ചോദ്യക്കടലാസ് തയാറാക്കിയ വ്യക്തി തന്നെ എസ്.എസ്.എല്‍.സി. പരീക്ഷയുടെ ചോദ്യം ചോര്‍ത്തുന്നത് ചരിത്രത്തിലാദ്യം

മനസിലാകാത്ത ഭാഷയില്‍ ഓരോ പ്രസംഗ വേദിയിലും ക്ലാസെടുത്തു നടക്കുന്ന മന്ത്രി സാറിന്റെ കണക്കുകൂട്ടല്‍ പിഴച്ചു. മന്ത്രിയുടെ തോളിലിരുന്ന് ചെവി കടിച്ചു എന്ന് പറഞ്ഞാല്‍ മതി. ചോദ്യക്കടലാസ് തയാറാക്കിയ വ്യക്തിതന്നെ എസ്.എസ്.എല്‍.സി. പരീക്ഷയുടെ ചോദ്യം ചോര്‍ത്തുന്നത് ചരിത്രത്തിലാദ്യം.
ഇതോടെ എസ്.എസ്.എല്‍.സി കണക്ക് പരീക്ഷ റദ്ദാക്കി. മലപ്പുറത്തെ ട്യൂട്ടോറിയല്‍ കോളേജ് തയ്യാറാക്കിയ മോഡല്‍ പേപ്പറിലെ ചോദ്യങ്ങള്‍ എസ്.എസ്.എല്‍.സി പരീക്ഷയുടെ ചോദ്യപേപ്പറിലും കടന്നു കൂടിയതാണ് വിവാദമായത്. ചോദ്യപ്പേര്‍ തയ്യാറാക്കിയ അധ്യാപകന്‍ ഈ സ്വകാര്യ സ്ഥാപനത്തില്‍ പഠിപ്പിച്ചിരുന്നതാണ്. സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് എ പ്ലസ് ലഭിച്ചതിന് കഴിഞ്ഞ വര്‍ഷം ഈ അധ്യാപകന് സ്വീകരണം നല്‍കിയിരുന്നു. ഇയാള്‍ താന്‍ പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥകള്‍ക്ക് ചോദ്യം നേരത്തെ നല്‍കിയിരുന്നതായാണ് ആരോപണം.
ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നിരുന്നു. വീണ്ടും പരീക്ഷ നടത്താന്‍ ഈ യോഗത്തിലാണ് തീരുമാനമെടുത്തത്. ക്രമക്കേട് കാട്ടിയ അധ്യാപകനെതിരെ നടപടി എടുക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
വര്‍ഷങ്ങള്‍ക്കുശേഷമാണ് ചോദ്യക്കടലാസ് ചോര്‍ച്ചമൂലം എസ്.എസ്.എല്‍.സി. പരീക്ഷ റദ്ദാക്കുന്നത്. പരീക്ഷാമുറിയില്‍ ചോദ്യക്കടലാസ് അബദ്ധത്തില്‍ മാറിപ്പൊട്ടിച്ചതിനു പരീക്ഷ മാറ്റിവച്ചതായിരുന്നു അവസാന സംഭവം. 2005 ലാണ് ഇതിനുമുമ്പ് ചോദ്യച്ചോര്‍ച്ച സംസ്ഥാനത്തെ കുലുക്കുന്നത്. എസ്.എസ്.എല്‍.സി. മോഡല്‍ പരീക്ഷയുടെയും പ്രധാന പരീക്ഷയുടെയും ചോദ്യക്കടലാസ് തിരുവനന്തപുരം സ്വദേശി ബിന്ദു വിജയന്റെ മകനുവേണ്ടി സഹോദരി സിന്ധു സുരേന്ദ്രന്‍ ചെന്നെയിലെ പ്രസില്‍നിന്നു ചോര്‍ത്തി നല്‍കി.
ചോദ്യക്കടലാസ് അച്ചടിച്ച ചെന്നൈ വിശ്വനാഥ പ്രിന്റേഴ്‌സിലെ ജീവനക്കാരന്‍ സുരേഷ് കുമാറിനെ സ്വാധീനിച്ചാണ് ചെന്നൈയില്‍ താമസിക്കുന്ന സിന്ധു പലപ്പോഴായി ചോദ്യക്കടലാസ് ബിന്ദുവിന് അയച്ചു കൊടുത്തത്. ബിന്ദുവിന്റെ മകന്‍ ചോദ്യക്കടലാസ് സുഹൃത്തുക്കള്‍ക്ക് കൈമാറിയതിനെത്തുടര്‍ന്നാണ് ഇക്കാര്യം പുറംലോകം അറിയുന്നത്. കേസ് സി.ബി.ഐ അന്വേഷിക്കുകയും പ്രതികളെ മൂന്നുവര്‍ഷം തടവിനു ശിക്ഷിക്കുകയും ചെയ്തു. പരീക്ഷാ മുറിയില്‍ ചോദ്യക്കടലാസ് മാറിപ്പൊട്ടിച്ച സംഭവമുണ്ടായപ്പോള്‍ പരീക്ഷ റദ്ദ് ചെയ്തതിനുപുറമെ പുതിയ രീതികളും വിദ്യാഭ്യാസ വകുപ്പ് കൈക്കൊണ്ടു. ചോദ്യക്കടലാസുകളുടെ രഹസ്യ സ്വഭാവം നിലനിര്‍ത്താനും സുരക്ഷ ഉറപ്പാക്കാനും ഇവ ബാങ്കുകളിലെ സ്‌റ്റോര്‍ റുമുകളിലും സര്‍ക്കാര്‍ ട്രഷറികളിലും സൂക്ഷിക്കാന്‍ തുടങ്ങി.
പരീക്ഷാ ദിവസം രാവിലെയാണ് ചോദ്യക്കടലാസ് സെന്ററുകളില്‍ എത്തിക്കുന്നത്. ഇത്തരം നടപടികളെല്ലാം പാഴ്‌വേലയാക്കിയാണ് ചോദ്യക്കടലാസ് തയാറാക്കുന്ന അധ്യാപകര്‍ തന്നെ ചോദ്യങ്ങള്‍ ചോര്‍ത്തി നല്‍കുന്ന തലത്തിലേക്കു കാര്യങ്ങളെത്തിയത്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തമ്മിലുള്ള കിടമത്സരമാണ് അധ്യാപകരെ ഇത്തരം പ്രവര്‍ത്തനങ്ങളിലേക്കു തള്ളിവിടുന്നതെന്നാണ് അധ്യാപക സംഘടനകള്‍ പറയുന്നത്.
https://www.facebook.com/Malayalivartha
























