'ഇ-ഹെല്‍ത്ത് കേരള' മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

സര്‍ക്കാര്‍ ആശുപത്രികളിലെ എല്ലാ പ്രവര്‍ത്തനങ്ങളും ആധുനിക വിവരസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിക്കൊണ്ട് പരസ്പരം ബന്ധിപ്പിക്കുന്ന 'ഇ-ഹെല്‍ത്ത് കേരള' പദ്ധതിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കം കുറിച്ചു. ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ആരോഗ്യരംഗത്ത് ഇത്തരത്തില്‍ വിപ്ലവകരമായ മുന്നേറ്റം കൈവരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
രണ്ടു ഘട്ടങ്ങളിലായാണു പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ വിവിധ ശ്രേണികളിലുളള സ്ഥാപനങ്ങളെയാണ് പൈലറ്റ് അടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കാനായി തെരഞ്ഞെടുത്തിട്ടുളളത്. ഇതിന്റെ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷം തിരുവനന്തപുരം, ആലപ്പുഴ, കാസര്‍ഗോഡ്, മലപ്പുറം, ഇടുക്കി, എറണാകുളം, കണ്ണൂര്‍ എന്നിങ്ങനെ ഏഴു ജില്ലകളില്‍ ആദ്യഘട്ടമെന്ന നിലയില്‍ പദ്ധതി നടപ്പാക്കും. രണ്ടാം ഘട്ടത്തില്‍ മറ്റ് ഏഴു ജില്ലകളില്‍ കൂടി പദ്ധതി വ്യാപിപ്പിക്കും. അതോടെ കേരളത്തിലെ പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍ പൂര്‍ണമായും ഒരു കേന്ദ്രീകൃത ശൃംഖലയുടെ ഭാഗമായി മാറും.
ഇ-ഹെല്‍ത്ത് വിഭാവനം ചെയ്യുന്നതു വിപുലമായ ലക്ഷ്യങ്ങളാണ്. സംസ്ഥാനത്തെ മുഴുവന്‍ പൊതുജനാരോഗ്യ കേന്ദ്രങ്ങളെയും കേന്ദ്രീകൃത ശൃംഖലയുമായി ബന്ധിപ്പിക്കുക വഴി ഇവിടെ ചികിത്സതേടി എത്തുന്ന വ്യക്തികളുടെ രോഗം, നല്‍കുന്ന ചികിത്സ, ആരോഗ്യം സംബന്ധിക്കുന്ന പൊതുവിവരങ്ങള്‍ എന്നിവ ഡിജിറ്റലായി ശേഖരിച്ച് സൂക്ഷിക്കാനാകും.
അതോടൊപ്പം സാമൂഹിക ആരോഗ്യ പ്രവര്‍ത്തകര്‍ തങ്ങളുടെ ദൈനംദിന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ശേഖരിക്കുന്ന സാമൂഹിക ആരോഗ്യ വിവരങ്ങള്‍ അവര്‍ക്കു ലഭ്യമാക്കുന്ന ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ചു അപ്‌ലോഡ് ചെയ്യും. തെരഞ്ഞെടുപ്പു തിരിച്ചറിയല്‍ കാര്‍ഡ് പോലെയുള്ള ഒരു വ്യതിരിക്ത നമ്പര്‍ മുഖേന ഈ വിവരങ്ങളെ ബന്ധിപ്പിച്ച് ഓരോ വ്യക്തിയുടെയും ആരോഗ്യസംബന്ധിയായ വിവരങ്ങളുടെ സമഗ്രത ഉറപ്പാക്കും. സാംക്രമികരോഗങ്ങളുടെ ഉത്ഭവവും വ്യാപനവും യഥാവസരം കണ്ടെത്തുന്നതിനും സമയബന്ധിതമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനും ഇതു വളരെ സഹായകമാകും.
വ്യക്തികളുടെ ചികില്‍സാരേഖകള്‍ കേന്ദ്രീകൃത ഡേറ്റാബേസില്‍ ലഭ്യമാക്കുക വഴി അവര്‍ സംസ്ഥാനത്തെ ഏതു സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയാലും തടസ്സമില്ലാതെയുള്ള തുടര്‍ചികിത്സ ഉറപ്പാക്കാന്‍ സാധിക്കും. കമ്പ്യൂട്ടര്‍ അധിഷ്ഠിതമായ മാനേജ്‌മെന്റ് സംവിധാനം നിലവില്‍ വരുന്നതോടെ ഔട്ട് പേഷ്യന്റ് വിഭാഗം, ലാബറട്ടറി, ഫാര്‍മസി, എക്‌സ്‌റേ എന്നിവിടങ്ങളില്‍ അനുഭവപ്പെട്ടുവരുന്ന തിരക്കും കാലതാമസവും ഒഴിവാക്കാനാകും.
അതുപോലെതന്നെ, വിവിധ സര്‍ക്കാര്‍ ആശുപത്രികളെ സംബന്ധിച്ചും ഓരോ സ്ഥലത്തും ലഭ്യമാകുന്ന സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍, ഓണ്‍ലൈന്‍ അപ്പോയിമെന്റ് , പേയ്‌മെന്റ് എന്നിവയെ സംബന്ധിച്ചുമുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന ഒരു വെബ് പോര്‍ടലും ഈ പദ്ധതിയുടെ ഭാഗമായി ഉടന്‍ സജ്ജമാക്കും. ജനങ്ങള്‍ക്കു നിലവില്‍ ലഭ്യമായിക്കൊണ്ടിരിക്കുന്ന വിവിധങ്ങളായ ക്ഷേമപരിരക്ഷകളുടെ കൃത്യത ഉറപ്പാകാനാവുന്നതും, ആരോഗ്യവകുപ്പില്‍ നിന്നും ലഭിക്കേണ്ട പല തരത്തിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സമയബന്ധിതമായി വിതരണം ചെയ്യുവാനും ഈ പദ്ധതി നടപ്പാകുന്നതോടെ സാധ്യമാകും.
വൈദ്യശാസ്ത്രഗവേഷണം, ആശുപത്രികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തല്‍, ആരോഗ്യ സംരക്ഷണ നയപരിപാടികളുടെ രൂപവല്‍ക്കരണം, പകര്‍ച്ചവ്യാധി നിയന്ത്രണം തുടങ്ങിയ മേഖലകളില്‍ സമഗ്രമായ പുരോഗതിക്ക് ഈഹെല്‍ത്ത് പദ്ധതി സഹായകമാകും.
https://www.facebook.com/Malayalivartha