പുഴുവരിച്ച മീട്ടുവും സുന്ദരിയായി; ആട്ടിയോടിച്ചവരെല്ലാം ഇന്ന് താലോലിക്കാന്‍ മത്സരിക്കുന്നു

ഇന്നലെവരെ ആട്ടിയോടിച്ചവരെല്ലാം ഇന്നു മീട്ടുവിനെ താലോലിക്കാന്‍ മത്സരിക്കുകയാണ്. വ്രണങ്ങളില്‍ ഈച്ചയും പുഴുവുമരിച്ച് തൊടാനറയ്ക്കുന്ന നിലയിലായിരുന്ന അവളിന്ന് നായ്ക്കളിലെ മിസ് ട്രിവാന്‍ഡ്രമാണ്. പക്ഷേ ആളും തരവും നോക്കിയേ മീട്ടു ആളുകളെ അടുപ്പിക്കൂ. അഴകുകണ്ട് അടുത്തുകൂടുന്നവരുടെ തനിനിറം നായയാണെങ്കിലും അവള്‍ക്ക് ഓര്‍മയുണ്ടാകും.
പേയാട് നായ്ക്കള്‍ക്കായി കമാന്‍ഡോ എന്ന പേരില്‍ പുതിയ ബ്യൂട്ടി പാര്‍ലര്‍ തുടങ്ങിയതോടെയാണു മീട്ടുവിനു ശുക്രനുദിച്ചത്.
ഒരിക്കല്‍ ഒരു സമ്പന്നകുടുംബത്തിലെ ഓമനയായിരുന്നു ഈ പോമറേനിയന്‍. സുഖലോലുപതയ്ക്കിടയില്‍ എപ്പോഴോ രോഗബാധിതയായപ്പോള്‍ ഉടമയ്ക്കും വീട്ടുകാര്‍ക്കും വേണ്ടാതായി. ഒരു പാതിരാത്രി കാറില്‍ കയറ്റി കൊണ്ടുപോകുമ്പോള്‍ ഉപേക്ഷിക്കാനാണെന്ന് അവള്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരിക്കില്ല. പേയാട് ജങ്ഷനില്‍ മീട്ടുവിനെ തള്ളി വീട്ടുകാര്‍ നിഷ്‌കരുണം സ്ഥലംവിട്ടു.
മുറിവുകളില്‍ ഈച്ചയും പുഴുവുമരിച്ച്, ദുര്‍ഗന്ധം വമിക്കുന്ന നിലയിലാണു കമാന്‍ഡോ ബ്യൂട്ടിപാര്‍ലറിന്റെ ഉടമ സുരേഷ് അവളെ കണ്ടെത്തിയത്. അവളെ പഴയ സുന്ദരിയാക്കിയെടുക്കാന്‍ സുരേഷിന് അധികനാള്‍ വേണ്ടിവന്നില്ല. ചെളിപുരണ്ടു കറുത്ത ദേഹത്ത് വീണ്ടും വെള്ളിരോമസമൃദ്ധി.
കേരളത്തിലാദ്യമായാണു നായ്ക്കള്‍ക്കായുള്ള ബ്യൂട്ടി പാര്‍ലര്‍ പേയാട് ആരംഭിച്ചത്. രോഗം ബാധിച്ച് ഉപേക്ഷിക്കപ്പെടുന്ന വളര്‍ത്തുനായ്ക്കളും തലസ്ഥാനനഗരിയിലെ തെരുവുനായ്ക്കളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമാണെന്നു ഡോഗ് ഹോസ്റ്റല്‍ ആന്‍ഡ് ട്രെയിനിങ് സെന്റര്‍ നടത്തുന്ന സുരേഷ് പറയുന്നു.
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ. ആന്റണിയുടെ ടുട്ടുവും കെ.സി. വേണുഗോപാലിന്റെയും ഷാജി കൈലാസ് ആനി ദമ്പതികളുടെയും ലാബ്രഡോറുകളുമൊക്കെ കമാന്‍ഡോയിലെ പതിവുകാരാണ്. രണ്ടരലക്ഷം രൂപ മുടക്കി വിദേശത്തുനിന്നുള്‍പ്പെടെ സൗന്ദര്യവര്‍ധകസാമഗ്രികള്‍ ഇറക്കുമതി ചെയ്താണു സുരേഷ് നായ ബ്യൂട്ടി പാര്‍ലര്‍ ആരംഭിച്ചത്.
https://www.facebook.com/Malayalivartha























