വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള മരുന്നുകള്‍ കുറഞ്ഞനിരക്കില്‍ ലക്ഷ്യമാക്കാനായി മൃഗസംരക്ഷണ വകുപ്പ് ന്യായവില മെഡിക്കല്‍ ഷോപ്പുകള്‍ തുറക്കുന്നു

വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള മരുന്നുകള്‍ കുറഞ്ഞനിരക്കില്‍ ലക്ഷ്യമാക്കാനായി മൃഗസംരക്ഷണ വകുപ്പ് ന്യായവില മെഡിക്കല്‍ ഷോപ്പുകള്‍ തുറക്കുന്നു. കര്‍ഷകരെ സഹായിക്കാന്‍ ലക്ഷ്യമിട്ട് ജില്ല ആസ്ഥാനങ്ങളില്‍ തുറക്കുന്ന മാര്‍ജിന്‍ ഫ്രീ മെഡിക്കല്‍ ഷോപ്പുകള്‍വഴി 40 ശതമാനംവരെ വിലക്കുറവില്‍ മരുന്നുകള്‍ ലഭ്യമാക്കാനാണ് തീരുമാനം.
ജില്ല ആസ്ഥാനങ്ങളില്‍ വെറ്ററിനറി ഓഫിസുകളോട് ചേര്‍ന്നാകും ഇവ ആരംഭിക്കുക. ഇതിന്റെ ആദ്യഘട്ടപ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടു കോടി സര്‍ക്കാര്‍ അനുവദിച്ചു. ജില്ല ആസ്ഥാനങ്ങളില്‍ ആദ്യഘട്ടത്തില്‍ തുടക്കമിടുന്ന ഇവ വിജയകരമാണെങ്കില്‍ പഞ്ചായത്തുകളുടെ സഹായത്തോടെ കര്‍ഷകര്‍ ഏറെയുള്ള പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും.ലാഭം പൂര്‍ണമായും ഒഴിവാക്കുന്നതിനൊപ്പം കമ്പനികളില്‍നിന്ന് നേരിട്ട് മരുന്നുകള്‍ വാങ്ങുന്നതിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്തിയാകും നിലവിലുള്ള വിലയെക്കാള്‍ കുറഞ്ഞനിരക്കില്‍ മരുന്നുകള്‍ നല്‍കുക.
കൂടുതല്‍ അനുകൂല്യങ്ങള്‍ ലക്ഷ്യമിട്ട് കമ്പനികളുമായി നേരിട്ട് ചര്‍ച്ച നടത്താനും വകുപ്പ് ഉദ്ദേശിക്കുന്നുണ്ട്. നിലവില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ന്യായവില ഇംഗ്ലീഷ് മരുന്നുകളുടെ മാതൃകയാകും ഇക്കാര്യത്തില്‍ സ്വീകരിക്കുക. മൃഗസംരക്ഷണ വകുപ്പ് നേരിട്ട് നടത്തുന്നതിനാല്‍ ടാക്‌സ് ഇളവ് അടക്കം ലഭിക്കുമോയെന്നും പരിശോധിക്കുന്നുണ്ട്. മൃഗങ്ങള്‍ക്ക് ആവശ്യമുള്ള മുഴുവന്‍ മരുന്നുകളും ഉപകരണങ്ങളും ലഭ്യമാക്കുന്ന ഇവയുടെ മേല്‍നോട്ടം അതത് ജില്ല പഞ്ചായത്ത് ഭാരവാഹികളും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും അടങ്ങുന്ന മാനേജിങ് കമ്മിറ്റികള്‍ക്കാവും. ഇവരുടെ മേല്‍നോട്ടത്തിലാകും യോഗ്യരായ ജീവനക്കാരെ നിയമിക്കുന്നതടക്കമുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങളും നടത്തുക. ദിവസേനയുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലകളിലെ ചീഫ് വെറ്ററിനറി ഓഫിസര്‍മാര്‍ നിരീക്ഷിക്കും. സോഫ്റ്റ്‌വെയര്‍ അടക്കമുള്ളവയും ഒരുക്കും. ജില്ല വെറ്ററിനറി ഓഫിസുകളുമായി ബന്ധപ്പെട്ട് സൗകര്യപ്രദമായ മുറികളുണ്ടെങ്കില്‍ ഇവതന്നെ ഉപയോഗിക്കും. ഇല്ലെങ്കില്‍ ചെലവുകുറഞ്ഞ നിര്‍മാണ സങ്കേതികവിദ്യ ഉപയോഗിച്ച് മുറികളും സൗകര്യങ്ങളും ഒരുക്കും.
നേരത്തേ തിരുവനന്തപുരത്ത് ജില്ല പഞ്ചായത്തുമായി ചേര്‍ന്ന് കുറഞ്ഞ വിലയ്ക്ക് മരുന്നുകള്‍ ലഭ്യമാക്കുന്ന സംവിധാനം ഒരുക്കിയിരുന്നു. ഇത് വിജയകരമാണെന്ന് കണ്ടെത്തിയതോടെയാണ് വിപുലമായ രീതിയില്‍ കൂടുതല്‍ ആനുകൂല്യങ്ങളോടെ ഷോപ്പുകള്‍ തുറക്കാനുള്ള തീരുമാനം. കര്‍ഷകരെ സഹായിക്കുന്നതിന്റെ ഭാഗമായി കാലിത്തീറ്റയടക്കം വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റകള്‍ കുറഞ്ഞവിലയ്ക്ക് നല്‍കാനും ലക്ഷ്യമിടുന്നുണ്ട്.
കൊല്ലം കൊട്ടിയത്ത് പരീക്ഷണാടിസ്ഥാനത്തില്‍ തുടക്കമിടാനാണ് ആലോചന. ഇതിന്റെ ഭാഗമായി തീറ്റ ഉല്‍പാദന കമ്പനികളുമായി ചര്‍ച്ച നടത്തും. ഇത് വിജയിച്ചാല്‍ ന്യായവില മെഡിക്കല്‍ ഷോപ്പുകളുമായി ഇവയെ ബന്ധപ്പെടുത്തും.
https://www.facebook.com/Malayalivartha

























