സ്ത്രീസുരക്ഷക്കായി 'മിത്ര181' നാളെ നിലവില്‍ വരും

അതിക്രമം നേരിടുന്ന സ്ത്രീകള്‍ക്ക് സഹായമേകാന്‍ ടോള്‍ഫ്രീ ഹെല്‍പ് ലൈന്‍ നമ്പറായ 'മിത്ര 181' തിങ്കളാഴ്ച നിലവില്‍ വരും. നാളെ വൈകിട്ട് നാലിന് തിരുവനന്തപുരം കോഫബാങ്ക് ടവറില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. വനിത വികസന കോര്‍പറേഷനാണ് മിത്ര 181ന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.
രാജ്യമെമ്പാടും ഒരേ നമ്പറില്‍ സ്ത്രീ സുരക്ഷാസഹായം ഏകോപിപ്പിക്കുന്നതിെന്റ ഭാഗമായാണ് പദ്ധതി സംസ്ഥാനത്തും നടപ്പാക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലാണ് സഹായകേന്ദ്രം പ്രവര്‍ത്തിക്കുക. 24 മണിക്കൂറും സേവനം ലഭിക്കും.
സംസ്ഥാനത്ത് എവിടെ നിന്നും ലാന്റ് ഫോണില്‍ നിന്നും മൊബൈല്‍ ഫോണില്‍ നിന്നും 181 എന്ന നമ്പറിലേക്ക് സൗജന്യമായി വിളിച്ചു സഹായങ്ങള്‍ ആവശ്യപ്പെടാന്‍ കഴിയും. ആ ഒരു വിളിയോടു ശരിയായി പ്രതികരിക്കുന്നതുകൊണ്ടു മാത്രം മിത്ര 181 സംഘത്തിന്റെ സേവനങ്ങളും സഹായങ്ങളും അവസാനിക്കുന്നില്ല. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ആവശ്യമായ സുരക്ഷയും സഹായവും ഉറപ്പാകുന്നതുവരെ മതിയായ തുടര്‍ ഇടപെടലുകളും ഉണ്ടാകും.
സംസ്ഥാന, ജില്ലാതലങ്ങളിലും നഗരങ്ങളിലുമുള്ള എല്ലാ വനിതാ ഹെല്‍പ്പ് ലൈനുകളും ഘട്ടം ഘട്ടമായി ഇതിലേക്ക് സംയോജിപ്പിക്കും. അടിയന്തര ഘട്ടങ്ങളിലും അല്ലാത്തപ്പോഴും 181 എന്ന ഏക ടോള്‍ ഫ്രീ നമ്പറിലൂടെ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്ക് വിവരങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന സംവിധാനം എന്നതാണ് ഈ ഹെല്‍പ്പ് ലൈനിന്റെ ഏറ്റവും വലിയ പ്രത്യേകത.
ഹെല്‍പ്പ് ലൈന്‍ മുഖേനയുള്ള ഇടപെടലിനും നിരീക്ഷണത്തിനും മറ്റുമായി പുറത്തേക്കു പോകുന്ന ഓരോ ഫോണ്‍ വിളികളും ഉത്തരവാദിത്തത്തോടെയായിരിക്കും നിര്‍വഹിക്കുക. ഓരോ കേസും പ്രത്യേകമായ നിരീക്ഷണത്തിനും അവലോകനത്തിനും വിധേയമായിരിക്കും. അതുവഴി ഫലപ്രദമായ പര്യവസാനത്തിലെത്തിക്കുകയാണ് ലക്ഷ്യം. പരാതിക്കാരിക്കു വേണ്ടി ആവശ്യമായ തുടര്‍ ഇടപെടലുകള്‍ നടത്താനുള്ള പ്രതിബദ്ധതയും മിത്ര 181ന്റെ പ്രത്യേകതയാണ്.
കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന സന്ദേശം അതാത് ജില്ലകളിലെ പൊലീസ്, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് കൈമാറുകയും പാരാതിക്കാരുമായി ബന്ധപ്പെടുകയും ചെയ്യും. ആശുപത്രികള്‍, ആംബുലന്‍സുകള്‍ ആവശ്യമാണെങ്കില്‍ ലഭ്യമാക്കും വിധമാണ് മിത്രയുടെ പ്രവര്‍ത്തനം. പരാതിയില്‍ എന്ത് നടപടി സ്വീകരിച്ചെന്ന് നിരീക്ഷിക്കാന്‍ സംവിധാനം ഉണ്ടാകും. മിത്ര 181ന്റെ ഭാഗമായി എല്ലാ ജില്ലകളിലും എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം ആരംഭിക്കുകയും നടപടികളുടെ ഏകോപനച്ചുമതല അവരെ ഏല്‍പിക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉറച്ച പ്രതിബദ്ധത വ്യക്തമാക്കുന്ന അതിവേഗ നടപടികളാണ് മിത്ര 181 ഹെല്‍പ്പ് ലൈന്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഉണ്ടായത്. തുടര്‍ പ്രവര്‍ത്തനങ്ങളിലും ഈ വേഗതയും ജാഗ്രതയും കേരളത്തിലെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഉറപ്പു നല്‍കുന്നു.
വിവിധ വകുപ്പുകളുമായി ചേര്‍ന്ന് രണ്ടുവര്‍ഷം നീളുന്ന ബോധവത്കരണവും ഇതിന്റെ ഭാഗമായി ലക്ഷ്യമിടുന്നു. തദ്ദേശഭരണവകുപ്പ്, വിദ്യാഭ്യാസവകുപ്പ്, സ്ത്രീസംഘടനകള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍ എന്നിവരുമായി സഹകരിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങളും നടത്തും.
ജില്ലകളിലെ ഷെല്‍ട്ടര്‍ ഹോമുകളിലെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തും. ജില്ലാ കേന്ദ്രങ്ങളില്‍ വനിത ഹോസ്റ്റലുകള്‍ തുറക്കാനും പദ്ധതിയുണ്ടെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ 35 ലക്ഷം അടക്കം 70 ലക്ഷം രൂപയാണ് പദ്ധതിക്കായി പ്രാരംഭഘട്ടത്തില്‍ ചെലവിടുന്നത്.
https://www.facebook.com/Malayalivartha
























