ശബരിമലയിലെ കൊടിമരം കേടുവരുത്തിയ കേസില്‍ അഞ്ചുപേര്‍ പിടിയില്‍

ശബരിമലയിലെ അയ്യപ്പക്ഷേത്രസന്നിധില്‍ പ്രതിഷ്ഠിച്ച സ്വര്‍ണക്കൊടിമരത്തിനു കേടുപാടു വരുത്തിയതുമായി ബന്ധപ്പെട്ട് അഞ്ചുേപര്‍ കസ്റ്റഡിയില്‍. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആന്ധ്രാക്കാരായ ഇവരെ പിടികൂടിയത്. സംശയാസ്ദമായ രീതിയില്‍ മൂന്നുപേര്‍ കൊടിമരത്തിലേക്ക് എന്തോ ഒഴിക്കുന്നതായി ദൃശ്യങ്ങളിലുണ്ട്.
പമ്പ കെഎസ്ആര്‍ടിസി പരിസരത്തുനിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ ചോദ്യം ചെയ്യുന്നു. കൊടിമരത്തിന്റെ പഞ്ചവര്‍ഗത്തറയിലാണ് രാസവസ്തു ഒഴിച്ച് കേടുവരുത്തിയത്. ഈ രാസവസ്തു മെര്‍ക്കുറിയാണോ എന്നും സംശയമുണ്ട്. കസ്റ്റഡിയിലായവരില്‍നിന്ന് രാസവസ്തു കൊണ്ടുവന്നതായി സംശയിക്കുന്ന ഒരു ചെറിയ പെട്ടിയും കണ്ടെത്തിയിട്ടുണ്ട്.
രാസപദാര്‍ഥത്തിന്റെ ശക്തിയില്‍ കൊടിമരച്ചുവട്ടിലെ സ്വര്‍ണം ഉരുകിപ്പോയി. ഭക്തര്‍ക്കൊപ്പമെത്തിയ ആളാണ് രാസവസ്തു ഒഴിച്ചത്. പ്രതിഷ്ഠ പൂര്‍ത്തിയായതിന് തൊട്ടുപിന്നാലെയാണ് അതിക്രമം ഉണ്ടായത്. കൊടിമരനിര്‍മാണവുമായി ബന്ധപ്പെട്ട കുടിപ്പകയാണോ അതിക്രമത്തിനുപിന്നില്‍ എന്ന് സംശയമുണ്ടെന്ന് സന്നിധാനത്തുള്ള ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
ഇന്നുച്ചയ്ക്ക് പ്രതിഷ്ഠ കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് ശബരിമലയിലെ കൊടിമരത്തില്‍ കേടുവരുത്തിയതായി കണ്ടെത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ദേവസ്വം ബോര്‍ഡ് പൊലീസ് മേധാവി ടി.പി. സെന്‍കുമാറിനു പരാതി കൈമാറി. കൊടിമരം കേടുവരുത്തിയത് മനഃപൂര്‍വമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു. പ്രതികളെ എത്രയും വേഗം അറസ്റ്റുചെയ്യാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
https://www.facebook.com/Malayalivartha

























