ഓണ്‍ലൈന്‍ അവയവവ്യാപാരം: കേരളവും മാഫിയ വലയില്‍; ചങ്കിനും കരളിനും 90 ലക്ഷം മുതല്‍ ഒരു കോടി വരെ

വിവിധ സംസ്ഥാനങ്ങളില്‍ സജീവമായ ഓണ്‍ലൈന്‍ അവയവവ്യാപാര മാഫിയ കേരളത്തിലും പിടിമുറുക്കുന്നു. പരസ്യ വെബ്‌സൈറ്റുകളില്‍ ഇമെയില്‍ വിലാസവും മൊബൈല്‍, വാട്‌സ്ആപ് നമ്പറുകളും നല്‍കിയാണ് ഓണ്‍ലൈന്‍ വിലപേശല്‍. വൃക്കകള്‍ക്കും കരളിനുമാണ് ഓണ്‍ലൈന്‍ വിപണിയില്‍ ഏറെ ഡിമാന്റ് എക്‌സ്പാര്‍ട്രിയേറ്റ്‌സ്.കോം എന്ന വെബ് സൈറ്റിലൂടെ അവയവങ്ങള്‍ വാങ്ങുന്ന മാഫിയ 90 ലക്ഷം മുതല്‍ ഒരുകോടി രൂപവരെയാണു വൃക്കയ്ക്കു വിലയിട്ടിരിക്കുന്നത്.
കേരളത്തിനു പുറമേ ബംഗളുരു, ന്യൂഡല്‍ഹി, പഞ്ചാബ്, വാറങ്കല്‍, ചണ്ഡിഗഡ്, അഹമ്മദാബാദ്. കോയന്പത്തൂര്‍, കൊല്‍ക്കത്ത, നല്‍ഗോണ്ട, ചെന്നൈ, അസം, ഗോവ,ഹരിയാന, ഭോപ്പാല്‍ എന്നിവിടങ്ങളിലും ഓണ്‍ലൈന്‍ അവയവവ്യാപാരം തകൃതിയാണ്. വെബ്‌സൈറ്റ് പരസ്യങ്ങള്‍ക്കൊപ്പം ബന്ധപ്പെടാനുള്ള ഇമെയില്‍ വിലാസവും വാട്‌സ്ആപ് നമ്പറുകളുമുണ്ട്.
അവയവം വിറ്റ് ധനികനായി സ്വന്തമായി വ്യാപാരം തുടങ്ങൂ, അടിയന്തരാവശ്യങ്ങള്‍ക്ക് അവയവവില്‍പനയിലൂടെ പണം കണ്ടെത്തൂ, ജീവിതം അഭിവൃദ്ധിപ്പെടുത്തൂ എന്നീ മോഹനപരസ്യവാചകങ്ങള്‍ക്കൊപ്പം അവയവം ദാനം ചെയ്ത് മറ്റൊരു ജീവന്‍ രക്ഷിക്കൂ എന്ന ആദര്‍ശവാക്യവുമുണ്ട്! ഓരോ പരസ്യത്തിലും അവയവങ്ങള്‍ക്കു വ്യത്യസ്തവിലയാണ് നല്‍കിയിരിക്കുന്നത്.
ഏതുതരം രക്ത ഗ്രൂപ്പില്‍പെട്ട വൃക്കകളും സ്വീകരിക്കും. അപൂര്‍വ ഗ്രൂപ്പില്‍പെട്ടതാണെങ്കില്‍ അഞ്ചുലക്ഷം യു.എസ്. ഡോളര്‍വരെയാണു വാഗ്ദാനം.
ഇന്ത്യക്കുപുറമേ അമേരിക്കയിലും തുര്‍ക്കിയിലും മലേഷ്യയിലും തങ്ങള്‍ക്ക് ഇടപാടുകളുള്ളതായി മാഫിയ വ്യക്തമാക്കുന്നു. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ പ്രമുഖ ആശുപത്രികളില്‍ തങ്ങളുടെ ഇടനിലക്കാരുണ്ടെന്നു വ്യക്തമാക്കാനും ഇവര്‍ക്കു മടിയില്ല. ഫോണിലൂടെ യാതൊരു ഇടപാടുമില്ല. വിളിക്കുന്നവരോട് ഇമെയില്‍ വിലാസമോ വാട്‌സ്ആപ് നമ്പറോ ചോദിക്കും. ഇടപാടുകള്‍ അതിലൂടെ മാത്രം. വ്യക്തിപരമായ വിവരങ്ങള്‍ ചോദിച്ച് ഒരു ഇമെയില്‍ സന്ദേശം ആദ്യം ലഭിക്കും. പിന്നെ വ്യവസ്ഥകള്‍ വിശദീകരിച്ചുകൊണ്ട് അടുത്ത സന്ദേശം.
ഇന്ത്യയിലും വിദേശത്തും ശൃംഖലയുള്ള ഒരു പ്രശസ്ത ആശുപത്രിയിലെ ഡോക്ടറെന്ന് അവകാശപ്പെട്ട് മോഹന്‍ ജഗന്‍ എന്നയാളാണ് ഇടപാടുകള്‍ കൂടുതലായും നടത്തുന്നത്. ഇയാളെക്കൂടാതെ മറ്റ് ഇടനിലക്കാരും വെബ്‌സൈറ്റില്‍ അവയവങ്ങള്‍ക്കു വില പറഞ്ഞുറപ്പിക്കുന്നുണ്ട്. പുനെ, അഹമ്മദാബാദ്, കൊല്‍ക്കത്ത തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളിലും വിയറ്റ്‌നാം, ഇന്തോനീഷ്യ, മലേഷ്യ തുടങ്ങിയ വിദേശരാജ്യങ്ങളിലും ഇവര്‍ക്ക് ആശുപത്രികളുണ്ട്.
വൃക്ക ശസ്ത്രക്രിയ ഇന്ത്യയിലായിരിക്കുമെന്നും വിസയും യാത്രാ ടിക്കറ്റും മറ്റും സൗജന്യമായി ക്രമീകരിക്കുമെന്നും ഇമെയിലില്‍ വ്യക്തമാക്കുന്നു. നിയമപരമായി യാതൊന്നും പേടിക്കേണ്ടതില്ലെന്ന ഉറപ്പുമുണ്ട്. വൃക്ക വില്‍ക്കാന്‍ സന്നദ്ധരായ വിദേശികള്‍ക്ക് അതതു രാജ്യങ്ങളില്‍തന്നെ ശസ്ത്രക്രിയയ്ക്ക് സൗകര്യമൊരുക്കുമെന്ന ആകര്‍ഷകമായ ഓഫര്‍ വേറേ. 90 ലക്ഷം രൂപവരെയാണു വൃക്കവില. ഇതില്‍ 45 ലക്ഷം ശസ്ത്രക്രിയയ്ക്കു മുമ്പും ബാക്കി ശസ്ത്രക്രിയ കഴിഞ്ഞ് അഞ്ചുമണിക്കൂറിനുള്ളിലും വൃക്കദാതാവിന്റെ അക്കൗണ്ടിലെത്തും.
ഇതിനായി അക്കൗണ്ട് വിവരങ്ങളും പാന്‍കാര്‍ഡ് നമ്പറും തിരിച്ചറിയല്‍ കാര്‍ഡിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും അയച്ചുകൊടുക്കണം. ഉടന്‍ ഇടപാട് നടത്തണമെന്നും മറ്റൊരു ഇടനിലക്കാരനെ ബന്ധപ്പെടരുതെന്നും മെയിലില്‍ കര്‍ശനനിര്‍ദേശമുണ്ട്. സത്യഓര്‍ഗന്‍ഹോസ്പിറ്റല്‍ 2016 ജിമെയില്‍.കോം, സതിഹോസ്പിറ്റല്‍ ജിമെയില്‍.കോം, ഓര്‍ഗന്‍ഹോംജിമെയില്‍.കോം, ഡോ,മോഹന്‍ജഗന്‍ജിമെയില്‍.കോം എന്നിങ്ങനെ നിരവധി ഇമെയില്‍ വിലാസങ്ങള്‍ പരസ്യങ്ങള്‍ക്കൊപ്പം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha