93 വര്‍ഷം മുമ്പ് പല്ലനയാറില്‍ മറഞ്ഞ കുമാരനാശാന്റെ സ്മാരകത്തിന് ദുരവസ്ഥ

എസ്എന്‍ഡിപി യോഗത്തിന്റെ ആദ്യ ജനറല്‍ സെക്രട്ടറി കൂടിയായിരുന്ന മഹാകവി കുമാരനാശാന്‍ ബോട്ടപകടത്തില്‍ മരിച്ചിട്ട് 93 വര്‍ഷം തികഞ്ഞു. 1924 ജനുവരി 16-ന് അര്‍ദ്ധരാത്രിയിലാണ് മഹാകവി പല്ലനയാറ്റില്‍ ബോട്ടപകടത്തില്‍ മരിച്ചത്. കൊല്ലത്തു നിന്നും കോട്ടയത്തേക്ക് പോകുമ്പോഴായിരുന്നു ദുരന്തം. മുങ്ങിയ റെഡീമര്‍ ബോട്ടില്‍ ആശാന്‍ ഉണ്ടെന്ന് പോലും വൈകിയാണ് അറിയുന്നത്. തന്മൂലം ജഡം കണ്ടെത്താനും വൈകി. പല്ലനയില്‍ തന്നെയാണ് സംസ്‌കരിച്ചത്.
ആധുനിക കവിത്രയങ്ങളില്‍ പ്രമുഖനും സാമൂഹിക പരിഷ്‌ക്കര്‍ത്താവുമായ ആശാനെ അനുസ്മരിക്കാന്‍ പല്ലനയില്‍ പുനര്‍നിര്‍മ്മാണം ആരംഭിച്ച കുമാരനാശാന്‍ സ്മാരകം ഇനിയും പൂര്‍ത്തിയായിട്ടില്ല. ഇവിടേക്കുള്ള റോഡില്‍ കുണ്ടും കുഴികളുമാണ്. 4.87 കോടി ചെലവില്‍ രണ്ടര വര്‍ഷം മുമ്പ് തുടങ്ങിയ നിര്‍മ്മാണം നീളുകയാണ്. രൂപഘടനയെച്ചൊല്ലിയുള്ള വിവാദവും കെട്ടടങ്ങിയിട്ടില്ല. റെഡീമര്‍ ബോട്ടിന്റെ മാതൃകയില്‍ നിര്‍മ്മിക്കാന്‍ നിശ്ചയിച്ച സ്മാരകത്തിന് ഹൗസ്‌ബോട്ടിന്റെ രൂപമായെന്നാണ് വിമര്‍ശനം.
ഈ ഭാഗം കുമാരകോടി എന്നാണ് അറിയപ്പെടുന്നത്. ഈ ഭൂമി ആശാന്റെ പത്‌നി ഭാനുമതിയമ്മ വിലയ്ക്കുവാങ്ങി താല്‍ക്കാലിക കല്ലറ പണിയുകയായിരുന്നു. പില്‍ക്കാലത്ത് യുപി സ്‌കൂളും അവര്‍ സ്ഥാപിച്ചു. കെടിഡിസി ഏഷ്യയിലെ ആദ്യ ബ്രിഡ്ജ് മ്യൂസിയം എന്ന പേരില്‍ സ്ഥാപിക്കാനുദ്ദേശിച്ച് 1991 ഏപ്രില്‍ ഒന്നിന് അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ തറക്കല്ലിട്ട സംരംഭവും യാഥാര്‍ത്ഥ്യമായില്ല.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സ്മാരകം സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്തു. രണ്ടര വര്‍ഷം മുന്‍പ് സ്മാരക നിര്‍മ്മാണം തുടങ്ങി. രണ്ടു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. 1903-ല്‍ എസ്എന്‍ഡിപി രൂപീകരിച്ചപ്പോള്‍ മുതല്‍ 16 വര്‍ഷത്തോളം എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചത് കുമാരനാശാനായിരുന്നു.
https://www.facebook.com/Malayalivartha