എസ്.എ.ടി ആശുപത്രിയില്‍ നവജാത ശിശുവിന് രക്തഘടകം മാറി നല്‍കി, ജീവനക്കാര്‍ക്കെതിരെ നടപടി

എസ്.എ.ടി ആശുപത്രിയില്‍ നവജാതശിശുവിന് രക്തം മാറിനല്‍കിയത് വിവാദമായി. വിദഗ്ധ ചികിത്സക്കായി ഒ.ബി.എന്നില്‍ (ഔട്ട് ബോണ്‍ നഴ്‌സറി) പ്രവേശിപ്പിച്ച നവജാത ശിശുവിന് നല്‍കാനുള്ള രക്തഘടകം ഡ്യൂട്ടി ഡോക്ടറുടെയും ജീവനക്കാരുടെയും അശ്രദ്ധ കാരണം മറ്റൊരു കുഞ്ഞിന് കുത്തിവെക്കുകയായിരുന്നു. രക്തത്തില്‍ പ്ലേറ്റ്‌ലറ്റ് കൗണ്ട് ഗണ്യമായി കുറഞ്ഞതിനെ തുടര്‍ന്ന് ചികിത്സക്കെത്തിയ അഞ്ചു ദിവസം പ്രായമായ പെണ്‍കുഞ്ഞിന് നല്‍കാനുള്ള രക്തഘടകമാണ് 17 ദിവസം പ്രായമുള്ള ആണ്‍കുട്ടിക്ക് മാറിനല്‍കിയത്.
തന്റെ മകന് രക്തം നല്‍കുന്ന കാര്യം ഡോക്ടര്‍ പറഞ്ഞിരുന്നില്ലെന്ന് മാതാവ് ആശുപത്രിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജീവനക്കാരോടും നഴ്‌സിനോടും പറഞ്ഞെങ്കിലും ഇത് അവഗണിച്ചാണ് കുട്ടിക്ക് രക്തഘടകം നല്‍കിയത്. തന്റെ കുഞ്ഞിന്റെ രക്തഗ്രൂപ്പുപോലും പരിശോധിച്ച് തിരിച്ചറിയാനുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പ്ലേറ്റ്‌ലറ്റ് കുത്തിവെച്ചതെന്ന് പിതാവ് ആരോപിച്ചു.
അതിനിടെ, സംഭവത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ മാറ്റാന്‍ പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചതായും ഇരുകുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്നും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വാര്‍ത്തകുറിപ്പില്‍ അറിയിച്ചു. പ്ലേറ്റ്‌ലറ്റ് എന്ന രക്തഘടകമാണ് കുഞ്ഞിന് മാറിനല്‍കിയത്. ഇത് സാധാരണയായി രോഗികള്‍ക്ക് ഒരുവിധത്തിലുമുള്ള പാര്‍ശ്വഫലങ്ങളും വരുത്തില്ലെങ്കിലും സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയാണ് ഇവര്‍ക്കെതിരെ നടപടിയെടുക്കുന്നതെന്ന് വാര്‍ത്തകുറിപ്പില്‍ പറയുന്നു.
രാജേഷിന്റെയും സിനുവിന്റെയും പെണ്‍കുഞ്ഞ്, എന്‍. സുനുവിന്റെയും സുമിയുടെയും ആണ്‍കുഞ്ഞ് എന്നിവരാണ് ഒ.ബി.എന്നില്‍ അഡ്മിറ്റായിരുന്നത്. ഡൗണ്‍ സിന്‍ട്രോം ആണോ എന്ന സംശയവും ഹൃദയത്തിന്റെ ചില പ്രശ്‌നങ്ങളും കാരണം 31നാണ് സിനുവിന്റെ കുഞ്ഞിനെ അഡ്മിറ്റാക്കിയത്. ശ്വാസംമുട്ടല്‍ കാരണം സുമിയുടെ കുഞ്ഞിനെ 20നാണ് കൊണ്ടുവന്നത്. സിനുവിന്റെ കുഞ്ഞിന് രക്തത്തില്‍ കൗണ്ട് കുറവായതിനാലാണ് പ്ലേറ്റ്‌ലറ്റ് അടയ്ക്കണമെന്ന് ഡോക്ടര്‍ പറഞ്ഞത്.
എന്നാല്‍, ഈ പ്ലേറ്റ്‌ലറ്റാണ് സുമിയുടെ കുഞ്ഞിന് നല്‍കാനാരംഭിച്ചതും ഉടന്‍ നിര്‍ത്തിവെച്ചതുമെന്ന് അധികൃതര്‍ വിശദീകരിക്കുന്നു. കുഞ്ഞിന് ന്യുമോണിയ ഉണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നെങ്കിലും രക്തം നല്‍കണമെന്ന് പറഞ്ഞിരുന്നില്ലെന്ന് സുനുവും സുമിയും പറയുന്നു. കുഞ്ഞിന് രക്തം നല്‍കുന്നതുകണ്ട് സംശയംതോന്നി വിവരം അറിയിക്കാനായി എത്തിയപ്പോള്‍ ഡോക്ടര്‍ മുങ്ങിയെന്നും അബദ്ധം മനസ്സിലായതോടെ നഴ്‌സുമാര്‍ വാതിലടച്ചിരുന്നെന്നും ഇവര്‍ ആരോപിക്കുന്നു. അതേസമയം, തങ്ങളുടെ കുഞ്ഞിന് രക്തം നല്‍കിയില്ലെന്നും വാങ്ങിനല്‍കിയ രക്തം തിരികെനല്‍കണമെന്നും ആവശ്യപ്പെട്ട് രാജേഷും ബന്ധുക്കളും എത്തിയതോടെയാണ് സംഭവം പുറത്തായത്.
സംഭവം വാക്കേറ്റമായതോടെ ജീവനക്കാര്‍ ബന്ധുക്കളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ ആശുപത്രി ജീവനക്കാര്‍ തങ്ങള്‍ക്ക് വീഴ്ച പറ്റിയതായി സമ്മതിക്കുകയായിരുന്നു. രക്തം മാറിനല്‍കിയതിനു പ്രതിവിധി ചെയ്‌തെന്നും കുഞ്ഞ് മൂത്രവിസര്‍ജനം നടത്തുന്നെങ്കില്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നും രക്ഷിതാക്കളോട് അധികൃതര്‍ പറഞ്ഞു.
പ്രിന്‍സിപ്പലിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് എസ്.എ.ടി ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ വിവിധ വിഭാഗം മേധാവികള്‍ ഉള്‍പ്പെട്ട അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തു. എന്നാല്‍, ആശുപത്രിയില്‍ നടന്ന വീഴ്ചയെക്കുറിച്ച് അവര്‍ തന്നെ അന്വേഷിക്കാമെന്ന് പറയുന്നതില്‍ വിശ്വാസക്കുറവുണ്ടെന്നും നിഷ്പക്ഷമായ അന്വേഷണത്തിന് ആരോഗ്യമന്ത്രി ഇടപെടണമെന്നുമാണ് കുഞ്ഞുങ്ങളുടെ ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്.
https://www.facebook.com/Malayalivartha



























