മുതലപ്പൊഴി, താഴംപള്ളി ഭാഗങ്ങളില്‍ ശക്തമായ കടലാക്രമണം

താഴംപള്ളി, മുതലപ്പൊഴി, പൂത്തുറ ഭാഗങ്ങളിലുണ്ടായ കടലാക്രമണത്തില്‍ ബോട്ട് മറിയുകയും ഈ മേഖലയിലെ ഇരുപതോളം വീടുകള്‍ക്ക് ഭാഗികമായി നാശനഷ്ടമുണ്ടാവുകയും ചെയ്തു. ഇക്കഴിഞ്ഞ ദിവസം രാത്രി മത്സ്യബന്ധനത്തിന് പോയി തിരിച്ചു വരുമ്പോള്‍ ബഥേല്‍ മാതാവ് എന്ന ബോട്ട് മുതലപ്പൊഴിയില്‍ വച്ച് അപകടത്തില്‍ പെട്ടു. ബോട്ടിന്റെ ഉടമസ്ഥന്‍ ഫ്രാന്‍സിസ്, ജ്ഞാനദാസ് എന്നിവരെ പരിക്കുകളോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
കൂടെ ഉണ്ടായിരുന്ന റോബിന്‍ നിസാര പരിക്കുകളോടെ ചികിത്സയിലാണ്. ബോട്ടിലുണ്ടായിരുന്ന രണ്ട് എന്‍ജിനും വലയും മുഴുവന്‍ മത്സ്യവും നഷ്ടപ്പെട്ടു. ശക്തമായ തിരയില്‍ താഴംപള്ളി പുതുവല്‍ ഭാഗത്ത് ഡെന്നീസ് ഫ്രെഡി, ലീന ജെയിംസ്, ജോയ്ക്കുട്ടി ജോസഫ്, ബെഞ്ചമിന്‍, ബേബി ലോറന്‍സ്, സിസില്‍ഭായി, ആല്‍ബര്‍ട്ട്, ലാസര്‍, ആന്റണി, അച്ചാമ്മ, ജോയി ലോറന്‍സ് എന്നിവരുടെ വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി.

ഈ മേഖലയിലെ കടല്‍ഭിത്തി തകര്‍ന്നിട്ട് വര്‍ഷങ്ങളായി. കടല്‍ഭിത്തിയുടെ പുനര്‍നിര്‍മ്മാണം നടത്തുമെന്ന് അധികൃതര്‍ പറയുന്നതല്ലാതെ ആരും തിരിഞ്ഞു നോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. വീടുകള്‍ ഭാഗികമായി നഷ്ടപ്പെട്ടതോടെ പലരും ബന്ധുവീടുകളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. കടലാക്രമണം ഇനിയും രൂക്ഷമായാല്‍ നാശനഷ്ടങ്ങള്‍ വര്‍ദ്ധിക്കുമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. കടല്‍ഭിത്തി നിര്‍മ്മാണം എത്രയും വേഗം നടത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
https://www.facebook.com/Malayalivartha























