പൊന്നനുജത്തിയെ ചേര്‍ത്തു പിടിച്ച് തുണയായി ആശുപത്രിയില്‍ പതിനാലുകാരി മാത്രം

തുടര്‍ച്ചയായ വയറിളക്കവും നിര്‍ജലീകരണവും അണുബാധയുംകൊണ്ട് അവശയായി രണ്ടാഴ്ചയോളം മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ വാര്‍ഡില്‍ വാടിയ താമരത്തണ്ടുപോലെ കിടക്കുകയാണ് അഞ്ചുവയസ്സുള്ള ആദിവാസി പെണ്‍കുട്ടിയായ അഞ്ജന. ഒരു വയസ്സുള്ള കുട്ടികള്‍ക്കുണ്ടാവുന്നത്ര തൂക്കം മാത്രമേയുള്ളൂ അവള്‍ക്ക്. പൊന്നനുജത്തിയെ ചേര്‍ത്തുപിടിച്ച്, ഒരു നിമിഷംപോലും അടുത്തുനിന്ന് മാറാതെ നിസഹായയായി നെടുവീര്‍പ്പിട്ടുകൊണ്ട് 14 വയസ്സ് മാത്രമുള്ള ചേച്ചി അജിതയുമുണ്ട്. സഹായത്തിനായി നഴ്‌സുമാരും തൊട്ടപ്പുറത്തുള്ള ബെഡുകളിലെ രോഗികളുടെ കൂട്ടിരിപ്പുകാരുമല്ലാതെ ആരുമില്ല.
കഴിഞ്ഞ ആറിന് നില്‍ക്കാത്ത വയറിളക്കവും ക്ഷീണവുമായി ഈ സഹോദരങ്ങളെ ആശുപത്രിയില്‍ കൊണ്ടുവിട്ടതാണ് ബന്ധുവായ സ്ത്രീ. അരിവാള്‍ രോഗമാണോ എന്ന സംശയത്തിലാണ് കൊണ്ടുവന്നത്. രോഗത്തിന്റെ ഒരു ജീന്‍ മാത്രമേ കുട്ടിയിലുള്ളൂ എന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. തടിപ്പണിക്കാരനായ അമ്മാവന്‍ ഓണന്റെ വീട്ടിലാണ് ഈ അനാഥ പെണ്‍കുട്ടികള്‍ താമസിക്കുന്നതെങ്കിലും ഇത്രയും ദിവസത്തിനിടക്ക് ആകെ ഒരുതവണയാണ് ഇയാള്‍ വന്നുനോക്കിയത്.
കോടഞ്ചേരി ചെമ്പുകടവ് അംബേദ്കര്‍ കോളനിയിലെ പോഷകാഹാരക്കുറവനുഭവിക്കുന്ന അനേകം ഹതഭാഗ്യരില്‍ ഒരാള്‍ മാത്രമാണ് അഞ്ജന. കഴിഞ്ഞ വര്‍ഷം പനിബാധിച്ച് അമ്മ ലീല മരിച്ചു. തടിപ്പണിക്കാരനായ അച്ഛന്‍ ചെമ്പന്‍ ജീവനൊടുക്കിയത് രണ്ടുവര്‍ഷം മുമ്പ്. അരിവാള്‍ രോഗം ബാധിച്ച് ഏക സഹോദരന്‍ അജി വീട്ടിലും. ഈ മാരകരോഗത്തോടു പൊരുതി ഏറെക്കാലം ഇതേ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അജി. ഇപ്പോഴും ചികിത്സ തുടരുന്നു.
ആദിവാസികള്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി കോടികള്‍ ഓരോ തവണയും സര്‍ക്കാറുകള്‍ മാറ്റിവെക്കുന്നുണ്ടെങ്കിലും അവയൊന്നും ആവശ്യക്കാരിലേക്കെത്തുന്നില്ലെന്നതിന് ഈ പിഞ്ചുശരീരം മാത്രം മതി തെളിവായി. കൊണ്ടുവന്നപ്പോള്‍ അസ്ഥികൂടമായി ശരീരത്തിലേക്ക് നോക്കാന്‍പോലും പറ്റില്ലായിരുന്നുവെന്ന് അടുത്ത കിടക്കയിലെ രോഗിയുടെ കൂട്ടിരിപ്പുകാരി പറയുന്നു. ആശുപത്രിയില്‍നിന്ന് കിട്ടുന്ന ഭക്ഷണവും മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പിരിവിട്ട് വാങ്ങിച്ചുകൊടുക്കന്ന ഭക്ഷണവും മരുന്നുമാണ് ഇവരുടെ ജീവന്‍ നിലനിര്‍ത്തുന്നത്.
കാരപ്പറമ്പ് ജി.എച്ച്.എസ്.എസില്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയായ അജിത ഈസ്റ്റ്ഹില്ലിലെ പ്രീമെട്രിക് ഹോസ്റ്റലിലാണ് കഴിഞ്ഞിരുന്നത്. ആശുപത്രിയില്‍ കൊണ്ടുവിട്ട ചേച്ചി ഇടക്ക് വിളിച്ചന്വേഷിക്കും. വല്ലപ്പോഴും ഫോണില്‍ െ്രെടബല്‍ കോഓഡിനേറ്ററും വിവരങ്ങള്‍ തിരക്കും. ഇതിനിടയില്‍ രണ്ടുതവണയായി വയറിളക്കം മൂര്‍ച്ഛിച്ച് തീവ്രപരിചരണത്തിലായിരുന്നു. അല്‍പം ഭേദപ്പെട്ട് ആശുപത്രി വിട്ടാലും എവിടെപ്പോവുമെന്ന ചോദ്യത്തിനു മുന്നില്‍ പകച്ചിരിക്കുകയാണ് ഈ സഹോദരിമാര്‍.
https://www.facebook.com/Malayalivartha
























