ഷൊര്‍ണൂര്‍ മണ്ഡലത്തില്‍ തിങ്കളാഴ്ച്ച നടത്താനിരുന്ന ബി.ജെ.പി ഹര്‍ത്താല്‍ മാറ്റി

ഷൊര്‍ണൂര്‍ നഗരസഭാ വാര്‍ഡുകളിലേക്കുള്ള ഫണ്ട് അനുവദിക്കുന്നതില്‍ വിഭാഗീയത ആരോപിച്ച് ഷൊര്‍ണൂര്‍ നിയോജകമണ്ഡല പരിധിയില്‍ ബി.ജെ.പി തിങ്കളാഴ്ച നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു. അതേസമയം, രണ്ട് മാസത്തിനകം ആരോപണം ഉന്നയിക്കപ്പെട്ട വാര്‍ഡുകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന ഭരണ സമിതി ഉറപ്പിന്‍മേല്‍ ഏഴ് ദിവസമായി ബി.ജെ.പി കൗണ്‍സിലര്‍മാര്‍ നടത്തുന്ന നിരാഹാരവും കുത്തിയിരിപ്പ് സമരവും പിന്‍വലിച്ചിട്ടുണ്ട്.
ബി ജെ പി നേതാക്കളായ എം.പി സതീഷ് കുമാര്‍, കെ പി.അനൂപ്, കെ.പരമേശ്വരന്‍ മാസ്റ്റര്‍, വി.എം.ഉണ്ണികൃഷ്ണന്‍, ഇ പി നന്ദകുമാര്‍ എന്നിവര്‍ ചെയര്‍പേഴ്‌സന്‍ വിമലടീച്ചര്‍, വൈസ് ചെയര്‍മാന്‍ സുനു എന്നിവരുമായി നടന്ന ചര്‍ച്ചയിലാണ് പ്രശ്‌ന പരിഹാരമായത്. പി.കെ.ശശി എം.എല്‍.എ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാര്‍ എന്നിവരും പ്രശ്‌ന പരിഹാരത്തിന് മുന്‍കൈയെടുത്തു.
ബി.ജെ.പി ശനിയാഴ്ച ഷൊര്‍ണൂരിലെ എല്ലാ റോഡുകളും ഉപരോധിച്ചിരുന്നു. ഏറെനേരം ഗതാഗതം തടസപ്പെട്ടതോടെ പൊലീസ് ഉപരോധം നടത്തിയവരെ അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് തിങ്കളാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നത്.
https://www.facebook.com/Malayalivartha


























