സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇനി ഉച്ചഭക്ഷണ പാചകത്തിന് വിറക് നിരോധിച്ചു; എല്‍.പി.ജി. നിര്‍ബന്ധമാക്കുന്നു

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണ പാചകത്തിനു വിറക് ഉപയോഗിക്കുന്നതു പൂര്‍ണമായും നിരോധിച്ചു. പാചകവാതകമായിരിക്കണം ഉപയോഗിക്കേണ്ടത്. എല്‍.പി.ജി. കണക്ഷനും അടുപ്പും വാങ്ങാന്‍ ഓരോ സ്‌കൂളിനും 5000 രൂപ വീതം സര്‍ക്കാര്‍ അനുവദിക്കും. ഗാര്‍ഹിക ഉപയോക്താക്കള്‍ക്കുള്ള അതേ നിരക്കിലായിരിക്കും സ്‌കൂളുകള്‍ക്കും എല്‍.പി.ജി. സിലിണ്ടര്‍ നല്‍കുക. വിറകു ലഭിക്കുന്നതിലെ ബുദ്ധിമുട്ടു കണക്കിലെടുത്തും വിറകിനായി മരങ്ങള്‍ മുറിക്കുന്നത് ഒഴിവാക്കാനുമാണ് പാചകവാതകം നിര്‍ബന്ധമാക്കിയത്. സ്‌കൂളുകളില്‍ എല്‍.പി.ജി. ഉപയോഗിക്കണമെന്നു കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയവും നിര്‍ദേശിച്ചിരുന്നു.
സബ്‌സിഡി നിരക്കില്‍ സിലിണ്ടര്‍ ലഭ്യമാക്കണമെന്ന് കേന്ദ്രം എണ്ണക്കമ്പനികള്‍ക്കു നിര്‍ദേശവും നല്‍കിയിരുന്നു. സ്‌കൂള്‍ പാചകശാലകള്‍ ആധുനികവല്‍ക്കരിക്കുക, പാചകത്തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുക എന്നിവയും നീക്കത്തിനു പിന്നിലുണ്ട്. ഗ്യാസ് കണക്ഷനും രണ്ട് സ്റ്റൗവും വാങ്ങാനാണ് 5000 രൂപ. ഉച്ചഭക്ഷണ പദ്ധതിയുള്ള മുഴുവന്‍ സ്‌കൂളുകളിലും എല്‍.പി.ജി കണക്ഷനെടുക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
എല്‍.പി.ജി ഉപയോഗിക്കുമ്പോള്‍ മതിയായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും നിര്‍ദേശമുണ്ട്. പാചകപ്പുരയില്‍ മതിയായ വെന്റിലേഷന്‍ സൗകര്യം ഏര്‍പ്പെടുത്തണം, സുരക്ഷിതമായും കുട്ടികള്‍ക്ക് അപകടം ഉണ്ടാകാന്‍ സാധ്യതയില്ലാത്ത തരത്തിലുമായിരിക്കണം ഗ്യാസ് സിലിണ്ടര്‍, ഗ്യാസ് സ്റ്റൗ എന്നിവ സൂക്ഷിക്കേണ്ടത്.
എല്‍.പി.ജി ഉപയോഗിക്കുന്നതു കണക്കാക്കിയാണ് ഈ വര്‍ഷത്തെ ഉച്ചഭക്ഷണത്തിനുള്ള കണ്ടിജന്റ് നിരക്ക് സര്‍ക്കാര്‍ പരിഷ്‌കരിച്ചത്. കുട്ടികള്‍ക്ക് എന്നും കഞ്ഞിയും പയറും മാത്രം നല്‍കിയാല്‍ പ്രഥമാധ്യാപകനേയും ചുമതലയുള്ള അധ്യാപകരേയും വകുപ്പുതല ശിക്ഷാനടപടിക്കു വിധേയരാക്കും. വൈവിധ്യമാര്‍ന്നതും പോഷക സമൃദ്ധവുമായ ഭക്ഷണമായിരിക്കണം കുട്ടികള്‍ക്ക് നല്‍കേണ്ടത്.
ഉച്ചഭക്ഷണം കഴിക്കുന്ന എല്ലാ കുട്ടികള്‍ക്കും ആഴ്ചയില്‍ ഒരു മുട്ടയും രണ്ടു തവണ പാലും നിര്‍ബന്ധമായും നല്‍കണം. മുട്ട കഴിക്കാത്തവര്‍ക്ക് അതേ വിലയ്ക്കുള്ള നേന്ത്രപ്പഴം നല്‍കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ഭക്ഷണം പാചകം ചെയ്യാനുള്ള വെള്ളത്തിന്റെ ശുചിത്വം ഉറപ്പാക്കാന്‍ ടാങ്കുകളിലെ വെള്ളം ലാബില്‍ പരിശോധനയ്ക്ക് വിധേയമാക്കണം. കുട്ടികള്‍ക്ക് നല്‍കുന്ന പാത്രങ്ങള്‍ ചൂടുവെള്ളത്തില്‍ കഴുകണം. ഉച്ചഭക്ഷണത്തിനു മുമ്പും ശേഷവും കുട്ടികളുടെ കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കണം. കുടിക്കാന്‍ തിളപ്പിച്ചാറിയ വെള്ളമാണ് നല്‍കേണ്ടത്.
ഇതിനായി തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സോളാര്‍ വാട്ടര്‍ ഹീറ്റര്‍ സ്ഥാപിക്കണമെന്നും സര്‍ക്കുലര്‍ പറയുന്നു. ഈ അധ്യയനവര്‍ഷം ഉച്ചഭക്ഷണം തയ്യാറാക്കുന്ന പാചകത്തൊഴിലാളികളുടെ കുറഞ്ഞ ഓണറേറിയം 400 രൂപയും പരമാവധി 475 രൂപയുമാണ്.
https://www.facebook.com/Malayalivartha


























