നടിക്ക് നേരെയുള്ള ആക്രമണം വിവാദങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ പുറത്തുവരുന്നത് മലയാളത്തിലെ മുന്‍ നിര താരങ്ങളുടെ പേരുകള്‍

യുവനടിയെ തട്ടിക്കൊണ്ടുപോയി അക്രമം കാണിച്ച സംഭവത്തില്‍ മലയാള സിനിമയുമായി ബന്ധപ്പെട്ട പുതിയ പേരുകളും പുറത്തു വരുന്നു. കേസിലെ പ്രതികളും ആരോപണ വിധേയരുമാണു പുതിയ പേരുകള്‍ പറയുന്നത്. മറ്റു ക്രിമിനല്‍ കേസുകളില്‍ പ്രതിയും പള്‍സര്‍ സുനിയുടെ സഹതടവുകാരനാനുമായ വിഷ്ണുവാണു കേസുമായി മറ്റു സിനിമാ പ്രവര്‍ത്തകരെ ബന്ധിപ്പിക്കുന്നത്.
നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതു നടന്‍ ദിലീപാണെന്നു പൊലീസിനോടും മാധ്യമങ്ങളോടും വെളിപ്പെടുത്താന്‍ പള്‍സള്‍ സുനിക്കു വന്‍തുക വാഗ്ദാനം ചെയ്തതായാണു വിഷ്ണുവിന്റെ വെളിപ്പെടുത്തല്‍. നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി, അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ എന്നിവരോടാണു വിഷ്ണു ഇക്കാര്യം ഫോണില്‍ പറഞ്ഞത്.
എന്നാല്‍, വിഷ്ണുവിനെ നേരില്‍ കണ്ടിട്ടില്ലെന്നു നാദിര്‍ഷ പറഞ്ഞു. അപ്പുണ്ണിയോടും നാദിര്‍ഷായോടും എട്ടു തവണ വിഷ്ണു ഫോണില്‍ സംസാരിച്ചിട്ടുണ്ട്. അതിന്റെ റെക്കോര്‍ഡ് ദിലീപ് പരാതിക്കൊപ്പം പൊലീസിനു നല്‍കി. കേസിന്റെ നടത്തിപ്പിനായി ദിലീപ് പണം നല്‍കണമെന്നും അല്ലെങ്കില്‍ മലയാള സിനിമയിലെ ഒരു നടി, നടന്‍, നിര്‍മ്മാതാവ് എന്നിവര്‍ നിര്‍ദേശിച്ച പ്രകാരം ദിലീപിന്റെ പേരു പള്‍സര്‍ സുനി പൊലീസിനോടു വെളിപ്പെടുത്തുമെന്നുമാണു വിഷ്ണു പറഞ്ഞത്. വിഷ്ണുവിനെ ദിലീപിനു പരിചയപ്പെടുത്തുന്ന പള്‍സര്‍ സുനിയുടെ കത്തും പുറത്തുവന്നിട്ടുണ്ട്.
വിഷ്ണുവും സുനിയുമായി ജയിലില്‍ പരിചയപ്പെട്ടതിനും അടുപ്പത്തിലായതിനും തെളിവുണ്ട്. ഈ സാഹചര്യത്തില്‍ പള്‍സര്‍ സുനിയുടെ നിര്‍ദേശ പ്രകാരമാണു വിഷ്ണു നീങ്ങുന്നതെന്നാണു പൊലീസിന്റെ നിഗമനം. എന്നാല്‍, ദിലീപിനു പിന്നാലെ മലയാള സിനിമയിലെ മറ്റു ചില മുന്‍നിര കലാകാരന്മാരുടെ പേരുകളും സംഭവത്തിലേക്ക് കൊണ്ടുവരുന്നതു സിനിമാലോകത്ത് അങ്കലാപ്പുണ്ടാക്കിയിട്ടുണ്ട്. മലയാള സിനിമാരംഗത്ത് അടുത്ത കാലത്തു രൂപപ്പെട്ട ചേരിതിരിവുകളും കുടിപ്പകയുമാണ് നടിയെ ആക്രമിച്ച സംഭവത്തിനും അനുബന്ധ ആരോപണങ്ങള്‍ക്കും വഴിയൊരുക്കിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
എറണാകുളം ജില്ലാ ജയിലിന്റെ മുദ്രയോടു കൂടിയ പേപ്പറില്‍ പള്‍സര്‍ സുനി എഴുതിയതായി പറയുന്ന കത്തിന്റെ യഥാര്‍ഥ കോപ്പി ആരും കണ്ടിട്ടില്ല. കത്തെഴുതിയതു സുനിയാണെങ്കില്‍, അതില്‍ പറയുന്ന പ്രകാരം ഈ കത്ത് സഹതടവുകാരനായ വിഷ്ണുവിന്റെ പക്കലുണ്ട്. ഈ കത്ത് ദിലീപിന്റെ കൈവശം എത്തിയിട്ടില്ല. എന്നാല്‍ കത്തിന്റെ ഫോട്ടോ ദിലീപിന്റെ ഡ്രൈവറുടെ വാട്‌സാപ്പില്‍ ലഭിക്കുകയും ചെയ്തു. മറ്റൊരു കേസില്‍ പ്രതിയായി ജയിലില്‍ പള്‍സറിനൊപ്പം കഴിഞ്ഞ വിഷ്ണു ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷമാണു നാദിര്‍ഷായെയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും ഫോണില്‍ വിളിക്കുന്നത്.
എന്നാല്‍ വിഷ്ണുവാണോ വിളിച്ചതെന്ന് ഉറപ്പില്ലാത്തിനാല്‍ അയാളെ ചോദ്യം ചെയ്താല്‍ മാത്രമേ നിജസ്ഥിതി പുറത്തുവരൂ. കേസില്‍ തന്നെ കുടുക്കാന്‍ മലയാള സിനിമയിലെ ചില പ്രധാന വ്യക്തികള്‍ ശ്രമിക്കുന്നതായുള്ള വിഷ്ണുവിന്റെ വെളിപ്പെടുത്തല്‍ വിശ്വസിക്കുന്നില്ലെന്നാണു ദിലീപിന്റെ നിലപാട്. ഇതെക്കുറിച്ചൊക്കെ പൊലീസ് അന്വേഷിക്കണമെന്നു ദിലീപും നാദിര്‍ഷായും ആവശ്യപ്പെടുന്നു.
കുറ്റപത്രം സമര്‍പ്പിച്ച കേസ് കീഴ്‌മേല്‍ മറിയുന്ന സംഭവ വികാസങ്ങളില്‍ പകച്ചു നില്‍ക്കുകയാണ് പൊലീസ്. പ്രതികളെയും ആരോപണ പ്രത്യാരോപണങ്ങള്‍ നേരിടുന്നവരെയും ഫലപ്രദമായി ചോദ്യം ചെയ്തു വിവരങ്ങള്‍ ഉറപ്പിക്കാന്‍ പൊലീസിനു കഴിഞ്ഞില്ലെങ്കില്‍ വിചാരണയില്‍ പ്രതികള്‍ക്കു ഗുണം ചെയ്യുമെന്നു നിയമ വിദഗ്ധര്‍ പറയുന്നു.
https://www.facebook.com/Malayalivartha

























