുതല്‍ സൗകര്യപ്രദമായ കണ്ടന്റ് മാനേജ്‌മെന്റ് സിസ്റ്റം എന്ന സംവിധാനത്തിലാണ് വെബ്‌പോര്‍ട്ടല്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.
പൊലീസ് ചരിത്രം, പൊലീസ് സംവിധാനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍, പുതിയ പൊലീസ് സംരംഭങ്ങളും പദ്ധതികളും, പൊതുജനം അറിയേണ്ട പൊതുവിവരങ്ങള്‍, പൊലീസിന്റെ വിവിധ വിഭാഗങ്ങള്‍, ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍, പ്രധാന നിയമങ്ങളും ചട്ടങ്ങളും, പൊലീസുമായി ബന്ധപ്പെട്ട അപേക്ഷ ഫോറങ്ങള്‍, പൊലീസ് ഉത്തരവുകള്‍, സര്‍ക്കുലറുകള്‍, കുറ്റകൃത്യങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍, പത്രക്കുറിപ്പുകള്‍, പുതിയ പരിപാടികള്‍ സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ എന്നിവയെല്ലാം പോര്‍ട്ടലില്‍ ലഭ്യമാണ്. ഇതൊടൊപ്പം പോലീസിന്റെ വിവിവധ വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക വെബ്‌സൈറ്റുകളുടെ ലിങ്കുകളും ലഭിക്കും.
പൊലീസിന്റെ ജില്ലാതല വെബ്‌സൈറ്റുകളില്‍ ഉപയോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലെ രൂപകല്‍പനയും ഉള്ളടക്കവും ശ്രദ്ധയില്‍പെട്ട സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വൈബ്‌സൈറ്റുകള്‍ പുതിയ രൂപത്തിലാക്കിയത്.
എല്ലാ ജില്ലകളിലെയും വെബ്‌സൈറ്റുകള്‍ക്ക് ഇതോടെ പൊതുവായ രൂപകല്‍പനയും നിലവില്‍ വന്നു. നേരത്തേ വെബ്‌സൈറ്റുകള്‍ നിലവിലില്ലാതിരുന്ന ജില്ലകള്‍ക്കും വൈബ്‌സൈറ്റുകള്‍ തയ്യാറായിട്ടുണ്ട്. വെബ്‌സൈറ്റ് പരിഷ്‌കരിച്ചതിനു പുറമേ കൂടുതല്‍ ഓണ്‍ലൈന്‍ സംരംഭങ്ങള്‍ വൈകാതെ നിലവില്‍ വരുമെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.
https://www.facebook.com/Malayalivartha
























