മദ്യവില്‍പ്പന ശാലകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു; അനുകൂല റിപ്പോര്‍ട്ടുണ്ടാക്കാന്‍ നിയമ സെക്രട്ടറിക്ക് ഉന്നതരില്‍ നിന്നും വന്‍സമ്മര്‍ദ്ദം

കേരളത്തില്‍ ബീവറേജസ് കോര്‍പ്പറേഷന്റെ 138 ഔട്ട്‌ലെറ്റുകള്‍ മാര്‍ച്ച് 31 നകം മാറ്റണം എന്ന ഉത്തരവിനെതിരെ യോജിച്ചു നില്‍ക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും ബാര്‍ അസോസിയേഷനും തമ്മില്‍ ധാരണയായതായി സൂചന. വിധിക്കെതിരെ പൊരുതാനുറച്ച ബാര്‍ ഉടമകള്‍ക്കുമുന്നില്‍ നിയമ സെക്രട്ടറി പറയേണ്ടകാര്യങ്ങള്‍ പറയേണ്ട രീതിയില്‍ പറയിപ്പിക്കുവാനായാണ് ഇപ്പോള്‍ സമ്മര്‍ദ്ദം ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ബിയര്‍ പാര്‍ലറുകള്‍ക്ക് മാര്‍ച്ച് 31 നുശേഷം ലൈസന്‍സ് പുതുക്കാതിരുന്നാല്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കേരള ഹോട്ടല്‍ ഇന്‍ഡസ്ട്രിയലിസ്റ്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വി എം രാധാകൃഷ്ണന്‍ പറഞ്ഞു. നിലവില്‍ ഹോട്ടലുടമകള്‍ക്ക് ലഭിച്ചിട്ടുള്ള നിയമോപദേശം എക്‌സൈസ് മന്ത്രി, അഡ്വക്കേറ്റ് ജനറല്‍, നിയമസെക്രട്ടറി, നികുതിവകുപ്പ് സെക്രട്ടറി, എക്‌സൈസ് കമ്മിഷണര്‍, സെക്രട്ടറി എന്നിവര്‍ക്ക് എത്തിച്ചിട്ടുണ്ട്.
ഇടതുപക്ഷവുമായും പിണറായി വിജയനുമായും വി.എം രാധാകൃഷ്ണനുള്ള ബന്ധം മുതലെടുത്ത് ഇടതുപക്ഷത്തെ വശത്താക്കാന്‍ ബാര്‍ ഉടമകള്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്. കേരളത്തിലെ നാഷണല്‍ സ്‌റ്റേറ്റ് ഹൈവേയില്‍ 500 മീറ്ററിനുള്ളില്‍ സ്ഥിതിചെയ്യുന്ന ബാറുകളുടെ ലൈസന്‍സ് മാര്‍ച്ച് 31ന് ശേഷം പുതുക്കികൊടുക്കേണ്ട എന്ന ലോ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെ തടയിടാനുള്ള നീക്കങ്ങളാണ് അണിയറയില്‍ നടക്കുന്നത്.
ദേശീയസംസ്ഥാന പാതയോരങ്ങളില്‍ മദ്യവില്പനശാലകള്‍ നിരോധിച്ച ഡിസംബര്‍ 15ലെ സ്‌റ്റേ വിധിയില്‍ മാറ്റം വരുത്തില്ലെന്ന് സുപ്രീംകോടതി ആവര്‍ത്തിച്ചു വ്യക്തമാക്കിയ സാഹചര്യത്തില്‍ സംസ്ഥാന ഹൈവേകളെ പുനര്‍നാമകരണം ചെയ്യിച്ച് കോടതിവിധിയില്‍ നിന്ന് തടിയൂരാനുള്ള സൂത്രങ്ങള്‍ ബാറുടമകളും ഇടതുപക്ഷത്തെ ചില പ്രമുഖരും ചേര്‍ന്ന് ആലോചിച്ചു വരുന്നു.
ദേശീയ, സംസ്ഥാന പാതയോരത്തെ മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ മാറ്റി സ്ഥാപിക്കണമെന്ന വിധി ബാര്‍, ബിയര്‍ പാര്‍ലറുകള്‍ക്ക് ബാധകമാകുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ നിയമോപദേശം തേടാനിരിക്കെ വിധി ബാറുകള്‍ക്കും ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍ക്കും അനുകൂലമാകുന്ന വിധത്തില്‍ നിയമസെക്രട്ടറി സര്‍ക്കാരിന് നിയമോപദേശം നല്‍കുവാനുള്ള നീക്കങ്ങള്‍ സജീവമാണ്.
https://www.facebook.com/Malayalivartha

























