ലോട്ടറിഫലത്തിനായി സ്വകാര്യ സൈറ്റുകളെ ആശ്രയിക്കരുതെന്ന് ഭാഗ്യക്കുറിവകുപ്പിന്റെ വാര്‍ത്താക്കുറിപ്പ്

ഏതെങ്കിലും സ്വകാര്യവെബ്‌സൈറ്റുകളോ മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനുകളോ നല്‍കുന്ന നറുക്കെടുപ്പുഫലങ്ങള്‍ നോക്കി ഉപഭോക്താക്കള്‍ വഞ്ചിതരാകരുതെന്ന് സംസ്ഥാന ഭാഗ്യക്കുറിവകുപ്പ് അഭ്യര്‍ത്ഥിച്ചു.ലോട്ടറിഫലങ്ങള്‍ പത്രങ്ങളില്‍ കൃത്യമായി പ്രസിദ്ധീകരിക്കുന്നുണ്ട്. പത്രത്തില്‍ വരുന്നതിനു മുമ്പേ അറിയണമെന്നുള്ളവര്‍ ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിനെ മാത്രമേ അതിനായി ആശ്രയിക്കാവൂ. തല്‍സമയസംപ്രേക്ഷണമെന്നും മറ്റും അവകാശപ്പെട്ട് ചില സൈറ്റുകള്‍ ഫോണിലൂടെയും മറ്റും വിവരങ്ങള്‍ വിളിച്ചുപറഞ്ഞ് അപ്‌ലോഡ് ചെയ്യുകയാണ്. ഇക്കൂട്ടരാണു തെറ്റുകള്‍ വരുത്തുന്നത്.
സംസ്ഥാനഭാഗ്യക്കുറി നറുക്കെടുപ്പ് ലൈവായി നല്‍കാന്‍ സര്‍ക്കാര്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ലോട്ടറിവകുപ്പിന്റെ ഔദ്യോഗിക സൈറ്റിനു സമാനമായ ലേ ഔട്ടില്‍ തയ്യാറാക്കിയ ചില സൈറ്റുകളും മൊബൈല്‍ ഫോണ്‍ ആപ്പുകളും തെറ്റായ ഫലങ്ങള്‍ പ്രസിദ്ധീകരിക്കുന്നതു വഴി ആശയക്കുഴപ്പം ഉണ്ടാകുന്നത് വകുപ്പിന്റെയും സര്‍ക്കാരിന്റെയും വിശ്വാസ്യത കളങ്കപ്പെടുത്തുന്നതിനാല്‍ ഇത്തരം വ്യാജമാധ്യമങ്ങളെ തടയണമെന്ന് ലോട്ടറി വകുപ്പ് ഡിജിപിയോട് ആവശ്യപ്പെടുകയും പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.
ടിക്കറ്റില്‍ കൂടുതല്‍ സുരക്ഷാഘടകങ്ങള്‍ ഉള്‍പ്പെടുത്തിയും നടത്തിപ്പും നറുക്കെടുപ്പും മെച്ചപ്പെടുത്തുകയുമൊക്കെ ചെയ്തുകൊണ്ട് സംസ്ഥാനഭാഗ്യക്കുറി കൃത്രിമവും ക്രമക്കേടുകളും ഇല്ലാതെ കുറ്റമറ്റതാക്കാന്‍ വിദഗ്ദ്ധസമിതിയെ സര്‍ക്കാര്‍ നിയമിച്ചിരിക്കുകയാണ്. സുരക്ഷ, നറുക്കെടുപ്പ്, സംരംഭ വിഭവാസൂത്രണ സംവിധാനം എന്നിവയെ ബന്ധിപ്പിക്കുന്ന സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുക, ഭാഗ്യക്കുറിയുടെ സുരക്ഷാസംവിധാനവും നറുക്കെടുപ്പുരീതിയും മെച്ചപ്പെടുത്തുക, ഭാഗ്യക്കുറി നടത്തിപ്പു കാര്യക്ഷമമാക്കുക എന്നിങ്ങനെ ഒട്ടേറെ നടപടികള്‍ ഇതിന്റെ ഭാഗമായി കൈക്കൊള്ളുകയുമാണെന്ന് ഭാഗ്യക്കുറിവകുപ്പ് അറിയിച്ചു.
https://www.facebook.com/Malayalivartha