ഇ.എസ്.ഐ ആനുകൂല്യത്തിന് പുതിയ നിബന്ധന, തൊഴിലാളികള്‍ക്ക് ഇരുട്ടടിയാകുന്നു

ഇ.എസ്.ഐ പദ്ധതിയില്‍ അംഗങ്ങള്‍ക്ക് സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രികളില്‍ ചികിത്സാ ആനുകൂല്യം നല്‍കുന്നതിന് കേന്ദ്രം ഏര്‍പ്പെടുത്തിയ പുതിയ വ്യവസ്ഥകള്‍ തൊഴിലാളികള്‍ക്ക് ഇരുട്ടടിയാകുന്നു. രോഗം നിര്‍ണയിക്കുന്നതിന് തൊട്ടുമുമ്പുള്ള രണ്ടു വര്‍ഷത്തില്‍ 178 ഹാജര്‍ പൂര്‍ത്തിയാക്കുന്നവര്‍ക്കേ ആനുകൂല്യങ്ങള്‍ നല്‍കേണ്ടതുള്ളൂവെന്നാണ് പുതിയ നിര്‍ദേശം. രണ്ടു വര്‍ഷമെന്നത് ആറു മാസം വീതമുള്ള നാല് പങ്കാളിത്ത സമയപരിധികള്‍ (കോണ്‍ട്രിബ്യൂട്ടറി പീരിയഡ്) ഉള്‍പ്പെടുന്നതാണ്. ഇതില്‍ രണ്ട് പങ്കാളിത്ത സമയപരിധികളില്‍ 178 ന്റെ നേര്‍ പകുതിയോളം ഹാജരുണ്ടാകണമെന്നതാണ് മറ്റൊരു വ്യവസ്ഥ.
കശുവണ്ടി പോലുള്ള സീസണ്‍ വ്യവസായ മേഖലകളില്‍ പണിയെടുക്കുന്നവരെ പുതിയ തീരുമാനം പ്രതികൂലമായി ബാധിക്കും. ഫാക്ടറി അടച്ചിടലോ തൊഴില്‍ദിനങ്ങളുടെ കുറവോ സംഭവിച്ചാല്‍ ചികിത്സ നിഷേധിക്കപ്പെടും. കേരളത്തില്‍ ഇ.എസ്.ഐ പരിരക്ഷയുള്ള എട്ടുലക്ഷം തൊഴിലാളികളെയും അവരുടെ കുടുംബാംഗങ്ങളെയുമാണ് പുതിയ ഉത്തരവ് പ്രതികൂലമായി ബാധിക്കുക.
ചികിത്സാ ആനുകൂല്യത്തിനുള്ള ഹാജറിനായി പരിഗണിക്കുന്ന രണ്ടു വര്‍ഷം ശാരീരികവൈഷമ്യങ്ങള്‍ കാരണം തൊഴിലാളിക്ക് ജോലിക്കെത്താന്‍ കഴിയണമെന്നില്ല. ഇതൊന്നും ഇ.എസ്.ഐ കോര്‍പറേഷന്‍ പരിഗണിക്കുന്നില്ല. ഇ.എസ്.ഐയുടെ കീഴിലെ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രികള്‍ക്ക് പുറമേ ഇ.എസ്.ഐ എംപാനല്‍ ചെയ്തിട്ടുള്ള സ്വകാര്യ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രികളും ഹാജര്‍ എണ്ണത്തിന്റെ പേരില്‍ തൊഴിലാളികള്‍ക്ക് നേരെ വാതിലടയ്ക്കുകയാണ്.
തൊഴിലാളിവിരുദ്ധ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് തൊഴില്‍ മന്ത്രി ടി. പി. രാമകൃഷ്ണന്‍ കേന്ദ്രത്തിന് കത്തയച്ചെങ്കിലും അനുകൂല മറുപടി ലഭിച്ചിട്ടില്ല. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളെ സഹായിക്കാനാണ് പുതിയ വ്യവസ്ഥകള്‍ കൊണ്ടുവന്നതെന്ന ആക്ഷേപം ശക്തമാവുകയാണ്.
https://www.facebook.com/Malayalivartha


























