ശബ്ദം ഉപയോഗിച്ചും മൊബൈല്‍ ഹാക്കിങ്; ഇതിനു പേര് മ്യൂസിക് വൈറസ്

എസ്എംഎസ് അയച്ചും വെബ് ക്യാം ഉപയോഗിച്ചും വെബ്‌സൈറ്റുകളും ഇമെയിലുകളും ഹാക്കിങ് നടത്തുന്നതിനെപ്പറ്റി കേട്ടിട്ടുണ്ട്. ഇപ്പോള്‍ അതിനെയെല്ലാം വെല്ലുന്നതാണ് പുതിയ വാര്‍ത്ത. ശബ്ദതരംഗങ്ങള്‍ ഉപയോഗിച്ച് സ്മാര്‍ട് ഫോണും ഫിറ്റ്‌നസ് ബാന്‍ഡും മറ്റ് ഗാഡ്ജറ്റുകളുമെല്ലാം ഹാക്ക് ചെയ്യാമെന്ന് യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗണിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. ഇതിന് സഹായിക്കുന്നതാകട്ടെ മൊബൈലിലും മറ്റുമുള്ള ആക്‌സിലറോമീറ്റര്‍ എന്ന സെന്‍സറും.
ഗാഡ്ജറ്റിന്റെ ചലനങ്ങള്‍ തിരിച്ചറിഞ്ഞ് അതിനനുസരിച്ച് പ്രതികരിക്കുന്നവയാണ് ആക്‌സിലറോമീറ്ററുകള്‍. മൊബൈലുകളിലെ സ്‌ക്രീന്‍ റൊട്ടേഷനു സഹായിക്കുന്നതും ഇതാണ്. ഐഫോണിലൂടെയാണ് ആദ്യമായി ആക്‌സിലറോമീറ്ററെന്ന ഫീച്ചര്‍ ലോകപ്രശസ്തമാകുന്നത്. ഗാഡ്ജറ്റുകളെ 'ട്രാക്ക്' ചെയ്യാനും ആക്‌സിലറോമീറ്റര്‍ സഹായിക്കുന്നു. സാധാരണഗതിയില്‍ സോഫ്റ്റ്‌വെയറുകള്‍ വഴിയാണ് ഹാക്കിങ് നടക്കുക പതിവ്. ആക്‌സിലറോമീറ്റര്‍ പോലുള്ള ഹാര്‍ഡ്‌വെയറുകള്‍ വഴി ഹാക്കിങ് കുറവാണ്. വിവിധ ഫ്രീക്വന്‍സിയിലുള്ള ഓഡിയോ ടോണുകള്‍ ഉപയോഗിച്ച് ആക്‌സിലറോമീറ്ററുകള്‍ വഴി തെറ്റായ വിവരങ്ങള്‍ എങ്ങനെ ഡിവൈസുകളിലെത്തിക്കാമെന്നാണ് ഗവേഷകര്‍ ഇവിടെ തെളിയിച്ചിരിക്കുന്നത്. ആക്‌സിലറോമീറ്ററുകളുള്ള ഏത് ഡിവൈസും ഹാക്കിങ് ഭീഷണിയുടെ നിഴലിലാണെന്നും ഇവര്‍ പറയുന്നു.
കണ്ണും ചെവിയും മൂക്കുമൊക്കെയാണ് മനുഷ്യന് ഓരോന്നും അനുഭവിച്ചറിയാന്‍ സഹായിക്കുന്ന 'സെന്‍സറുകള്‍'. അതുപോലെത്തന്നെയാണ് ഓരോ ഇലക്ട്രോണിക് ഡിവൈസും അതിന്മേലുള്ള സെന്‍സറുകളെ ചുറ്റിലുമുള്ള ഓരോ കാര്യങ്ങള്‍ തിരിച്ചറിയാനായി ആശ്രയിക്കുന്നത്. മൂക്കിലൂടെ രോഗാണുക്കള്‍ കയറി നമ്മുടെ ശരീരത്തെത്തന്നെ തകിടം മറിക്കും. സമാനമായി സെന്‍സറുകളിലൂടെ തെറ്റായ സിഗ്‌നലുകള്‍ നല്‍കിയാല്‍ ഏത് ഡിവൈസിനെയും തകര്‍ക്കാമെന്നും ഗവേഷണ പ്രബന്ധത്തില്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha
























