പരസ്യം കണ്ട് വയറു നിറഞ്ഞു... പത്ര, ദ്യശ്യ മാധ്യമങ്ങളില്‍ കോടിക്കണക്കിനു രൂപയുടെ പരസ്യം നല്‍കി ഖജനാവ് കാലിയാക്കുമ്പോള്‍ ദുരിതത്തിലായി അനേകായിരം പാവങ്ങള്‍

സര്‍ക്കാര്‍ കോടിക്കണക്കിനു രൂപയുടെ പത്ര, ദ്യശ്യ മാധ്യമങ്ങള്‍ പരസ്യങ്ങള്‍ നല്‍കി ഖജനാവ് കാലിയാക്കുമ്പോള്‍ പതിനായിരക്കണക്കിനാളുകള്‍ ക്ഷേമപെന്‍ഷന്‍ പോലും യഥാസമയം കിട്ടാതെ നരകയാതന അനുഭവിക്കുന്നു.
പരസ്യങ്ങള്‍ അച്ചടിച്ച് വരുന്ന പത്ര മാധ്യമങ്ങളിലെ വിരമിച്ച ആയിരകണക്കിന് ജീവനക്കാര്‍ തങ്ങള്‍ക്ക് പെന്‍ഷന്‍ കിട്ടിയിട്ട് മാസങ്ങളായെന്ന് പത്രപ്രസ്താവന നല്‍കുന്ന ഘട്ടം വരെയെത്തി നില്‍ക്കുന്നു കാര്യങ്ങള്‍.
പരിസ്ഥിതി ദിനമായ തിങ്കളാഴ്ചയും കോടികള്‍ ചെലവഴിച്ചാണ് പരസ്യം നല്‍കിയിരിക്കുന്നത്. ഒട്ടുമിക്ക പത്രങ്ങളിലും ഒന്നാം പേജില്‍ മുഴുവന്‍ പേജ് പരസ്യമുണ്ട്. 25 കോടിയെങ്കിലും മുടക്കാതെ ഇത്തരത്തില്‍ പരസ്യം നല്‍കാനാവില്ല. പരിസ്ഥിതി ദിനത്തിന്റെ പരസ്യം ദൃശ്യമാധ്യമങ്ങളില്‍ വരാന്‍ തുടങ്ങിയിട്ട് ആഴ്ചകളായി.
വി എസ് സര്‍ക്കാരാണ് ഇത്തരത്തിലുള്ള പരസ്യകാമ്പയിന് തുടക്കമിട്ടത്. എന്നാല്‍ അന്ന്പത്രങ്ങളുടെയും മറ്റ് മാധ്യമങ്ങളുടെയും പിന്തുണ വിഎസിനുണ്ടായിരുന്നു. അതു കൊണ്ടു തന്നെയാണ് അദ്ദേഹം നിസാര വോട്ടിന് ഉമ്മന്‍ ചാണ്ടിയോട് പരാജയപ്പെട്ടത്.
തിങ്കളാഴ്ചത്തെ പത്രങ്ങളില്‍ തന്നെ സെന്‍കുമാറുമായി പിണറായി അതീവ സൗഹൃദത്തോടെ സംസാരിക്കുന്ന ഒരു ചിത്രം വന്നിട്ടുണ്ട്. വയനാട്ടിലെ ഒരു ചടങ്ങിനിടെയായിരുന്നു സംഭവം. ഇത് പിണറായിയുടെ ഇമേജിലുണ്ടാക്കിയ വര്‍ധനവ് 25 കോടിയുടെ പരസ്യം കൊണ്ട് സാധിച്ചിട്ടില്ല. ഇത്തരത്തില്‍ വൈരാഗ്യമില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു മുഖ്യമന്ത്രിയെയാണ് കേരളം പ്രതീക്ഷിക്കന്നത്. അതിനെയാണ് കേരളം കാംക്ഷിക്കുന്നതും.
പലപ്പോഴും മുഖ്യമന്ത്രി അറിഞ്ഞിട്ടല്ല പി ആര്‍.ഡിയുടെ നയങ്ങള്‍ തീരുമാനിക്കുന്നത്. അത് ഉദ്യോഗസ്ഥ തലത്തിലെ തീരുമാനങ്ങളാണ്. എന്നിരുന്നാലും ഒരു വര്‍ഷം മാത്രം പ്രായമുള്ള ഒരു സര്‍ക്കാര്‍ ഇത്തരത്തില്‍ ദുര്‍വ്യയം നടത്തിയാല്‍ അത് സര്‍ക്കാരിന് ദോഷം ചെയ്യും. പരസ്യങ്ങളല്ല സര്‍ക്കാരിന്റെ വിശ്വാസ്യത ഊട്ടി ഉറപ്പിക്കുന്നത്. പ്രവര്‍ത്തനങ്ങളാണ്.
പരസ്യം നല്‍കിയാല്‍ മാധ്യമങ്ങള്‍ സഹായിക്കും എന്നൊരു ധാരണ ഭരണ കര്‍ത്താക്കള്‍ക്കുണ്ട്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ ഏറ്റവുമധികം പരസ്യങ്ങള്‍ വന്നത് കാരുണ്യ ഭാഗ്യക്കുറിയിലാണ്. എന്നാല്‍ പ്രതിസന്ധി ഘട്ടത്തില്‍ ഒരു മാധ്യമം പോലും കെ.എം.മാണിയെ സഹായിച്ചില്ല. പാലം കടക്കുവോളം നാരായണ, പാലം കടന്നാല്‍ കൂരായണ.
പത്രങ്ങളിലെ വര്‍ണ പരസ്യങ്ങള്‍ കണ്ട് ജനത്തിന്റെ കണ്ണ് മഞ്ഞളിക്കുമെന്നു പറയുന്നതും തെറ്റാണ്. ക്ഷേമ പെന്‍ഷനുകള്‍ മാസങ്ങളായി മുടങ്ങിയിരിക്കുകയാണ്. പണമില്ലെന്നാണ് വ്യാഖ്യാനം. പക്ഷേ പരസ്യം നല്‍കാന്‍ പണമുണ്ട്.
https://www.facebook.com/Malayalivartha



























