കൊടിമരം കേടുവരുത്തിയ സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന് പോലീസ്; പിടിയിലായവരില്‍ നിന്നും ദ്രാവകം അടങ്ങിയ കുപ്പികള്‍ കണ്ടെടുത്തു; ആചാരപരമായാണ് രസം ഒഴിച്ചത്

ശബരിമലയിലെ കൊടിമരം കേടുവരുത്തിയ സംഭവത്തില്‍ കൂടുതല്‍ വ്യക്തത. ഗൂഢാലോചനയില്ലെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ് എത്തിച്ചേര്‍ന്നത്. അതേസമയം ദേവസം ബോര്‍ഡിന്റേയും പോലീസിന്റേയും ഗുരുതരമായ വീഴ്ചയാണെന്ന നിഗമനമാണുള്ളത്.
കൊടിമരത്തില്‍ രാസവസ്തു തളിച്ച അഞ്ച് പേരാണ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലായത്. വിജയവാഡ സ്വദേശികളാണ് കസ്റ്റഡിയിലുള്ളത്. പഞ്ചവര്‍ഗ തറയില്‍ മെര്‍ക്കുറി ഒഴിച്ചാണ് കേടുപാട് വരുത്തിയത്. പിടിയിലായവരില്‍ നിന്നും ദ്രാവകം അടങ്ങിയ കുപ്പികള്‍ കണ്ടെടുത്തു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
കസ്റ്റഡിയിലുള്ള വിജയവാഡ സ്വദേശികളായ മൂന്നു പേരെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കുന്നതിനായി ആന്ധ്രാ പൊലീസിന്റെ സഹായം തേടാനും അന്വേഷണ സംഘം തീരുമാനിച്ചു. ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം ഫോറന്‍സിക് വിദഗ്ധരെത്തി കൊടിമരത്തില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ചു. കസ്റ്റഡിയിലുള്ള സത്യനാരായണ റെഡിയേയും സംഘത്തേയും പത്തനംതിട്ട എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത് വരികയാണ്. അട്ടിമറി സാധ്യതയില്ലെന്നാണ് പ്രാഥമിക നിഗമനമെങ്കിലും എല്ലാ വശവും പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം.ആചാരപരമായാണ് നവധാന്യങ്ങള്‍ക്കൊപ്പം രസം കൊടിമരത്തില്‍ തളിച്ചതാണെന്ന മൊഴിയാണ് സത്യനാരായണ റെഡ്ഡി നല്കിയിരിക്കുന്നത്.
ഇത്തരം ആചാരം ആന്ധ്രയിലുണ്ടെന്ന് കേരളാ പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഗൂഢാലോചനാ വാദം തള്ളുന്നത്. എന്നാല്‍ കൊടിമരത്തിന് സുരക്ഷ ഒരുക്കാന്‍ വലിയ വീഴ്ച പൊലീസിന് വന്നിട്ടുണ്ട്. ദേവസം ബോര്‍ഡും അലഭാവം കാട്ടി. അതുകൊണ്ടാണ് കൊടിമര പ്രതിഷ്ഠയുടെ ആദ്യ ദിനം തന്നെ ഇത്തരത്തിലൊരു സംഭവം നടന്നത്. ആര്‍ക്കും എന്തും എവിടേയും ശബരിമലയില്‍ തളിക്കാമെന്നാണ് അവസ്ഥ. ഇതാണ് ഈ സംഭവവും തെളിയിക്കുന്നത്. ഇത് വിവാദമായിട്ടുണ്ട്. അതിനിടെ കേടുപാട് വന്ന ഭാഗം വീണ്ടും സ്വര്‍ണം പൂശി നേരെയാക്കി. ആദ്യ ദിവസം തന്നെ ഇത്തരത്തിലൊരു സംഭവം നടന്നത് അശുഭകരമാണെന്നാണ് വിശ്വാസികളുടെ പക്ഷം.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ശബരിമലയില്‍ പുനഃപ്രതിഷ്ഠ ചടങ്ങുകള്‍ നടന്നത്. ഇതിനു ശേഷം ഉച്ചപൂജ സമയത്ത് ഉള്‍പ്പെടെ വന്‍ തിരക്കായിരുന്നു അനുഭവപ്പെട്ടിരുന്നത്. ഇതിനിടയില്‍ എപ്പോഴോ ആണ് നിര്‍ഭാഗ്യകരമായ സംഭവം ഉണ്ടായിരിക്കുന്നത്. സത്യനാരായണ റെഡ്ഡിയും സംഘവും കഴിഞ്ഞ മൂന്നു ദിവസമായി സന്നിധാനത്ത് ഉണ്ടായിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊടിമരത്തിന്റെ കേടുപാട് സംഭവിച്ച ഭാഗത്തു നിന്നും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭിച്ച ശേഷം മറ്റു നടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
https://www.facebook.com/Malayalivartha

























