ബീയര്‍ കുപ്പി കൊണ്ടു തലയ്ക്കടിയേറ്റ കോളജ് വിദ്യാര്‍ഥി മരിച്ചു

നിസ്സാര പ്രശ്‌നം പറഞ്ഞ് വഷളാക്കിയപ്പോള്‍ സംഭവിച്ചത് ദാരുണ ദുരന്തം. അവിടെയും വില്ലന്‍ മൊബൈലും. തൊടുപുഴയില്‍ ബീയര്‍ കുപ്പി കൊണ്ടു തലയ്ക്കടിയേറ്റു അതീവഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കോളജ് വിദ്യാര്‍ഥി മരിച്ചു; പ്ലസ്ടു വിദ്യാര്‍ഥി അറസ്റ്റില്‍. സഹോദരിയോട് അപമര്യാദയായി പെരുമാറിയതിന്റെ പേരിലുള്ള തര്‍ക്കത്തിനിടെയാണു പ്ലസ്ടു വിദ്യാര്‍ഥി കോളജ് വിദ്യാര്‍ഥിയെ തലയ്ക്കടിച്ചതെന്നു പൊലീസ് പറഞ്ഞു.
വണ്ടമറ്റം അമ്പാട്ട് വീട്ടില്‍ തങ്കച്ചന്റെ മകന്‍ അര്‍ജുന്‍ (20) ആണു മരിച്ചത്. മൂലമറ്റം സെന്റ് ജോസഫ്‌സ് കോളജിലെ മൂന്നാം വര്‍ഷ ലിറ്ററേച്ചര്‍ വിദ്യാര്‍ഥിയായിരുന്നു. തൊടുപുഴ മേഖലയിലെ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച രാത്രി എട്ടരയോടെ പടി.കോടിക്കുളത്തിനു സമീപം വെള്ളംചിറ ഭാഗത്തു വച്ചായിരുന്നു അര്‍ജുന് ബീയര്‍ കുപ്പിക്ക് അടിയേറ്റത്. അര്‍ജുന്റെ സഹപാഠിയായ പെണ്‍കുട്ടി കോളജിലെ മറ്റൊരു വിദ്യാര്‍ഥിയുമായി അടുപ്പത്തിലായിരുന്നുവെന്നും ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ അര്‍ജുന് ലഭിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രശ്‌നം പറഞ്ഞു തീര്‍ക്കാന്‍ അര്‍ജുനെ പെണ്‍കുട്ടിയുടെ സഹോദരന്‍ വീട്ടിലേക്കു വിളിച്ചു വരുത്തി.
തുടര്‍ന്ന് അര്‍ജുനും പെണ്‍കുട്ടിയുടെ സഹോദരനും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ ബീയര്‍ കുപ്പി ഉപയോഗിച്ച്, അര്‍ജുന്റെ തലയ്ക്കടിക്കുകയായിരുന്നു. പരുക്കേറ്റ അര്‍ജുന്‍ ബൈക്കില്‍ കയറി ഒരു കിലോമീറ്ററോളം സഞ്ചരിച്ചു. ഐരാമ്പിള്ളി കവലയിലെത്തിയപ്പോള്‍ കുഴഞ്ഞു വീണു. നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.
https://www.facebook.com/Malayalivartha

























