സി.പി.എമ്മില്‍ വാസ്തുദോഷ വിവാദം

രണ്ടുവര്‍ഷം മുമ്പു ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച സി.പി.എം. തൊടുപുഴ ഏരിയാ കമ്മിറ്റി ഓഫീസിലെ വാതില്‍ പൊളിച്ച് മാറ്റിപണിതിരുന്നു. ഇപ്പോള്‍ അതിനെച്ചൊല്ലിയുള്ള വിവാദം കൊഴുക്കുകയാണ്. വാസ്തുശാസ്ത്രപ്രകാരമുള്ള പിഴവിന്റെ പേരിലാണ് വാതില്‍ പൊളിച്ചുമാറ്റിയതെന്ന ആരോപണവുമായി പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്ത് എത്തിയതാണ് വിവാദത്തിന് ഇടയാക്കിയത്.
വിഭാഗീയതയുടെ പേരില്‍ ഏറെ വിവാദങ്ങള്‍ ഉണ്ടായ സ്ഥലമായ തൊടുപുഴയിലെ ഏരിയാ കമ്മിറ്റി ഓഫീസില്‍ ഏരിയാ സെക്രട്ടറിയുടെ മുറിയിലേക്കുള്ള വാതിലാണ് പൊളിച്ചു നീക്കി മാറ്റി നിര്‍മിച്ചത്. ഏരിയാ കമ്മിറ്റി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ജില്ലാനേതൃത്വം മുന്നോട്ടു വച്ച പാനലിനെ അട്ടിമറിച്ച് അധികാരത്തിലെത്തിയ സെക്രട്ടറിയെ പിന്നീട് വിഭാഗീയതയുടെ പേരില്‍ തരം താഴ്ത്തിയതിനെ തുടര്‍ന്നാണ് എസ്.എഫ്.ഐ നേതാവായിരുന്ന മുഹമ്മദ് ഫൈസലിന് ഏരിയാ സെക്രട്ടറിയുടെ ചുമതല ലഭിച്ചത്.
വാസ്തുശാസ്ത്ര പ്രകാരമാണ് വാതില്‍ പൊളിച്ചതെന്ന ആരോപണം ശരിയല്ലെന്ന് മുഹമ്മദ് ഫൈസല്‍ പറയുന്നു. ഏരിയാ സെക്രട്ടറിയായ തന്റെ മുറിയിലേക്കുള്ള പ്രവേശനം മറ്റൊരു മുറിയിലൂടെയായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇതില്‍ പരാതി ഉന്നയിച്ചതിനാലാണ് നേരിട്ട് മുറിയിലെത്താനായി വാതില്‍ നിര്‍മിച്ചതെന്നും അല്ലാതെയുള്ള ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും മുഹമ്മദ് ഫൈസല്‍ പറഞ്ഞു.
എന്നാല്‍ നിര്‍മിച്ച് രണ്ടു വര്‍ഷമായ ഓഫീസ് എന്തിനു പൊളിച്ചുവെന്നാണ് ഒരു വിഭാഗത്തിന്റെ ചോദ്യം. ഏരിയാ കമ്മിറ്റി നിര്‍മാണ കാലഘട്ടം മുതല്‍ വിവാദങ്ങള്‍ നില നിന്നിരുന്നു. 80 ലക്ഷത്തോളം രൂപ ചിലവു വന്ന ഓഫീസിന്റെ നിര്‍മാണക്കണക്കുകള്‍ഇതുവരെ അവതരിപ്പിച്ചിരുന്നില്ല. ഇതു സംബന്ധിച്ചുള്ള കണക്കുകള്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ്്് മുന്‍ ഏരിയാ സെക്രട്ടറിയെ തരംതാഴ്ത്തിയതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha