ഒരു മിനിറ്റില്‍ 60 ഒപ്പിടാറുണ്ടെന്ന് ഉമ്മന്‍ചാണ്ടി; 'പരാതി വായിക്കാറില്ലേ?' എന്ന് കമ്മീഷന്റെ പരിഹാസം; സോളാര്‍ വിസ്താരത്തില്‍ കേട്ടത്

മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഒരു ദിവസം 1000ത്തോളം പേരെ വരെ കാണാറുണ്ടായിരുന്നുവെന്ന് സോളാര്‍ വിസ്താരത്തിനിടെ ഉമ്മന്‍ചാണ്ടി. വരുന്നവരുടെ നിവേദനങ്ങള്‍ വാങ്ങി ആവശ്യങ്ങള്‍ കേട്ട് അപ്പോള്‍ തന്നെ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ശൈലിയായിരുന്നു തന്റേതെന്നും സോളാര്‍ കമ്മീഷന്റെ സിറ്റിങ്ങില്‍ ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ആള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ അഭിഭാഷകനായ അഡ്വ. ബി രാജേന്ദ്രന്റെ ചോദ്യത്തിനാണ് ഇത്തരത്തില്‍ ഉമ്മന്‍ചാണ്ടി മറുപടികള്‍ നല്‍കിയത്.
ആ വരുന്നവര്‍ ആരാണെന്നോ എന്താണെന്നോ നോക്കുന്നതിന് സമയമോ സാഹചര്യമോ ഉണ്ടായിരുന്നില്ല. ഒരു ദിവസം 500 ഒപ്പുകള്‍ വരെ ഇടേണ്ടതായി വന്നിരുന്നു. ജനസമ്പര്‍ക്ക പരിപാടികളില്‍ 2000 മുതല്‍ 5000 വരെ പരാതികളില്‍ ഒപ്പിട്ടു കൊടുത്തിട്ടുണ്ട്. മുഖ്യമന്ത്രിയായിരിക്കെ ഒരു മിനിറ്റില്‍ 60 ഒപ്പുകള്‍ വരെ ഇടാറുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അപ്പോള്‍ പരാതികളൊന്നും താങ്കള്‍ വായിച്ചുനോക്കാറില്ലേയെന്നായിരുന്നു കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജി. ശിവരാജന്റെ പരിഹാസം.
സരിത എസ് നായരും ബിജു രാധാകൃഷ്ണനും രണ്ട് തവണ വന്ന് കണ്ടിരുന്നു എന്നതും ശരിയാണ്. 2011ല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം രൂപയുടെ ചെക്ക് ടീം സോളാര്‍ നല്‍കിയിരുന്നു എന്നതും ശരിയാണ്. ക്രഷര്‍ യൂണിറ്റിന്റെ ആവശ്യത്തിനായി മല്ലേലില്‍ ശ്രീധരന്‍ നായര്‍ തന്നെ ഒരു തവണ മാത്രമെ തന്നെ വന്നു കണ്ടിട്ടുള്ളൂ. ഇക്കാര്യങ്ങള്‍ എല്ലാം നിയമസഭയില്‍ ഒമ്പതു പ്രാവശ്യവും മാദ്ധ്യമങ്ങള്‍ക്ക് മുമ്പില്‍ പല തവണയും താന്‍ വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയത്തെ കടപ്ലാമറ്റത്തെ ചടങ്ങില്‍വെച്ച് സ്‌റ്റേജിലെത്തി സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍ തനിക്ക് നിവേദനം തരുന്ന ഫോട്ടോ ശരിയായിട്ടുളളതാണെന്നും ഉമ്മന്‍ചാണ്ടി സിറ്റിങ്ങില്‍ സമ്മതിച്ചു കൊച്ചിയില്‍ നടക്കുന്ന സോളാര്‍ കമ്മീഷന്റെ സിറ്റിങ്ങിലാണ് ഏറെ വിവാദമായ ആ ഫോട്ടോയെക്കുറിച്ചുളള ഉമ്മന്‍ചാണ്ടിയുടെ മറുപടി.
https://www.facebook.com/Malayalivartha