പാമ്പാടി നെഹ്രു എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം ഇന്ന്

പാമ്പാടി നെഹ്രു എഞ്ചിനീയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥി മരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസം കോളേജിനെതിരേ ശക്തമായി രംഗത്ത് വന്ന വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധ പരിപാടികള്‍ ഇന്നും തുടരും. എസ്എഫ്‌ഐ ഇന്ന് പ്രതിഷേധ സായാഹ്നം ആചരിക്കുമ്പോള്‍ കെഎസ്‌യു പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തു. കോളേജിനെതിരേ നടപടി ആവശ്യപ്പെട്ട് എബിവിപി തൃശൂര്‍ എജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.
അതിനിടയില്‍ മരിച്ച ജിഷ്ണു പ്രണോയ് യുടെ മരണം കെട്ടിത്തൂങ്ങിയാണെന്ന് പ്രാഥമികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ശരീരത്ത് മര്‍ദ്ദനമേറ്റതിന്റെ ലക്ഷണമില്ലെന്നും അതേസമയം മൂക്കില്‍ സാരമായ മുറിവേറ്റിട്ടുള്ളതായും കണ്ടെത്തി. ഈ മുറിവിന്റെ ആഴവും പഴക്കവും നിര്‍ണ്ണയിച്ചായിരിക്കും ഇനി അന്വേഷണം മുമ്പോട്ട് നീങ്ങുക. ജിഷ്ണുവിന് മര്‍ദ്ദനമേറ്റിരുന്നോ ശാരീരിക മാനസീക പീഡനങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നും അന്വേഷിക്കും. ഇതിനായി അദ്ധ്യാപകരേയും സുഹൃത്തുക്കളേയും സഹപാഠികളെയും മറ്റും ഇന്ന് ചോദ്യം ചെയ്‌തേക്കും.
കോളേജിനെതിരേ ഗുരുതരാരോപണവുമായി വിദ്യാര്‍ത്ഥികളും രംഗത്തെത്തിയിട്ടുണ്ട്. ചെറിയ കാര്യങ്ങള്‍ക്ക് പോലും ക്രൂരമായ ശിക്ഷാ നടപടികള്‍ കോളേജ് അധികൃതര്‍ നടത്താറുണ്ടെന്ന് ഇവര്‍ പറഞ്ഞു. കോളേജ് അധികൃതരെയും അവര്‍ സ്വീകരിച്ചേക്കാവുന്ന നടപടികളെയും ഭയന്ന് പലരും മുഖം മറച്ചാണ് ക്യാമറകള്‍ക്ക് മുന്നിലെത്തിയത്. വിദ്യാര്‍ത്ഥികള്‍ക്ക് ശിക്ഷയായി ഇടിമുറിയെന്ന് വിദ്യാര്‍ത്ഥികള്‍ വിളിക്കുന്ന പിആര്‍ഒ യുടെ മുറിയിലിട്ട് മര്‍ദ്ദനം പതിവായിരുന്നെന്നും ഇവര്‍ പറയുന്നു. വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യേണ്ടി വന്ന സാഹചര്യം കണക്കിലെടുത്ത് കോളേജില്‍ ഇന്ന് സാങ്കേതിക സര്‍വകലാശാല സംഘവും യുവജനക്ഷേമ വകുപ്പും തൊഴിലെടുപ്പ് നടത്തും.
https://www.facebook.com/Malayalivartha