ഹെല്‍മെറ്റ് ഇല്ലെങ്കില്‍ ലാത്തിയേറ്

നഗര മധ്യത്തില്‍ ഹെല്‍മെറ്റ് പരിശോധനയ്ക്കിറങ്ങിയ പൊലീസ് സംഘത്തിലെ എസ്‌ഐ ഹെല്‍മെറ്റില്ലാതെയെത്തിയ ബൈക്ക് യാത്രക്കാരനെ ലാത്തിയെറിഞ്ഞു പിടികൂടിയത് പ്രതിഷേധത്തിനിടയാക്കി. ഇന്നലെ വൈകിട്ടാണ് പുളിക്കൂല്‍ റോഡ് വഴിയെത്തിയ ബൈക്കുകാരനു നേരെ എസ്‌ഐ കെ.എസ്. അജീഷ് ലാത്തിയെറിഞ്ഞത്. ബൈക്കുമായി വീഴുമെന്നായ യുവാവിന്റെ താക്കോല്‍ പൊലീസ് കൈവശപ്പെടുത്തിയെങ്കിലും ജനം രോഷാകുലരായതോടെ തിരികെ നല്‍കി. ഹെല്‍മെറ്റ് പരിശോധന നടത്തുന്നതിന് ആരും എതിരല്ലെന്നും തിരക്കേറിയ നഗര മധ്യത്തില്‍ പലയിടങ്ങളിലും നടത്തുന്ന പരിശോധന അപകടങ്ങള്‍ക്കിടയാക്കുന്നുവെന്നു പറഞ്ഞു വ്യാപാരികളുള്‍പ്പെടെയുള്ളവര്‍ പൊലീസിനെതിരെ തിരിഞ്ഞു.
നാട്ടുകാരുടെ പ്രതിഷേധമറിഞ്ഞു എസ്‌ഐ കെ.പി. അഭിലാഷിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി. ഇതിനിടയില്‍ ഹെല്‍മെറ്റ് പരിശോധന നടത്തിയ എസ്‌ഐയും സംഘവും എന്‍കേ കോംപ്ലക്‌സ് പരിസരത്തെ നോ പാര്‍ക്കിങ് സ്ഥലത്ത് പൊലീസ് ജീപ്പ് നിര്‍ത്തി ഹെല്‍മെറ്റില്ലാത്തവരെയൊക്കെ പിടികൂടാന്‍ തുടങ്ങി. നാട്ടുകാരും സംഘടിച്ചു. നേരം ഇരുട്ടുന്നതു വരെ നഗരത്തില്‍ വന്‍ പൊലീസ് സംഘത്തെ ഇറക്കിയായിരുന്നു പരിശോധന. എംഎസ്പിക്കാരുള്‍പ്പെടെയുള്ള വന്‍ പൊലീസ് സംഘത്തെ കണ്ട് പലരും കാര്യമന്വേഷിക്കാന്‍ തടിച്ചു കൂടി. ഇതിനിടയിലും ഹെല്‍മെറ്റില്ലാതെയെത്തിയവരെ പൊലീസ് പിടികൂടുന്നുണ്ടായിരുന്നു. ഭീകരാന്തരീക്ഷം സൃഷ്ടിച്ചുള്ള പരിശോധന അവസാനിപ്പിക്കണമെന്ന് മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയും വ്യാപാരി വ്യവസായി മേഖലാ കമ്മിറ്റിയും ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha























