വിജിലന്‍സിന് മുഖ്യന്റെ പാര, വേല വേണ്ട വേലപ്പാ....

മുഖ്യമന്ത്രി പിണറായി വിജയനും വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസും അകലുന്നു. വിജിലന്‍സ് കാരണം തനിക്ക് ശത്രുക്കള്‍ വര്‍ധിക്കുകയാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഒരു കൈ അകലം സൂക്ഷിക്കാന്‍ പിണറായി തീരുമാനിച്ചത്. മുഖ്യമന്ത്രിയുമായുള്ള മികച്ച ബന്ധം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന വിജിലന്‍സ് മേധാവി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി നടത്തിയ അഴിമതി വിരുദ്ധ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രിയെ ക്ഷണിച്ചിരുന്നു. ഐ.എം.ജിയിലാണ് യോഗം നടന്നത്. തിങ്കളാഴ്ച 10 മണിക്കാണ് ഉദ്ഘാടനം നടക്കേണ്ടിയിരുന്നത്. മുഖ്യമന്ത്രിയുടെ സൗകര്യാര്‍ത്ഥം പിന്നീട് പത്തേമുക്കാലാക്കി.നിയമസഭയില്‍ ആയിരുന്ന മുഖ്യമന്ത്രി ഇറങ്ങാത്തതിനെ തുടര്‍ന്ന് ഒരു മണിയിലേക്ക് മാറ്റി. എന്നിട്ടും മുഖ്യമന്ത്രി വന്നില്ല .സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ പരിപാടിയുടെ കാര്യം ഓര്‍മ്മപ്പെടുത്തിയെങ്കിലും മുഖ്യമന്ത്രി മറുപടി നല്‍കിയില്ല.
ഇതിനിടെ ജേക്കബ് തോമസ് നേരിട്ട് മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചെങ്കിലും അദ്ദേഹം ഫോണെടുത്തില്ല. എന്നാല്‍ സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടന്ന അഡീഷണല്‍ ചീഫ് സെക്രട്ടറി വി ജെ കുര്യന്റെ യാത്രയയപ്പ് സമ്മേളനത്തില്‍ മുഖ്യമന്ത്രി കൃത്യമായും പങ്കെടുത്തു.കേരള ജല അതോറിറ്റിയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ചടങ്ങിലും അദ്ദേഹം പങ്കെടുത്തു. ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അവരും വന്നില്ല.
ഹൈക്കോടതി വിജിലന്‍സിന് എതിരെ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് സ്വാധീനമുള്ളവരുടെ അഴിമതി കേസുകള്‍ സ്വീകരിക്കില്ലെന്ന് വിജിലന്‍സ് ആസ്ഥാനത്ത് നോട്ടീസ് ബോര്‍ഡ് ഒട്ടിച്ചിരുന്നു. ഇക്കാര്യം ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ നോട്ടീസ് കീറി കളഞ്ഞു. എന്നാല്‍ ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയോട് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ താന്‍ അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു ഇതിന്റെ അടിസ്ഥാനത്തില്‍ നളിനി നെറ്റോ വിജിലന്‍സ് ഡയറക്ടര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.
കൂടുതല്‍ ആള് ചമയേണ്ടന്ന കൃത്യമായ സന്ദേശമാണ് വിജിലന്‍സ് പരിപാടിയില്‍ പങ്കെടുക്കാതിരുന്നതിലൂടെ പിണറായി നല്‍കിയത്.തുറന്നു പിടിച്ച കത്തിക്ക് മുമ്പിലൂടെ നടന്നവനാണ് താന്‍ എന്ന പിണറായിയുടെ മാംഗ്‌ളൂര്‍ പ്രസംഗം വിജിലന്‍സിനും ബാധകമാണ് എന്ന് ഇതിലൂടെ തെളിഞ്ഞു. അതേ സമയം ഐ.എം.ജി.ഡയറക്ടര്‍ ജനറലായ റ്റി.പി.സെന്‍കുമാറും ജേക്കബ് തോമസിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുത്തില്ല. മനപൂര്‍വം പങ്കെടുത്തില്ലെന്ന് പറയുന്നതാണ് ശരി.
https://www.facebook.com/Malayalivartha























