ടി പി കൊലക്കേസ് പ്രതികള്‍ക്ക് ജയില്‍വാസം റിസോര്‍ട്ടിലേതു പോലെ; ഒടുവില്‍ പിടികൂടിയത് സ്മാര്‍ട്ട്‌ഫോണുകളും പവര്‍ബാങ്കും ഡേറ്റാകേബിളും

ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊന്ന കേസിലെ പ്രതികളായി വിയ്യൂര്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് ഷാഫി, കൊടി സുനി എന്നിവരില്‍ നിന്നും വീണ്ടും മൊബൈല്‍ പിടികൂടി. രണ്ട് സ്മാര്‍ട്ട് ഫോണുകള്‍, മൂന്ന് സിം കാര്‍ഡുകള്‍, ചാര്‍ജ് ചെയ്യാനായി ഉപയോഗിച്ചിരുന്ന രണ്ട് പവര്‍ ബാങ്ക്, ഡേറ്റ കേബിള്‍ എന്നിവയാണ് ജയിലിനുള്ളില്‍ നിന്നും പിടിച്ചെടുത്തത്.
ചൊവ്വാഴ്ച രാവിലെയാണ് ജയിലറുടെ നേതൃത്വത്തില്‍ ടി പി കേസ് പ്രതികളുടെ സെല്‍ ഉള്‍പ്പെടെ റെയ്ഡ് നടത്തിയത്. വ്യാജ അക്കൗണ്ട് വഴി ഇവര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായിരുന്നോ എന്നതുള്‍പ്പെടെ ജയില്‍ അധികൃതര്‍ സംശയിക്കുന്നു. കോഴിക്കോട് ജില്ലാ ജയിലില്‍ രണ്ടു വര്‍ഷം മുമ്പും ഷാഫിയുടെ കൈയില്‍ നിന്ന് സ്മാര്‍ട്ട് ഫോണ്‍ പിടികൂടിയിരുന്നു.
ടിപി കേസ് പ്രതികള്‍ക്ക് ജയിലില്‍ വഴിവിട്ട സൗകര്യങ്ങള്‍ ലഭിക്കുന്നുവെന്ന വാദം പലപ്പോഴും ഉയര്‍ന്നു വന്നിരുന്നു. ഇതിനിടെയാണ് കൂടുതല്‍ സൗകര്യങ്ങള്‍ അടങ്ങുന്ന ഫോണ്‍ ഉള്‍പ്പെടെ വീണ്ടും കൈയോടെ പിടികൂടുന്നത്.
കൊടി സുനി സെല്ലിനുള്ളില്‍ ഫോണില്‍ സംസാരിക്കുന്നത് രണ്ടാഴ്ച മുന്‍പ് ജയില്‍ വാര്‍ഡന്‍ കാണുകയും ഇത് ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചതിനെതിരെ വാര്‍ഡന് ജയില്‍ വകുപ്പ് വക മെമ്മോയും കിട്ടി. ഈ സംഭവത്തില്‍ ജയില്‍ ഡിഐജി അന്വേഷണം നടത്തുന്നതിനിടെയാണ് റെയ്ഡ് നടന്നത്. കൊടി സുനിയുടെ ഫോണ്‍ ചാര്‍ജ് ചെയ്യുന്ന നിലയിലാണ് കിട്ടിയത്. മുഹമ്മദ് ഷാഫി ഉപയോഗിച്ചിരുന്ന ഫോണ്‍ സെല്ലിനുള്ളില്‍ അലസമായി ഇട്ടിരിക്കുകയായിരുന്നു. ഇത് വഴി ചൂണ്ടുന്നത് ഇവരുടെ വഴിവിട്ട സൗകര്യങ്ങളിലേക്കാണ്. ജയിലിനുള്ളിലെ ഇവരുടെ ബന്ധങ്ങളും സംശയിക്കുന്നു. ജയിലിനുള്ളില്‍ നിന്ന് ഡേറ്റ കേബിള്‍ പിടിച്ചെടുക്കുന്നത് ആദ്യമായിട്ടാണെന്നും ജയില്‍ അധികൃതര്‍ പറയുന്നുണ്ട്. രഹസ്യ പാസ്വേഡ് ഉപയോഗിച്ചായിരുന്നു ഇരുവരും ഫോണ്‍ ഉപയോഗിച്ചിരുന്നത്.
https://www.facebook.com/Malayalivartha