മുന്നണി സ്ഥാനാര്‍ത്ഥികളെ തോല്‍പിക്കാന്‍ ചെന്നിത്തല കോടികളെറിഞ്ഞു കോണ്‍ഗ്രസ് പൊട്ടിത്തെറിയിലേക്ക്

ഉമ്മന്‍ചാണ്ടിയുടെ ഹൈക്കമാന്‍ഡ് ചര്‍ച്ചയില്‍നിന്ന് സ്‌ഫോടനാത്മക രാഷ്ട്രീയാവസ്ഥയിലേക്ക് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി. 'എ' ഗ്രൂപ്പില്‍പ്പെട്ട നാല്‍പതോളം എം.എല്‍.എ സ്ഥാനാര്‍ത്ഥികളെയും, ചില കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെയും കോടികളൊഴുക്കി പരാജയപ്പെടുത്താന്‍ രമേശ് ചെന്നിത്തല ശ്രമിച്ചു എന്ന വെളിപ്പെടുത്തലാണ് സംസ്ഥാന കോണ്‍ഗ്രസ് രാഷ്ട്രീയത്തെ വേട്ടയാടുന്നത്.
ഉമ്മന്‍ചാണ്ടിയെ പിണക്കിയാല്‍ ഭവിഷ്യത്ത് വലുതായിരിക്കുമെന്ന ഹൈക്കമാന്‍ഡ് നിലപാടാണ് അനുനയ ചര്‍ച്ചയ്ക്കായി ചാണ്ടിയെ ക്ഷണിക്കാന്‍ പ്രേരണയായത്. ഉമ്മന്‍ചാണ്ടിക്കെതിരെ പരസ്യനിലപാടെടുത്ത എ.കെ. ആന്റണിക്കെതിരെയും 'എ' ഗ്രൂപ്പ് പരസ്യമായി തിരിഞ്ഞുകഴിഞ്ഞു. ജനങ്ങളുടെ പിന്തുണ തങ്ങള്‍ക്കാണെന്ന ഉറച്ച വിശ്വാസത്തിലാണ് 'എ' ഗ്രൂപ്പ് നീക്കങ്ങള്‍. തല്ക്കാലം ആന്റണിയെ മൈന്‍ഡ് ചെയ്യണ്ട. എന്നാല്‍ ചെന്നിത്തലയ്‌ക്കെതിരെയുള്ള നിലപാട് കര്‍ക്കശമാക്കുകയും ചെയ്തു.
നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ നേതൃത്വത്തില്‍ നിന്ന് സ്വയം പിന്‍വാങ്ങിയെങ്കിലും നെറികെട്ട രാഷ്ട്രീയക്കളികള്‍ക്ക് കണക്കുതീര്‍ത്തേ അടങ്ങൂ എന്ന വാശിയാണ് ഉമ്മന്‍ചാണ്ടിക്കുള്ളത്.
ഉമ്മന്‍ചാണ്ടിയുടെ നീക്കങ്ങളില്‍ ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറിമറിയുന്നു. കെ. മുരളീധരനുള്‍പ്പെടെ 'ഐ' ഗ്രൂപ്പിലെ ചെന്നിത്തല വിരുദ്ധരെ ഒരുമിച്ചണിനിരത്തിയുള്ള ചാണക്യ നീക്കങ്ങളാണ് ചാണ്ടിയുടേത്. സ്വന്തം പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തോല്‍പിക്കാന്‍ മുന്‍കൈയെടുത്ത ചെന്നിത്തലയുമായി ഒരുവിധ സന്ധിയും ഇനി തന്റെ ഭാഗത്തു നിന്നുണ്ടാവില്ലെന്ന് അടുപ്പക്കാരോടൊക്കെ ഉമ്മന്‍ചാണ്ടി വ്യക്തമാക്കിക്കഴിഞ്ഞു. പി.ജെ. കുര്യനെപ്പോലെ ഡല്‍ഹി രാഷ്ട്രീയത്തില്‍ ശക്തമായ സ്വാധീനമുള്ള നേതാവിനെപ്പോലും അവഗണിച്ചുനീക്കാനുള്ള 'എ' ഗ്രൂപ്പ് നീക്കം പലതും നിശ്ചയിച്ചുറപ്പിച്ചുതന്നെ.
ബൂത്തുതല സംഘടനാ തെരഞ്ഞെടുപ്പു നടത്തിയാല്‍ പാര്‍ട്ടി പിടിച്ചെടുക്കാനാകും എന്ന അമിത ആത്മവിശ്വാസമാണ് 'എ' ഗ്രൂപ്പിന്റേത്. 40 മണ്ഡലങ്ങളിലെ കോണ്‍ഗ്രസിലെയും, കേരളാകോണ്‍ഗ്രസ്, മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥികളെ തോല്‍പിക്കാന്‍ ഓരോ കോടി രൂപാവീതം രമേശ് ചെന്നിത്തല മുടക്കി എന്ന ഉമ്മന്‍ചാണ്ടിയുടെ ആരോപണം കേരളത്തില്‍ വന്‍ചര്‍ച്ചയായി മാറിക്കഴിഞ്ഞു.
പി.സി. വിഷ്ണുനാഥ്, കെ. സുധാകരന്‍, ടി. സിദ്ദിഖ്, കെ. ബാബു, ആര്യാടന്‍ ഷൗക്കത്ത് തുടങ്ങി കെ.എം. മാണിയെവരെ തോല്‍പിക്കാന്‍ ഐ ഗ്രൂപ്പ് ശ്രമം നടത്തി എന്നാണ് ആരോപണം. കെ. മുരളീധരന്‍, അടൂര്‍പ്രകാശ്, കെ.സി. ജോസഫ് എന്നിവരെ തോല്‍പിക്കാനും പണമെറിഞ്ഞു.
പി.സി. ജോര്‍ജ്ജുമായി പൂഞ്ഞാറില്‍ ഒരുമിച്ചു എന്ന ഗൗരവമേറിയ ആരോപണവും രമേശ് ചെന്നിത്തലയ്‌ക്കെതിരെയുണ്ട്. ചെന്നിത്തലയുടെ പരസ്യമായ ഇത്തരം നീക്കങ്ങളില്‍ അതൃപ്തിപൂണ്ടാണ് കേരളാ കോണ്‍ഗ്രസ് യു.ഡി.എഫ് മുന്നണി വിട്ടതെന്നും ഉമ്മന്‍ചാണ്ടി ആരോപണമുന്നയിക്കുന്നു. കൂടുതല്‍ കലുഷിതമായ കോണ്‍ഗ്രസ് രാഷ്ട്രീയമാണ് ഇനി കേരളം കാണാന്‍ പോകുന്നത്.
https://www.facebook.com/Malayalivartha