ഹസന് കെപിസിസി അധ്യക്ഷന്റെ താത്ക്കാലിക ചുമതല

കെപിസിസി അധ്യക്ഷന്റെ താത്കാലിക ചുമതല എം.എം ഹസന് നല്‍കാന്‍ തീരുമാനം. ഹൈക്കമാന്‍ഡ് തീരുമാനം സംസ്ഥാന നേതാക്കളെ അറിയിച്ചു. കൂടാതെ എഐസിസി ഇത് സംബന്ധിച്ച വാര്‍ത്തക്കുറിപ്പും പുറത്തിറക്കി. പാര്‍ട്ടി പ്രവര്‍ത്തകരുടെ പിന്തുണയോടെ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുമെന്ന് തീരുമാനം അറിഞ്ഞശേഷം ഹസന്‍ പ്രതികരിച്ചു. എഐസിസിക്കും സോണിയഗാന്ധിക്കും ഹസന്‍ താത്കാലിക നിയമനത്തിനുളള നന്ദിയും പറഞ്ഞു. നാളെത്തന്നെ താത്കാലിക ചുമതല ഏറ്റെടുക്കുമെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു. വിഎം സുധീരന്‍ രാജിവെച്ച് ഒഴിഞ്ഞതോടെ ഉമ്മന്‍ചാണ്ടി അടക്കമുളള എ ഗ്രൂപ്പ് നേതാക്കള്‍ എം.എം ഹസനെ താത്കാലിക പ്രസിഡന്റാക്കണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ അധ്യക്ഷനെ ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടേയെന്നാണ് ഐ ഗ്രൂപ്പെടുത്ത നിലപാട്. ഇതോടെ ഗ്രൂപ്പ് ചര്‍ച്ചയില്‍ തര്‍ക്കമായി. സംസ്ഥാന നേതൃത്വത്തില്‍ യോജിച്ചൊരു തീരുമാനമെന്ന സാധ്യത മങ്ങിയിരുന്നു. കെപിസിസി അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല ഹസന് നല്‍കണമെന്ന് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തലയെ അറിയിച്ചിരുന്നു. ഇതിന് തയ്യാറല്ലെന്ന നിലപാടിലായിരുന്നു ചെന്നിത്തല വിഭാഗം. എന്നാല്‍ എ ഗ്രൂപ്പിന്റെ ആവശ്യം ഇപ്പോള്‍ എഐസിസി അംഗീകരിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























