മാസങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ടെക്‌നോപാര്‍ക്കില്‍ ബിയര്‍ പാര്‍ലര്‍ ഒരുങ്ങുന്നു

കഴക്കൂട്ടം ടെക്‌നോപാര്‍ക്ക് വളപ്പിലെ ക്ലബ് ഹൗസില്‍ ബിയര്‍ പാര്‍ലര്‍ തുടങ്ങാന്‍ അനുമതി വേണമെന്ന ആവശ്യത്തില്‍ കെ.ടി.ഡി.സിയും തലസ്ഥാന നഗരസഭയും തമ്മില്‍ നടന്ന പോരില്‍ കെ.ടി.ഡി.സിക്ക് ജയം. മദ്യശാലകള്‍ തുടങ്ങാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി (എന്‍ഒസി) വേണമെന്ന വ്യവസ്ഥ മാറ്റികൊണ്ടുള്ള ഓര്‍ഡിനന്‍സ് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചതോടെയാണ് കെ.ടി.ഡി.സി ടെക്‌നോപാര്‍ക്ക് വളപ്പില്‍ ബിയര്‍ പാര്‍ലര്‍ ആരംഭിക്കാന്‍ ഒരുങ്ങുന്നത്. ഇതോടെ കഴിഞ്ഞ ആറ് മാസത്തിലേറെയായി നഗരസഭയും കെ.ടി.ഡി.സിയും തമ്മില്‍ നടന്ന തര്‍ക്കത്തിനാണ് സമാപ്തിയാകുന്നത്. ബിയര്‍ പാര്‍ലര്‍ എന്ന് തുറക്കാം എന്നത് സംബന്ധിച്ച് കെ.ടി.ഡി.സി ചര്‍ച്ച ചെയ്യും. തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് കെ.ടി.ഡി.സി വൃത്തങ്ങള്‍ സൂചിപ്പിച്ചു.
മാസങ്ങള്‍ നീണ്ട പോരാട്ടം
ആറു മാസം മുമ്പാണ് ടെക്‌നോപാര്‍ക്കിലെ താഴത്തെ നിലയില്‍ ടെക്‌നോ ക്ലബ് ഹൗസില്‍ പ്രവര്‍ത്തിക്കുന്ന 3000 ചതുരശ്ര അടിയിലുള്ള ഭക്ഷണശാലയോട് ചേര്‍ന്ന് ബിയര്‍ പാര്‍ലര്‍ തുടങ്ങുന്നതിന് അനുമതി ആവശ്യപ്പെട്ട് കെ.ടി.ഡി.സി നഗരസഭയെ സമീപിച്ചത്. തുടര്‍ന്ന് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നഗരസഭ വിശദമായി അന്വേഷണം നടത്തി. ഇരുപത്തിനാല് മണിക്കൂറും പ്രവൃത്തി സമയമായ ഇടമാണ് ടെക്‌നോപാര്‍ക്ക്. ഇവിടെ ജോലിചെയ്യുന്ന സ്ത്രീകളടക്കമുള്ളവര്‍ക്ക് ബിയര്‍പാര്‍ലര്‍ തുറക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്നത് കണക്കിലെടുത്താണ് നഗരസഭ അപേക്ഷ തള്ളിയത്. ബിയര്‍ പാര്‍ലറിന് അനുമതി നല്‍കാനാകില്ലെന്ന റിപ്പോര്‍ട്ട് നഗരസഭ കൗണ്‍സില്‍ യോഗത്തിലും അവതരിപ്പിച്ചിരുന്നു.
എന്നാല്‍, ഇതൊരു തരം സദാചാര പൊലീസിംഗാണെന്നാണ് പറഞ്ഞ് കെ.ടി.ഡി.സി നഗരസഭയെ ശക്തമായി വിമര്‍ശിച്ചിരുന്നു. തങ്ങള്‍ക്ക് അനുകൂലമായ തീരുമാനമുണ്ടാകും വരെ നടപടിയുമായി മുന്നോട്ടുപോകാനും കെ.ടി.ഡി.സി തീരുമാനിച്ചിരുന്നു. പുതിയ ഓര്‍ഡിനന്‍സ് പ്രകാരം ബിയര്‍ പാര്‍ലര്‍ തുടങ്ങാന്‍ കെ.ടി.ഡി.സിക്ക് എക്‌സൈസിന്റെ അനുമതി മാത്രം മതിയാകും. കഴക്കൂട്ടത്തുതന്നെ പൊലീസ് സ്‌റ്റേഷന് അടുത്തായി കെ.ടി.ഡി.സിയുടെ ഒരു ബിയര്‍ പാര്‍ലര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ ജനുവരിയില്‍ കെ.ടി.ഡി.സി ടെക്‌നോപാര്‍ക്കില്‍ ഭക്ഷണശാല ആരംഭിച്ചിരുന്നു.
https://www.facebook.com/Malayalivartha


























