കൊട്ടിയൂര്‍ പീഡന കേസിലെ രണ്ടാം പ്രതിയായ തങ്കമ്മ നെല്ലിയാനിയും കീഴടങ്ങി

കൊട്ടിയൂര്‍ ബലാത്സംഗകേസിലെ രണ്ടാം പ്രതിയായ തങ്കമ്മ നെല്ലിയാനി കീഴടങ്ങി. പേരാവൂര്‍ സിഐക്ക് മുന്നിലാണ് തങ്കമ്മ കീഴടങ്ങിയത്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് കീഴടങ്ങല്‍. കോടതി നിര്‍ദ്ദേശിച്ച അവസാന ദിനമാണ് ഇന്ന്. കേസിലെ എട്ട്, ഒന്‍പത്, പത്ത് പ്രതികളായ ഫാദര്‍ തോമസ് തേരകവും സിസ്റ്റര്‍മാരായ ബെറ്റിയും ഒഫീലിയയും പേരാവൂര്‍ സിഐക്ക് മുന്നില്‍ ഇന്നലെ കീഴടങ്ങിയിരുന്നു.
കേസിലെ ഒന്‍പതാം പ്രതിയാണ് തേരകം. വൈദീകനും കന്യാസ്ത്രീകളും പേരാവൂര്‍ സിഐക്ക് മുന്നില്‍ തന്നെയാണ് കീഴടങ്ങിയത്. ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയാണ് തങ്കമ്മ കീഴടങ്ങിയത്. കുട്ടിയെ വൈത്തിരി അനാഥായത്തില്‍ എത്തിച്ചതാണ് തങ്കമ്മയ്ക്ക് നേരെയുള്ള കുറ്റം. തങ്കമ്മ മാതൃവേദിയുടെ ഭാരവാഹിയും വൈദീകന്റെ അടുത്തയാളുമായിരുന്നു. ഗൂഢാലോചനയും കുട്ടിയെ കടത്തിയതുമടക്കം നിരവധി കേസുകളാണ് തങ്കമ്മയ്ക്ക് മേല്‍ ഉള്ളത്. ഇവര്‍ ഉപയോഗിച്ചിരുന്ന വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെത്തിയിട്ടുണ്ട്. ഫോണ്‍ രേഖകള്‍ പരിശോധിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വയനാട് ശിശുക്ഷേമ സമിതി മുന്‍ചെയര്‍മാനാണ് ഫാദര്‍ തേരകം. സിഡബ്ല്യുസി മുന്‍ അംഗമാണ് സിസ്റ്റര്‍ ബെറ്റി ജോസഫ്.
തങ്കമ്മ ഉള്‍പ്പെടെ നാല് പ്രതികളോട് അഞ്ചുദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വൈദീകനും കന്യാസ്ത്രിമാരും കീഴടങ്ങി. വയനാട് വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി ബാലികാമന്ദിരം സൂപ്രണ്ടാണ് കീഴടങ്ങിയ ഒഫീലിയ. പെണ്‍കുട്ടി പ്രസവിച്ചപ്പോള്‍ കുഞ്ഞിനെ ഒളിപ്പിക്കാന്‍ ശ്രമിച്ചതും കുഞ്ഞിന്റെ വിവരങ്ങള്‍ യഥാസമയം ബന്ധപ്പെട്ടവരെ അറിയിച്ചില്ലെന്നും മറ്റുമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍. ഇനി കേസില്‍ അഞ്ചു പേരെ കൂടി കസ്റ്റഡിയിലെടുക്കാനുണ്ട്.
https://www.facebook.com/Malayalivartha
























