മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറ്റത്തിന് കൂട്ടുനില്‍ക്കുന്നത് പ്രദേശത്തെ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളെന്ന് ആരോപണം

അനധികൃതമായ ഭൂമി കയ്യേറ്റം വീണ്ടും ചര്‍ച്ചയാകുന്നതിനിടെ, മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറ്റത്തിന് കൂട്ടുനില്‍ക്കുന്നത് പ്രദേശത്തെ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളെന്ന് ആരോപണമുയരുന്നു. ഭരണകക്ഷിയില്‍പ്പെട്ട നേതാക്കള്‍ മൂന്നാര്‍ ടൗണിലെ 10 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി പാര്‍ട്ടി ഗ്രാമമാക്കിയെന്ന് വ്യക്തമായി. പ്രദേശത്തു പരിശോധനയ്‌ക്കെത്തുന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരെ നേരിടാന്‍ ഗുണ്ടാസംഘങ്ങളെയും നിയോഗിച്ചു. മൂന്നാര്‍ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള പിഡബ്ല്യൂഡി ഗസ്റ്റ് ഹൗസിനു മുന്നിലെ സര്‍ക്കാര്‍ ഭൂമിയാണ് പാര്‍ട്ടി ഗ്രാമമായി മാറിയത്.
മുന്‍ ഏരിയാ സെക്രട്ടറിയാണ് സര്‍ക്കാര്‍ ഭൂമി വളച്ചുകെട്ടി കയ്യേറ്റത്തിന് വഴികാട്ടിയത്. പിന്നാലെ ലോക്കല്‍ സെക്രട്ടറിയും അണികളും ഒടുവില്‍ എംഎല്‍എയും സര്‍ക്കാര്‍ ഭൂമിയുടെ അവകാശികളായി. റോഡ്, കുടിവെള്ളവും ഉള്‍പ്പെടെ കോടിക്കണക്കിന് രൂപയുടെ പദ്ധതികള്‍ എംഎല്‍എ ഇടപെട്ട് പാര്‍ട്ടി ഗ്രാമത്തില്‍ നടപ്പിലാക്കി. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനെത്തിയ പൊലീസിനെയും റവന്യൂ ഉദ്യോഗസ്ഥരെയും പാര്‍ട്ടിക്കാര്‍ കായികമായി നേരിട്ടു.
സര്‍ക്കാര്‍ ഭൂമിയില്‍ കെട്ടിപ്പടുത്ത പാര്‍ട്ടി ഗ്രാമത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ സംഘത്തെയും നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിട്ടെത്തി തടഞ്ഞു. സിപിഎം മറയൂര്‍ ഏരിയ സെക്രട്ടറി ലക്ഷ്മണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അവരെ തടഞ്ഞത്. ഒരു മണിക്കൂറോളം സംഘത്തെ തടഞ്ഞുവച്ച പാര്‍ട്ടിക്കാര്‍, ഇവരെ അസഭ്യം വിളിക്കുകയും ചെയ്തു. കയ്യേറ്റക്കാര്‍ക്ക് ഒത്താശ ചെയ്യുന്നതില്‍ മാത്രമല്ല, സര്‍ക്കാര്‍ ഭൂമി വളച്ചുകെട്ടുന്ന കാര്യത്തിലും മുന്‍പന്തിയിലാണ് മൂന്നാറിലെ രാഷ്ട്രീയ നേതാക്കള്‍ എന്നു വ്യക്തമാക്കുകയാണ് ഈ റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha
























