സംസ്ഥാനത്തെ ശമ്പളമില്ലാത്ത എയ്ഡഡ് ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ ഇന്ന് പണിമുടക്കുന്നു

സംസ്ഥാനത്തെ ശമ്പളമില്ലാത്ത എയ്ഡഡ് ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ ഇന്ന് പണിമുടക്കുന്നു. എല്ലാ പഞ്ചായത്തുകളിലും ഹയര്‍സെക്കന്‍ഡറികള്‍ സ്ഥാപിച്ചതിന്റെ ഭാഗമായി നിയമിച്ച മൂവായിരത്തി അഞ്ഞൂറോളം അധ്യാപകരാണ് തസ്തികയും ശമ്പളമുമില്ലാത്തതിനാല്‍ സമരത്തിന് ഇറങ്ങിയത്. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ പരീക്ഷ നടത്തിപ്പ് ഉള്‍പ്പെടെയുള്ളവ ബഹിഷ്‌കരിക്കാനാണ് അവരുടെ തീരുമാനം
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് 166 എയിഡഡ് സ്‌കൂളുകളിലും 66 സര്‍ക്കാര്‍ സ്‌കൂളുകളിലും പുതിയ ഹയര്‍സെക്കന്ററികള്‍ അനുവദിച്ചത്. കൂടാതെ നിലവില്‍ പ്ലസ് വണ്ണിന് കൂടുതല്‍ കുട്ടികളുള്ള 699 ഇടത്ത് അധികം ബാച്ചുകളും നല്‍കി. മൂവായിരത്തിഅഞ്ഞൂറോളം അധ്യാപകരെയും നാനൂറ് ലാബ് അസിസ്റ്റന്റുമ്മാരെയും ഇതിന്റെ ഭാഗമായി നിയമിച്ചു. എന്നാല്‍ അധ്യാപകരെ നിയമിച്ചതല്ലാതെ മറ്റൊന്നും സര്‍ക്കാര്‍ ചെയ്തുകൊടുത്തിട്ടില്ല. നാലാമത് അധ്യയന വര്‍ഷം പൂര്‍ത്തിയാക്കുന്ന ഇവര്‍ക്ക് ഇതുവരെ ഒരുരൂപ ശമ്പളം കിട്ടിയിട്ടില്ല. സഹികെട്ട അധ്യാപകര്‍ പഠിപ്പിക്കല്‍ നിര്‍ത്തിവച്ച് ഇന്ന് സമരത്തിലാണ്. 166 എയ്ഡഡ് സ്‌കൂളുകളില്‍ ഹയര്‍സെക്കന്ററി വിഭാഗം അടഞ്ഞുകിടക്കുന്നു.
തസ്തിക അനുവദിച്ചിട്ടില്ലാത്തതിനാല്‍ പുതിയതായി നിയമിച്ചവരെ ഗസ്റ്റായി പരിഗണിച്ച് ദിവസ വേതനം നല്‍കണമെന്ന 2016 നവംബറിലെ സര്‍ക്കാര്‍ ഉത്തരവും നടപ്പായില്ല. അവഗണനക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. വിദ്യാര്‍ഥികളുടെ ഇന്റേണല്‍ മാര്‍ക്ക് രേഖപ്പെടുത്തുന്ന ജോലി ഈ മാസം തുടങ്ങേണ്ടതുണ്ട്. മാര്‍ച്ച് പതിനഞ്ചിന് പരീക്ഷകള്‍ ആരംഭിക്കും. ഇവ ബഹിഷ്‌കരിക്കാനാണ് നീക്കം. രണ്ടുസര്‍ക്കാരുകളെ സമീപിച്ചിട്ടും പ്രശ്‌നപരിഹാരമില്ലാത്തതിനാലാണ് ക്ലാസ് ബഹിഷ്‌കരിച്ചുള്ള സമരമുറ.
https://www.facebook.com/Malayalivartha
























