പതിറ്റാണ്ടുകള്‍ കാട്ടിലുപേക്ഷിച്ചിട്ടും മാലിന്യമിട്ടു മൂടിയിട്ടും ഭൂമിയമ്മ കാത്തുവച്ച സ്‌നേഹത്തിന്റെ നീരുറവ അത്ഭുതമാകുന്നു

സായിപ്പിന്റെ അത്ഭുതക്കിണര്‍ നൂറ്റാണ്ടിനിപ്പുറം വീണ്ടും ജനിക്കുന്നു. കല്‍ക്കരിയില്‍ പുകഞ്ഞെത്തുന്ന തീവണ്ടികളുടെയും യാത്രക്കാരുടെയും ദാഹമകറ്റിയ കിണര്‍ 115 വര്‍ഷത്തിനുശേഷം വീണ്ടും വെള്ളം ചുരത്തുന്നു. പതിറ്റാണ്ടുകള്‍ കാട്ടിലുപേക്ഷിച്ചിട്ടും മാലിന്യമിട്ടു മൂടിയിട്ടും ഭൂമിയമ്മ കാത്തുവച്ച സ്‌നേഹത്തിന്റെ ഈ നീരുറവയാണു പരിസ്ഥിതി ദിനത്തിന്റെ അദ്ഭുതം.
1902ല്‍ ഇന്ത്യന്‍ റെയില്‍വേ തൃശൂരില്‍ എത്തിയ കാലത്തു തീവണ്ടിയിലും റെയില്‍വേ സ്‌റ്റേഷനിലും ആവശ്യത്തിനു വെള്ളമെത്തിക്കാന്‍ സായിപ്പ് പണിയിച്ചതാണ് ഈ കൂറ്റന്‍ കിണര്‍. വക്കത്ത് സ്ഥാപിച്ച പ്രത്യേകതരം ഹാന്‍ഡ് പമ്പ് എന്‍ജിനീയറിങ് വിസ്മയമാണ്. സായിപ്പു നാടുവിട്ടിട്ടും ഈ കിണര്‍ ഏറെക്കാലം റെയില്‍വേ സ്‌റ്റേഷനില്‍ വെള്ളമെത്തിച്ചു. പിന്നീടു പീച്ചിയില്‍നിന്നു വെള്ളമെത്തിയപ്പോള്‍ നാം ചെറുതായി അഹങ്കരിച്ചു. ഈ കിണര്‍ മാലിന്യത്തിനും കാടിനുമായി വിട്ടുകൊടുത്തു.
ഇക്കഴിഞ്ഞ വരള്‍ച്ചാക്കാലമായിരുന്നു കാലത്തിന്റെ മറുപടി. റെയില്‍വേ സ്‌റ്റേഷനില്‍ ജലക്ഷാമം രൂക്ഷമായി. ആലുവയില്‍നിന്നു വെള്ളമെത്തിച്ചാണു പല ദിവസവും കാര്യങ്ങള്‍ നടത്തിയത്.വരള്‍ച്ച കണ്ണുതുറപ്പിച്ചപ്പോഴാണു റെയില്‍വേയുടെ പരിസരത്തെ ആ 'പൊട്ടക്കിണര്‍' കാഴ്ചയിലേക്കു വരുന്നത്. സ്്‌റ്റേഷന്‍ മാനേജര്‍ ജോസഫ് നൈനാനും ആര്‍ക്കിടെക്ട് എം.എം.വിനോദും ചേര്‍ന്നാണു വിവരം മന്ത്രി വി.എസ്.സുനില്‍കുമാറിന്റെ ശ്രദ്ധയില്‍ പെടുത്തുന്നത്.കിണര്‍ കണ്ടയുടന്‍ ആ മുറ്റത്തുനിന്നു മന്ത്രി പ്രഖ്യാപിച്ചു. ഹരിതകേരളം പദ്ധതിയിലുള്‍പ്പെടുത്തി നവീകരിക്കും. അന്ന് അനുവദിച്ച 23 ലക്ഷം രൂപകൊണ്ടു കിണര്‍ നവീകരിക്കുന്ന ജോലി പൂര്‍ത്തിയാവാറായി.
കരിങ്കല്‍ കീറിയെടുത്തു കെട്ടിപ്പൊക്കിയതാണ് ഈ കിണര്‍. ഒരു നൂറ്റാണ്ടിനിപ്പുറവും ഉടവു തട്ടാത്ത ഈ കിണറിന് ഇന്ത്യന്‍ നാഷനല്‍ ട്രസ്റ്റ് ഫോര്‍ ആര്‍ട് ആന്‍ഡ് കള്‍ചറല്‍ ഹെറിറ്റേജ് (ഇന്‍ടാക്) ഇന്ന് ആദരം സമര്‍പ്പിക്കും. കിണറിന്റെ വക്കത്ത് സ്ഥാപിച്ചിരിക്കുന്ന 115 വര്‍ഷം പഴക്കമുള്ള ഹാന്‍ഡ് പമ്പ് നന്നാക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. ഭാവിയില്‍ വെള്ളം തേടി ഇനി ആലുവയ്ക്കു പോകേണ്ട: ഈ 'വയസന്‍' കിണറിന്റെ വാക്കാണിത്.
https://www.facebook.com/Malayalivartha


























