എല്ലാവരും മാണിയെ അനുമോദിച്ചു; പിസി ജോര്‍ജിന്റെ പുകഴ്ത്തല്‍ കേട്ട് സഭ ഞെട്ടിപ്പോയി; മാണിക്ക് ഭാര്യമാര്‍ രണ്ട്...

നിയമസഭയില്‍ അരനൂറ്റാണ്ട് തികയ്ക്കുന്ന കെ എം മാണിയെ പിസി ജോര്‍ജ് പുകഴ്ത്തുമ്പോള്‍ സഭയില്‍ ചിരി പടര്‍ന്നു. ഇതിനിടെ പിസി സഭയെ ഞെട്ടിക്കുകയും ചെയ്തു. മാണിക്ക് ഭാര്യമാര്‍ രണ്ടാണെന്നാണ് പി സി ജോര്‍ജ്ജ് വാദിച്ചത്. ഇക്കാര്യം തന്നോട് മാണി പലപ്പോഴും പറഞ്ഞിട്ടുണ്ടെന്നും രണ്ടു ഭാര്യമാരോടും തുല്യ സ്‌നേഹം തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ടെന്നും പിസി ജോര്‍ജ്ജ് നിയമസഭയില്‍ പറഞ്ഞു.
ഒരു ഭാര്യ കുട്ടിയമ്മചേട്ടത്തിയാണെന്നും മറ്റൊരു ഭാര്യ തന്നെ എപ്പോഴും ജയിപ്പിച്ചു കൊണ്ടിരിക്കുന്ന പാലായാണെന്നും മാണി പറയുമായിരുന്നു. ഇവരില്‍ ആരോടാണ് ഏറ്റവും കൂടുതല്‍ ഇഷ്ടമെന്ന ചോദ്യത്തിന് രണ്ടു പേരോടും തുല്യ സ്‌നേഹം ആണെന്നും പറയുമായിരുന്നെന്ന് ജോര്‍ജ്ജ് പറഞ്ഞു.
മാണിയുടെ ഏറ്റവും അടുത്ത അയല്‍ക്കാരന്‍ ഉമ്മന്‍ചാണ്ടിയാണെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ദൂരം കൊണ്ടു താനാണ് ഏറ്റവും അടുത്ത അയല്‍ക്കാരനെന്നും അതിന്റെ സ്‌നേഹം തങ്ങള്‍ തമ്മിലുണ്ടെന്നും ജോര്‍ജ്ജ് പറഞ്ഞു. നിയമസഭാ സാമാജികനായി ഒരു നിര്‍ണ്ണായക നേട്ടം പൂര്‍ത്തിയാക്കുന്ന മാണിസാറിന് അഭിനന്ദനങ്ങള്‍ നേര്‍ന്ന ജോര്‍ജ്ജ് തങ്ങള്‍ തമ്മില്‍ ആശയപരമായി മാത്രമാണ് ശത്രുതയെന്നും പറഞ്ഞു. സത്യത്തില്‍ താന്‍ ശത്രുക്കളായി കരുതിയവരെല്ലാം മിത്രങ്ങളായിരുന്നെന്നാണ് ഇതിന് മാണിയുടെ മറുപടി.
എല്ലാവരോടും വളരെ സ്‌നേഹമുള്ള തനിക്ക് ജോര്‍ജ്ജിനെയും അനുജനെപ്പോലെ കാണാനാണ് ഇഷ്ടമെന്നും മാണി പറഞ്ഞു. അതിനേക്കാളുപരി തന്നെ ഇത്രയും കാലം വിശ്വസിച്ച് നിയമസഭയിലേക്ക് അയച്ചിരുന്ന പാലായിലെ ജനങ്ങളോട് അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നതായും മാണി സഭയില്‍ പറഞ്ഞു. ഒരേ നിയോജക മണ്ഡലത്തില്‍ നിന്നും തന്നെ നിരന്തരം കയറ്റിവിട്ട പാലാക്കാരെ നന്ദിയോടെ സ്മരിക്കുന്നതായും മാണി പറഞ്ഞു. നിയമസഭയിലെ ഏറ്റവും സീനിയര്‍ അംഗമെന്ന് വിശേഷിപ്പിക്കാവുന്ന കെ എം മാണി സ്വന്തമായി തത്വശാസ്ത്രം തന്നെ ചമച്ചയാള്‍ എന്നായിരുന്നു സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ പരാമര്‍ശം.
https://www.facebook.com/Malayalivartha


























