ഐഎഎസുകാരുടെ മെല്ലപ്പോക്ക് സര്‍ക്കാരിനെ അവതാളത്തിലാക്കും: സെക്രട്ടറിയേറ്റിലെ അപ്രധാന വകുപ്പുകളില്‍ ഫയല്‍ സൂക്ഷിക്കാന്‍ ഇടമില്ല

സംസ്ഥാനത്ത് സര്‍ക്കാര്‍ ഫയലുകള്‍ അധികം വരാത്ത രണ്ട് സ്ഥലങ്ങളില്‍ ഫയലുകള്‍ വയ്ക്കാന്‍ ഇടമില്ല!പരിസ്ഥിതി, വിജിലന്‍സ് വകുപ്പുകളിലേക്കാണ് ഫയലുകള്‍ കൂട്ടത്തോടെയെത്തുന്നത്.അധികം ജോലിഭാരമില്ലാത്തതിനാല്‍ ഉദ്യോസ്ഥര്‍ സ്വസ്ഥമായി ജോലി ചെയ്തിരുന്ന സ്ഥലങ്ങളില്‍ ഇപ്പോള്‍ സമാധാനമില്ല . ഐ .എ എസുകാരുടെ മെല്ലെ പോക്ക് സമരം കാരണമാണ് പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. സര്‍ക്കാര്‍ പുറത്തിറക്കിയ രണ്ട് ഉത്തരവുകള്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ ഐ.എ.എസുകാര്‍ സര്‍ക്കാരിനെ വട്ടംചുറ്റിക്കുന്നത്.കഴിഞ്ഞ ഒരാഴ്ചയായി ധനകാര്യ വകുപ്പിലും ഫയലുകളുടെ കുത്തൊഴുക്കാണ്. സാമ്പത്തിക ബാധ്യതയില്ലാത്ത ഫയലുകള്‍ പോലും ധനവകുപ്പിലേക്കയക്കുന്നു. ഫലത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലെ പദ്ധതി നിര്‍വഹണം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്. 201617 സാമ്പത്തിക വര്‍ഷത്തെ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ഇനി രണ്ട് മാസം മാത്രമാണ് അവശേഷിക്കുന്നത്.
പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് മേധാവിമാരെ നിയമിക്കുന്ന ഫയലില്‍ കൂട്ടക്കുഴപ്പമാണ്. നൂറു കോടി വിറ്റുവരവുള്ള ഔഷധിയുടെ തലപ്പത്ത് നിശ്ചിത യോഗ്യതയുള്ളവരെ നിയമിക്കണമെന്ന് ആയുഷ് സെക്രട്ടറി ബി.അശോക് ഫയലെഴുതി.ഇതിനെ തുടര്‍ന്ന് എം ഡി യെ നിയമിക്കാന്‍ പ്രത്യേകം നടപടി തുടങ്ങി.
പൊതുമേഖലയിലെ നിയമനങ്ങള്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ വകുപ്പ് മേധാവികളും വിഷയ വിദഗ്ദ്ധരും ചേര്‍ന്ന് അഭിമുഖം നടത്തി തീരുമാനിക്കണമെന്നാണ് ഐ.എ.എസ് നിലപാട്. യോഗ്യത നിഷ്‌കര്‍ഷിക്കാത്ത രാഷ്ട്രീയ നിയമനങ്ങളില്‍ വിജിലന്‍സ് ക്ലിയറന്‍സ് നിര്‍ബന്ധമാണെന്നാണ് സെക്രട്ടറിമാര്‍ ഫയലില്‍ എഴുതുന്നത്.നിരവധി മന്ത്രിമാരുടെ ഉത്തരവുകള്‍ ഇത്തരത്തില്‍ തള്ളി കഴിഞ്ഞു. ഐ.എ എസ്. തീരുമാനത്തെ മന്ത്രിമാര്‍ ക്ഷോഭത്തോടെ ചോദ്യം ചെയ്തിട്ടും ഫലമുണ്ടായില്ല.
വികസന പദ്ധതികള്‍ക്ക് പരിസ്ഥിതി ക്ലിയറന്‍സ് വേണമെന്നത് സര്‍ക്കാര്‍ തീരുമാനമായിരുന്നു.ഇത് ചൂണ്ടി കാണിച്ചാണ് വികസന ഫയലുകളില്‍ തടസം ഉന്നയിക്കന്നത്.
ചുരുക്കത്തില്‍ തങ്ങള്‍ വിചാരിച്ചാല്‍ ഭരണം അട്ടിമറിക്കാന്‍ കഴിയുമെന്നാണ് ഐ.എ എസുകാര്‍ പറയുന്നത്. ഇക്കാര്യം മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളാണത്രേ നടക്കുന്നത്. ചീഫ് സെക്രട്ടറിയുടെ പിന്തുണയും ഐ.എ എസുകാര്‍ക്കുണ്ട്.
https://www.facebook.com/Malayalivartha