പോലീസുകാരനെ സി പി എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു; ലോക്കല്‍ സെക്രട്ടറിയുടെ വാഹനം മാറ്റിയിട്ടെന്ന കാരണത്താല്‍

കുമളിയില്‍ ട്രാഫിക് ബ്ലോക്കുണ്ടാക്കുന്ന രീതിയില്‍ പാര്‍ക്ക് ചെയ്തിരുന്ന സി പി എം ലോക്കല്‍ സെക്രട്ടറിയുടെ വാഹനം മാറ്റിയിട്ടതിന് പോലീസുകാരനെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി. മര്‍ദ്ദനമേറ്റ കരിമണ്ണൂര്‍ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ എം എസ് ഷാജിയെ തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ കടന്നുപോകുന്ന കുമളിയിലെ തിരക്കിനടയിലുള്ള ഡ്യൂട്ടിക്കിടെയാണ് സിവില്‍ പോലീസ് ഓഫീസറായ എം എസ് ഷാജിക്ക് നേരേ സി പി എം പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായത്. ടൗണില്‍ വലിയ ബ്ലോക്കുണ്ടാക്കിയ കാര്‍ നീക്കി ഒതുക്കിയിട്ടതിനു പിന്നാലേ താമസിച്ചിരുന്ന ലോഡ്ജിലെത്തിയപ്പോഴായിരുന്നു ഏഴംഗ സംഘം, തന്നെ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് ഷാജി പറയുന്നു.
സി പി എം പഞ്ചായത്ത് അംഗം പ്രജീഷിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനമെന്ന് അക്രമികളുടെ സംഭാഷണങ്ങളില്‍ നിന്ന് വ്യക്തമായതായും ഷാജി പറയുന്നു. റോഡിലെ ട്രാഫിക് ബ്ലോക്കൊഴിവാക്കാന്‍ കാര്‍ മുന്നോട്ടെടുക്കാനാവശ്യപ്പെട്ടപ്പോള്‍ അത് കേള്‍ക്കാതെ കാറിലുണ്ടായിരുന്നവര്‍ ഇറങ്ങിപ്പോയതിനാലാണ് താന്‍ കാര്‍ നീക്കിയിട്ടതെന്നും സി പി എം ലോക്കല്‍ സെക്രട്ടറിയുടെ കാറായിരുന്നെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും പോലീസിലെ ഇടതു സംഘടനാ പ്രവര്‍ത്തകന്‍ കൂടിയായ ഷാജി പറയുന്നു.
https://www.facebook.com/Malayalivartha