കുഞ്ഞുജീവന്‍ കോരിയെടുത്ത ശ്രീറാം നാടിന്റെയും വീടിന്റെയും ഹീറോയായി

മുത്തശ്ശിയുടെ കൈയില്‍ നിന്ന് വഴുതി കിണറ്റില്‍ വീണ രണ്ടു വയസുകാരിയെ ബന്ധുവായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സാഹസികമായി രക്ഷപ്പെടുത്തി. കോരാണി കുറക്കട മരങ്ങാട്ടു ദേവീക്ഷേത്രത്തിനു സമീപം അനി വിലാസത്തില്‍ അജികുമാറിന്റെയും വിജിയുടെയും ഏക മകള്‍ അനാമികയ്ക്കാണ് വല്യച്ഛന്റെ മകന്‍ ശ്രീറാം (16) രക്ഷകനായത്.
മുത്തശ്ശിയുടെ കൈയിലിരുന്ന് കളിക്കുന്നതിനിടെ ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് അനാമിക 30 അടി താഴ്ചയുള്ള കിണറ്റില്‍ വീണത്. മുത്തശ്ശിയുടെ വിളികേട്ട് ഓടിയെത്തിയ ശ്രീറാം കിണറ്റിലേക്ക് നോക്കുമ്പോള്‍ കണ്ടത് മുങ്ങിത്താഴുന്ന അനാമികയെയാണ്. കുഞ്ഞനുജത്തി മുങ്ങി താഴുന്നതു കണ്ട് അവന്‍ പിന്നൊന്നുമാലോചിച്ചില്ല. സ്വന്തം ജീവന്‍ പോലും വകവയ്ക്കാതെ സമീപത്തു വച്ചിരുന്ന കിണറ്റുകയര്‍ തൂണില്‍ കെട്ടി കിണറ്റിലേക്ക് തൂങ്ങിയിറങ്ങി. അനാമികയെ കോരിയെടുത്ത് നെഞ്ചത്തൊതുക്കി കയറില്‍ പിടിച്ച് നിന്നു. ശ്രീറാമിന്റെ അച്ഛന്‍ അനില്‍കുമാറും അയല്‍വാസിയും കിണറ്റിലിറങ്ങി ഇരുവരെയും കരയ്‌ക്കെത്തിച്ചു. വീഴ്ചയ്ക്കിടെ പമ്പു സെറ്റില്‍ തട്ടി പരിക്കേറ്റ അനാമികയെ ഉടന്‍ വലിയകുന്ന് ആശുപത്രിയിലും അവിടെ നിന്ന് എസ്.എ.ടിയിലും എത്തിച്ചു. കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.
കിണറ്റില്‍ അഞ്ചടിയോളം വെള്ളമുണ്ടായിരുന്നു. ആദ്യമായാണ് കിണറില്‍ ഇറങ്ങുന്നതെന്നും കുഞ്ഞനുജത്തി അപകടത്തില്‍പ്പെട്ടതു കണ്ടപ്പോള്‍ എവിടെ നിന്നോ ധൈര്യം കിട്ടിയെന്നും ശ്രീറാം പറഞ്ഞു. തോന്നയ്ക്കല്‍ കുടവൂര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ശ്രീറാം ഇപ്പോള്‍ നാടിന്റെയും വീടിന്റെയും ഹീറോയാണ്.
https://www.facebook.com/Malayalivartha
























