കന്നുകുട്ടിയെ പരസ്യമായി കൊന്ന് കൊല വിളിച്ച് മാംസം വിളമ്പിയ യൂത്ത് കോണ്‍ഗ്രസുകാര്‍ അങ്കലാപ്പില്‍

കന്നുകാലികളെ കശാപ്പിനായി ചന്തകളില്‍ വില്‍ക്കുന്നതു നിരോധിച്ച കേന്ദ്ര വിജ്ഞാപനത്തിനെതിരേ പ്രതിഷേധിച്ച കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടിലായി. അവര്‍ക്കെതിരെ അവസാനം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി തന്നെ രംഗത്തെത്തി. നടപടി വിവേകശൂന്യവും കിരാതവുമെന്നാണ് രാഹുല്‍ പറഞ്ഞത്.
അതിനിടെ കാളക്കുട്ടിയെ പരസ്യമായി കൊന്നു പ്രതിഷേധത്തിന്റെ പേരില്‍ ക്രൂരകൃത്യം നടത്തിയ പ്രവര്‍ത്തകര്‍ക്കെതിരേ കണ്ണൂര്‍ പൊലീസ് കേസും എടുത്തു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സി സി രജീഷിന്റെ പരാതിയില്‍ കെ എസ് യു മുന്‍ സംസ്ഥാന നേതാവും യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം പ്രസിഡന്റുമായ റിജില്‍ മാക്കൂറ്റി അടക്കമുള്ളവര്‍ക്കെതിരേയാണു കേസ്. നടപടിയെ അതിരൂക്ഷമായി രാഹുല്‍ഗാന്ധി തന്നെ വിമര്‍ശിച്ച സാഹചര്യത്തില്‍ ഇവര്‍ക്കു പാര്‍ട്ടിയുടെ സംരക്ഷണം ഉണ്ടാകില്ലെന്നും വ്യക്തമായി.
കേരള പൊലീസ് നിയമം 120 എ അനുസരിച്ചാണു കേസ്. ഒരു വര്‍ഷം തടവും അയ്യായിരം രൂപയും പിഴയും അല്ലെങ്കില്‍ രണ്ടും ഒന്നിച്ചോ ശിക്ഷയായി ലഭിക്കാം. ഉത്തരവു പുറത്തിറങ്ങിയ ശനിയാഴ്ച വൈകിട്ടാണ് കണ്ണൂര്‍ സിറ്റിയിലെ റോഡില്‍ കന്നുകുട്ടിയെ പരസ്യമായി അറുത്തു യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. റിജില്‍ മാക്കൂറ്റിയാണു പരിപാടി ഉദ്ഘാടനം ചെയ്തത്.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ പരിപാടിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോഷി കണ്ടത്തില്‍, സുധീപ് ജെയിംസ്, ഷറഫുദീന്‍ കാട്ടാമ്പള്ളഇ, പി എ ഹാരി എന്നിവരും നേതൃത്വം നല്‍കി. സംഭവം വലിയ വിവാദമാണ് ഉയര്‍ത്തിയത്. കുട്ടികള്‍ അടക്കം പൊതു ജനങ്ങളുടെ മുന്നിലിട്ടു കന്നുകുട്ടിയെ കശാപ്പു ചെയ്തതിനെതിരേ പൊതു സമൂഹത്തിന്റെയാകെ വിമര്‍ശനം ഉയര്‍ന്നു. കശാപ്പിനു കന്നുവില്‍പന നിരോധന ഉത്തരവിനെതിരേ ശക്തമായി പ്രതിഷേധിക്കുന്നവര്‍ പോലും യൂത്ത് കോണ്‍ഗ്രസിന്റെ നടപടി പക്വതയില്ലാത്തതെന്നു വിമര്‍ശിച്ചു.
ഇതിനെല്ലാം പിന്നാലെയാണ് ഇന്നലെ ട്വിറ്ററിലൂടെ തന്റെ പ്രതിഷേധം രാഹുല്‍ ഗാന്ധി വ്യക്തമാക്കിയത്. തനിക്കു വ്യക്തിപരമായും പാര്‍ട്ടിക്കും അംഗീകരിക്കാനാവാത്ത നടപടിയാണു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്നാണു രാഹുല്‍ ട്വീറ്റ് ചെയ്തത്. കശാപ്പിനു കന്നു വില്‍പന നിരോധനത്തെ കോണ്‍ഗ്രസ് എതിര്‍ക്കുന്നുണ്ടെങ്കിലും പ്രതിഷേധങ്ങള്‍ അതിരുവിടരുതെന്ന ശക്തമായ സൂചനയാണ് ഇതിലൂടെ രാഹുല്‍ ഗാന്ധി നല്‍കിയത്. രാജ്യമെങ്ങും ബീഫ് ഫെസ്റ്റുകള്‍ നടത്തി വളരെ പക്വമായ പ്രതിഷേധം ഇടതു പാര്‍ട്ടികളും മറ്റു പ്രതിപക്ഷ കക്ഷികളും സംഘടിപ്പിക്കുന്നതിനിടെയായിരുന്നു കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ പരസ്യമായി കന്നുകുട്ടിയെ കഴുത്തറുത്തു കൊന്ന് ആഭാസ പ്രതിഷേധം സംഘടിപ്പിച്ചത്.
ബീഫ് ഫെസ്റ്റുകളിലൂടെ ജനാധിപത്യപരമായ പ്രതിഷേധം സംഘടിപ്പിക്കുന്നവരെപ്പോലും നാണം കെടുത്തുന്നതായിരുന്നു യൂത്ത് കോണ്‍ഗ്രസുകാരുടെ നടപടി. ഇതിനെതിരേ ബീഫ് ഫെസ്റ്റുകള്‍ നടത്തിയവര്‍ പോലും വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. ഒരു ജീവനെ നടുറോഡില്‍ ഇട്ടു പരസ്യമായി ഇല്ലാതാക്കുന്ന ക്രൂരത അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു എല്ലാവരുടെയും ഭാഗം. കേസെടുത്ത സാഹചര്യത്തില്‍ റിജില്‍ മാക്കുറ്റി അടക്കമുള്ളവരെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നാണ് അറിയുന്നത്. കിരാത നടപടി ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസിനും യൂത്ത് കോണ്‍ഗ്രസിനും എതിരേ കണ്ണൂരിലും കേരളത്തിലാകെയും പ്രതിഷേധം സംഘടിപ്പിക്കാന്‍ യുവമോര്‍ച്ചയും ആലോചിക്കുന്നുണ്ട്.
കന്നുകാലി വില്‍പന നിരോധനത്തിന്റെ പ്രതിഷേധമായി കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ നടത്തിയ കന്നുകുട്ടിയെ കൊന്നു പ്രതിഷേധം ദേശീയതലത്തില്‍ ബിജെപിക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ വലിയ വിഷയമാണ്. ഉത്തരേന്ത്യയില്‍ ഇത്തരത്തിലെ പ്രതിഷേധം ബിജെപിക്ക് വലിയതോതില്‍ ഗുണം ചെയ്യുമ്പോള്‍ അത് എന്തുകൊണ്ടും കോണ്‍ഗ്രസിന് നഷ്ടമായിരിക്കും സമ്മാനിക്കുക. ഉത്തരേന്ത്യയില്‍ ഗോവധത്തിനെതിരേ ശക്തമായ പ്രതിഷേധം വലിയൊരു വിഭാഗത്തിനുണ്ട്. അവര്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവിനെ പൂര്‍ണമായി അംഗീകരിക്കുന്നവരുമാണ്. ഗോവധത്തെ എതിര്‍ക്കുന്നവരില്‍ വലിയൊരു വിഭാഗം കോണ്‍ഗ്രസുകാരുമുണ്ട്. കേരളത്തില്‍ കന്നുകുട്ടിയെ പരസ്യമായി കൊന്നു പ്രതിഷേധിച്ചു എന്ന രീതിയില്‍ ദേശീയതലത്തില്‍ ഈ പ്രശ്്‌നം ഉന്നയിച്ചാല്‍ അതു ബിജെപിക്കു വലിയ രീതിയില്‍ രാഷ്ട്രീയ ഗുണമായിരിക്കും ചെയ്യുക.
https://www.facebook.com/Malayalivartha
























