വിശ്വസിക്കാനാകാതെ മലയാളികള്‍... ഖത്തറിന്റെ ബന്ധം അറബ് രാജ്യങ്ങള്‍ ഉപേക്ഷിച്ചത് തിരിച്ചടിയാകുന്നത് മലയാളികള്‍ക്ക്; ഭീകര ബന്ധം ആരോപിച്ചതിനാല്‍ മറ്റ് രാജ്യങ്ങളും ഒറ്റപ്പെടുത്തും

ഖത്തറുമായുള്ള മലയാളികളുടെ ബന്ധം സ്വന്തം വീടു പോലെയാണ്. ദുബായിയെപ്പോലെ സര്‍വ സ്വതന്ത്ര്യത്തോടെ കഴിയാന്‍ പറ്റുന്ന ഇടം. എന്നാല്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം അറബ് രാജ്യങ്ങള്‍ ഉപേക്ഷിക്കുന്നു. സൗദിയും ബഹ്‌റൈനും യുഎഇയും ഈജിപ്തും വിച്ഛേദിച്ചു. ഗള്‍ഫ് സുരക്ഷ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഖത്തര്‍ സ്വീകരിക്കുന്ന നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചാണ് നീക്കം. ഖത്തര്‍ പൗരന്മാര്‍ക്ക് സൗദി വിടാന്‍ 14 ദിവസത്തെ സമയം അനുവദിച്ചു. ഉംറ തീര്‍ത്ഥാടനത്തിന് തടസ്സമുണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഖത്തറില്‍ നിന്ന് സൗദിയിലേക്കുള്ള എല്ലാ ഗതാഗതവും നിര്‍ത്തലാക്കി. ഖത്തറിലെ എംബസികളടച്ച രാജ്യങ്ങള്‍, തങ്ങളുടെ ജീവനക്കാരെ ഇവിടെനിന്നു പിന്‍വലിക്കുമെന്നും വ്യക്തമാക്കി. ഗള്‍ഫ് മേഖലയിലെ സുരക്ഷ ഖത്തര്‍ അസ്ഥിരമാക്കിയെന്ന് യുഎഇ പറഞ്ഞു. യെമനില്‍ പോരാട്ടം നടത്തുന്ന സഖ്യസേനയില്‍നിന്ന് ഖത്തറിനെ ഒഴിവാക്കിയതായി സൗദിയും വ്യക്തമാക്കി.
പതിനായിരക്കണക്കിന് മലയാളികളാണ് അവിടെ കഴിയുന്നത്. അറബ് രാജ്യങ്ങള്‍ ഭീകരവാദത്തിന്റെ പേരില്‍ ഖത്തറിനെ ഒറ്റപ്പെടുത്തുമ്പോള്‍ അമേരിക്കയുള്‍പ്പെടെ മറ്റ് രാജ്യങ്ങളും ഖത്തറിനെതിരെ നീങ്ങും. പക്ഷെ അവിടത്തെ ഇന്ത്യക്കാരുടെ കാര്യം ഓര്‍ത്ത് ഇന്ത്യ നയം മയപ്പെടുത്തും. മറ്റ് രാജ്യങ്ങളുടെ വിമാന സര്‍വീസ് മുടങ്ങുന്നതോടെ ഖത്തറിലേക്കുള്ള യാത്ര ദുഷ്‌കരമാകും. മറ്റ് അറബ് രാജ്യങ്ങളിലൂടെ വിമാനം പറത്താന്‍ അവരാരും സമ്മതിക്കില്ല. അവിടെ ബിസിനസ് നടത്തുന്ന മലയാളികളും കുടുംബ സമേതം താമസിക്കുന്ന മലയാളും ഇതിന്റെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരും.
മുസ്ലീംബ്രദര്‍ഹുഡ് ഉള്‍പ്പെടെയുള്ള ഭീകരസംഘടനകളെ ഖത്തര്‍ പിന്തുണക്കുന്നുവെന്നാണ് ഈ രാജ്യങ്ങള്‍ ആരോപിക്കുന്നത്. റിയാദ് അതിര്‍ത്തികളെല്ലാം അടച്ചതായി സൗദി സ്‌റ്റേറ്റ് ന്യൂസ് ഏജന്‍സിയായ എസ്പിഎ അറിയിച്ചു. ഈജിപ്തും വായുജലഗതാഗതങ്ങള്‍ അടച്ചു. ഖത്തറിലേക്കുള്ള വ്യോമ, നാവിക ഗതാഗതസംവിധാനങ്ങള്‍ അവസാനിപ്പിക്കുകയാണെന്നും നാലു രാജ്യങ്ങളും പറഞ്ഞു.
ഗതാഗതം അവസാനിപ്പിക്കുന്നത് ഖത്തര്‍ എയര്‍വെയ്‌സ് സര്‍വീസിനെയും ഗുരുതരമായി ബാധിക്കും. അതേസമയം, ഇക്കാര്യത്തില്‍ ഖത്തറിന്റെ പ്രതികരണം ഇതുവരെയും എത്തിയിട്ടില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ രാജ്യങ്ങളുമായുള്ള ഭിന്നത രൂക്ഷമായിരുന്നു. ട്രംപിന്റെ സൗദി സന്ദര്‍ശനവുമായി ബന്ധപ്പെട്ട സാഹചര്യത്തിലാണ് ഇത് കൂടുതല്‍ മൂര്‍ച്ഛിച്ചത്. നേരത്തെ ഇതുസംബന്ധിച്ച ചില വാര്‍ത്തകള്‍ ഖത്തര്‍ വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നുവെങ്കിലും, ഏജന്‍സി ഹാക്ക് ചെയ്യപ്പെട്ടതുകൊണ്ടാണ് തെറ്റായ വാര്‍ത്ത പ്രചരിച്ചത് എന്നായിരുന്നു ഖത്തര്‍ നല്‍കിയ ഔദ്യോഗിക വിശദീകരണം. എങ്കിലും അതിനെ തുടര്‍ന്ന് കുവൈത്തിന്റെ മധ്യസ്ഥതയില്‍ ചില ചര്‍ച്ചകള്‍ നടന്നിരുവെങ്കിലും അത് ഫലം കണ്ടില്ല. തുടര്‍ന്നാണ് ഈ രാജ്യങ്ങള്‍ ഖത്തറുമായുള്ള എല്ലാ നയതന്ത്രബന്ധങ്ങളും വിച്ഛേദിക്കുകയാണെന്ന പ്രഖ്യാപനം അല്‍പ സമയം മുമ്പുണ്ടായിരിക്കുന്നത്.
യമന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ഖത്തര്‍ പരോക്ഷമായിട്ടെങ്കിലും പിന്തുണ നല്‍കുന്ന ഒരു സാഹചര്യമുണ്ടെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. തീവ്രവാദ സംഘടനകളെ ഖത്തര്‍ പ്രത്യക്ഷമായും പരോക്ഷമായും സഹായിക്കുന്നുവെന്നതാണ് നയതന്ത്രബന്ധം വിച്ഛേദിക്കാനുള്ള കാരണമായി സൗദി ഉത്തരവില്‍ പറയുന്നത്. ഈ ഒരു സാഹചര്യത്തില്‍ ഖത്തറുമായുള്ള ബന്ധം തുടര്‍ന്നും നിലനിറുത്തുക എന്നത് ബുദ്ധിമുട്ടാണെന്നും ഉത്തരവിലുണ്ട്. നയതന്ത്രബന്ധം മാത്രമല്ല, ഖത്തറുമായി പുറമെയുള്ള ബന്ധം നിലനിറുത്തുക അസാധ്യമാണെന്നും ഈ രാജ്യങ്ങള്‍ വ്യക്തമാക്കുന്നു.
വലിയ തോതിലുള്ള ഒരു അകല്‍ച്ചയാണ് ഗള്‍ഫ് രാജ്യങ്ങള്‍ തമ്മില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. മറ്റ് ഗള്‍ഫ് രാജ്യങ്ങളായ കുവൈത്തും ഒമാനും മറ്റും ഒരു തരത്തിലുള്ള അനുരജ്ഞന ചര്‍ച്ചകളും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഖത്തറിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഇതുസംബന്ധിച്ച് യാതൊരു പ്രതികരണവും പുറത്തുവന്നിട്ടില്ല. സൗദി സഖ്യസേനയുടെ നേതൃത്വത്തില്‍ യമനില്‍ യുദ്ധം തുടരുകയാണ്. ഖത്തറും അതിന്റെ ഭാഗമാണ്. ഖത്തറിനെ അതില്‍ നിന്ന് മാറ്റിക്കൊണ്ടുള്ള ഉത്തരവും പുറത്തുവിട്ടിട്ടുണ്ട്. നേരത്തെ നയതന്ത്ര ബന്ധം വിച്ഛേദിക്കുന്നതിന്റെ ഭാഗമായി നയതന്ത്രഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുക മാത്രമാണ് നേരത്തെ ഈ രാജ്യങ്ങള്‍ ചെയ്തത്. എന്നാല്‍ ഇപ്പോള്‍ വലിയ വ്യാപ്തിയിലേക്കാണ് ഈ അകല്‍ച്ച വ്യാപിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha


























