സംസ്ഥാനത്തെ സ്വാശ്രയ എന്‍ജിനീയറിങ് കോളജുകള്‍ ഇന്ന് അടച്ചിടാന്‍ തീരുമാനം

സംസ്ഥാനത്തെ സ്വാശ്രയ എന്‍ജിനീയറിങ് കോളജുകള്‍ ഇന്ന് അടച്ചിടാന്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ തീരുമാനിച്ചു. തൃശൂര്‍ പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധവുമായി എത്തിയ കെ.എസ്.യു. പ്രവര്‍ത്തകര്‍ അസോസിയേഷന്റെ കൊച്ചിയിലെ ഓഫീസ് അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധിച്ചാണു ഈ തീരുമാനം.
ഓഫീസിനു നേരേയുണ്ടായത് ഭീകരമായ അക്രമമാണെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ജോറി മത്തായി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. അബദ്ധവശാല്‍ ഒരു വാതിലിന്റെ പൂട്ട് വീണതിനാലാണ് പ്രതിഷേധക്കാര്‍ക്ക് അസോസിയേഷന്‍ അംഗങ്ങള്‍ യോഗം ചേര്‍ന്നുകൊണ്ടിരുന്ന ഓഫീസില്‍ കടക്കാന്‍ കഴിയാതിരുന്നത്. അവര്‍ അകത്തു കടന്നിരുന്നുവെങ്കില്‍ എന്താകുമായിരുന്നു സംഭവിക്കുകയെന്ന് പറയാന്‍ കഴിയില്ല.
അക്രമത്തില്‍ പ്രതിഷേധമറിയിക്കാനും വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനുമായാണ് ഇന്നു സംസ്ഥാനത്തെ 120 സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളും അടച്ചിടുന്നത്. സര്‍വകലാശാലാ പരീക്ഷകള്‍ നാളെ തുടങ്ങുന്നതിനാലാണ് വിദ്യാര്‍ഥികളുടെ ഭാവി കണക്കിലെടുത്ത് കോളജ് അടച്ചിട്ടുള്ള പ്രതിഷേധം ഇന്നു മാത്രമായി ചുരുക്കിയത്. അക്രമം തുടര്‍ന്നാല്‍ കോളജുകള്‍ അനിശ്ചിതമായി അടച്ചിടേണ്ടിവരും.
https://www.facebook.com/Malayalivartha